യോഹന്നാന് വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു

Wednesday 18 October 2017 2:17 pm IST

നെടുമങ്ങാട്: ടാര്‍പ്പോളിന്റെ തണലില്‍ക്കഴിയുന്ന യോഹന്നാന്റെ കുടുംബത്തിന് വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു. ആനാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി ക്ലബ്ബാണ് അഞ്ചുപേരടങ്ങുന്ന കുടുംബത്തിന് തണലേകാന്‍ മുന്നോട്ടു വന്നത്. ആനാട് വടക്കേല വട്ടവിള വീട്ടില്‍ യോഹന്നാനും കുടുംബത്തിനും വീടില്ലാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. അമ്പതുവര്‍ഷമായി കുടിലില്‍ കഴിയുന്ന കുടുംബത്തിന് ആവശ്യമായ രേഖകളില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പ്രായപൂര്‍ത്തിയായ രണ്ടുപെണ്‍മക്കളും ഒരാണ്‍കുട്ടിയും ഭാര്യയും വൃദ്ധമാതാവുമടങ്ങുന്ന കുടുംബം വര്‍ഷങ്ങളായി ടാര്‍പ്പ വലിച്ചുകെട്ടിയ കുടിലിലാണ് അന്തിയുറങ്ങിയിരുന്നത്. വെയിലും മഴയുമേറ്റ് ജീവിതം തള്ളിനീക്കിയ കുടുബത്തിനുവേണ്ടി ജില്ലാ പഞ്ചായത്തംഗം ആനാട് ജയന്റെ നേതൃത്വത്തിലാണ് വീട് നിര്‍മാണം നടക്കുന്നത്. ബിരുദവിദ്യാര്‍ഥിനി കെയ്‌സിയും ഒമ്പതാം ക്ലാസ്സുകാരി യമുനയും ഭയാശങ്കളോടെയാണ് ടാര്‍പ്പോളിന്‍ കെട്ടിയ വീട്ടില്‍ താമസിക്കുന്നത്. കിടപ്പാടത്തിന് ആവശ്യമായ രേഖ ഇല്ലാത്തതിനാല്‍ പഞ്ചായത്തില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ വീട് ലഭിച്ചില്ല. സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നവുമായി നിരവധിതവണ അധികൃതരെ സമീപിച്ചെങ്കിലും രേഖകളുടെ അപര്യാപ്തത ഇവര്‍ക്ക് വിലങ്ങുതടിയായി. ഇതുമനസിലാക്കിയാണ് പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ ഭാരവാഹികള്‍ യോഹന്നാന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്കാന്‍ മുന്‍കൈയ്യെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.