ലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം സുതാര്യമായിരുന്നില്ലെന്ന് യൂത്ത് ലീഗ്

Wednesday 18 October 2017 4:31 pm IST

മലപ്പുറം : വേങ്ങരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സുതാര്യമായല്ല നടന്നതെന്ന് യൂത്ത് ലീഗിന്റെ വിമര്‍ശനം. വേങ്ങരയില്‍ വോട്ട് ചോര്‍ന്നത് അതീവ ഗൌരവതരമാണെന്നും യൂത്ത് ലീഗ് വ്യക്തമാക്കി. പാര്‍ട്ടി ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തിരുത്തേണ്ടി വരുമെന്നും യൂത്ത് ലീഗ് വ്യക്തമാക്കി. മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ. ഖാദര്‍ വിജയിക്കുമെന്നായിരുന്നു ലീഗ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഫലം വന്നപ്പോള്‍ ഭൂരിപക്ഷം വെറും 23,310ല്‍ ഒതുങ്ങി. വേങ്ങരയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്. ഇതാണ് യൂത്ത് ലീഗിനെ ചൊടിപ്പിച്ചത്. വര്‍ഗീയതനിറഞ്ഞ പ്രചാരണക്കൊടുങ്കാറ്റില്‍ ആരു ജയിക്കുമെന്ന സിപിഎം, എസ്ഡിപിഐ, മുസ്ലിംലീഗ് സംഘടനകളുടെ അപകടകരമായ മത്സരത്തിനാണ് വേങ്ങര സാക്ഷ്യം വഹിച്ചത്. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളോ പ്രതിപക്ഷത്തിന്റെ നിലപാടുകളോ വിഷയമായില്ല. മുസ്ലിം മതവികാരം ആളിക്കത്തിക്കാനായിരുന്നു ഒളിഞ്ഞും തെളിഞ്ഞും ഈ പാര്‍ട്ടികള്‍ ശ്രമിച്ചത്.