ദിലീപ് ഒന്നാം പ്രതിയായേക്കും

Wednesday 18 October 2017 11:36 pm IST

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ കുരുക്കു മുറുക്കി പോലീസ്. പുതിയ കുറ്റപത്രത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയേക്കും. നിലവില്‍ 11-ാം പ്രതിയാണ്. ഇന്ന് ചേരുന്ന യോഗത്തില്‍ അന്വേഷണസംഘം അന്തിമ തീരുമാനമെടുക്കും. കുറ്റകൃത്യത്തിന്റെ ആസൂത്രണത്തിനും ഗൂഢാലോചനയ്ക്കും നേതൃത്വം നല്‍കിയത് ദിലീപാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. അനുബന്ധ കുറ്റപത്രം ഈയാഴ്ച തന്നെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. നിലവില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് നടിയോട് വ്യക്തിവിരോധം ഉണ്ടായിരുന്നില്ലെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍. ക്വട്ടേഷന്‍ ഏറ്റെടുത്ത പള്‍സര്‍ സുനി രണ്ടാം പ്രതിയാകും. ദിലീപിന്റെ ക്വട്ടേഷന്‍ സുനി നടപ്പാക്കി. നേരിട്ട് പങ്കുള്ള സുനിക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും ദിലീപിനെതിരെയും ചുമത്തി. കൂട്ട മാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, പ്രതിയെ സഹായിക്കല്‍ തുടങ്ങി ഐടി ആക്ട് വരെ ചുമത്തിയിട്ടുണ്ട്. ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ ദിലീപിനെതിരെ ശേഖരിച്ചു. കുറ്റസമ്മത മൊഴികള്‍, സാക്ഷി മൊഴികള്‍, സൈബര്‍ തെളിവുകള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, സാഹചര്യത്തെളിവുകള്‍ എന്നിവയും കുറ്റപത്രത്തില്‍ നിരത്തും. ഗായിക റിമി ടോമി, പള്‍സര്‍ സുനിയുടെ അമ്മ, സുനിയുടെ സഹതടവുകാരന്‍ തുടങ്ങി 15 പേരുടെ രഹസ്യമൊഴികളും കേസില്‍ നിര്‍ണായക തെളിവുകളാകും. എന്നാല്‍, ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. അന്വേഷണം തുടരുന്നുവെന്നും കോടതിയെ അറിയിക്കും. ഫോണ്‍ നശിപ്പിച്ചെന്ന അഭിഭാഷകരുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.