ചൈന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

Wednesday 18 October 2017 7:54 pm IST

ബീജിങ്ങ്; കമ്മ്യൂണിസം സാര്‍വ്വദേശീയമാണെന്നും കമ്മ്യൂണിസ്റ്റുകള്‍ സാര്‍വ്വ ദേശീയതയുടെ വക്താക്കളാണെന്നുമാണ് പ്രചാരണം. എന്നാല്‍ ഇന്നലെ ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമിട്ട് പ്രസിഡന്റ് സീ ജിന്‍പിങ്ങ് നടത്തിയ പ്രസംഗത്തിലാകട്ടെ നിറഞ്ഞത് ദേശീയതയും. ചൈന, ചൈനീസ് സംസ്‌ക്കാരം ചൈനീസ് മതം എന്നൊക്കെയുള്ള വാക്കുകളായിരുന്നു പ്രസംഗത്തില്‍. ടിയാനെന്‍മെന്‍ സ്‌ക്വയറിലെ ഗ്രേറ്റ് ഹാളിലാണ്, അഞ്ചു വര്‍ഷത്തിനു ശേഷം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. രാജ്യസുരക്ഷ ഉറപ്പാക്കാന്‍ യത്‌നിക്കണമെന്നു പറഞ്ഞ സീ ജിന്‍പിങ്ങ് ചൈനയുടെ പരമാധികരം ഉയര്‍ത്തിപ്പിടിക്കാനും ജനങ്ങളെ ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കണം. ചൈനീസ് സംസ്‌ക്കാരത്തെ പുനരുജ്ജീവിപ്പിക്കണം, രാജ്യത്തിന് ചേരാത്ത ആശയങ്ങളും ആദര്‍ശങ്ങളും കടന്നുവരാതിരിക്കാന്‍ ശ്രദ്ധിക്കണം, ചൈനയില്‍ പിറവിയെടുത്ത മതത്തെ മാത്രമേ പ്രോല്‍സാഹിപ്പിക്കാവൂ, ജിന്‍പിങ്ങ് പറഞ്ഞു. ചൈനയെന്ന രാഷ്ട്രത്തെ പുനരുജ്ജീവിപ്പിക്കുകയെന്നാല്‍ ചെണ്ട കൊട്ടുകയും മണി മുഴക്കുകയും മാത്രമല്ല. രാജ്യത്തെ നവീകരിക്കാന്‍ പാര്‍ട്ടി കടുത്ത ദൗത്യങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. നൂറു കണക്കിന് പ്രതിനിധികളോട് അദ്ദേഹം പറഞ്ഞു. വലിയ സ്വപ്‌നം പൂവണിയാന്‍ വലിയ പ്രക്ഷോഭം വേണ്ടിവരും. അദ്ദേഹം പറഞ്ഞു. മൂന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ തന്റെ രാഷ്ട്രീയ സാമ്പത്തിക കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിച്ച പ്രസിഡന്റ് ചൈന കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും തുറന്നു സമ്മതിച്ചു. നമ്മുടെ സാമ്പത്തിക വളര്‍ച്ച താഴേക്കാണ്. ഉല്പ്പന്നങ്ങള്‍ക്ക് ആഗോളതലത്തിലെ ആവശ്യകത കുറഞ്ഞതാണ് കാരണം. ഇതു മൂലം ചൈനയുടെ കയറ്റുമതി മേഖല തന്നെ കടുത്ത വെല്ലുവിളി നേരിടുകയാണ്. മഹത്തായ രാജ്യം പുനരുജ്ജീവനത്തിന്റെ പാതയിലാണ്.അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ആത്മവിശ്വാസം വളര്‍ത്തേണ്ട സമ്മേളനത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചു. വരുമാനവും ചെലവും തമ്മിലുള്ള അന്തരം കൂടുന്നു, തൊഴിലില്ലായ്മ കൂടുന്നു, വൈദ്യ ശുശ്രൂഷാ രംഗത്തെ വെല്ലുവിളി തുടങ്ങിയ പ്രശ്‌നങ്ങൡലേക്ക് പ്രസിഡന്റ് ഇറങ്ങിച്ചെന്നില്ലെന്ന ആക്ഷേപവുമുണ്ട്. അലസതയും സുഖംതേടിയുള്ള പരക്കം പാച്ചിലും പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനുള്ള മടിയും അവസാനിപ്പിക്കാന്‍ പാര്‍ട്ടി അംഗങ്ങളെ ആഹ്വാനം ചെയ്ത പ്രസിഡന്റ് ചൈനയെ പിളര്‍ത്താനുള്ള നീക്കങ്ങളെ എതിര്‍ക്കാനും നിര്‍ദ്ദേശിച്ചു. പ്രസിഡന്റും പ്രധാനമന്ത്രിയും തുടരും സീ ജിന്‍പിങ്ങ് അധ്യക്ഷനായ ഏഴംഗ പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയാണ്് ചൈന ഭരിക്കുന്നത്. പ്രധാനമന്ത്രി ലീ കിയാങ്ങാണ് രണ്ടാമന്‍. ഈ സമ്മേളനത്തില്‍ പുതിയ ഭരണസമിതിയെ നിയോഗിക്കുമെങ്കിലും പ്രസിഡന്റ് സീ ജിന്‍പിങ്ങും പ്രധാനമന്ത്രി ലീ കിയാങ്ങും തുടരുമെന്നാണ് സൂചന. മറ്റ് അഞ്ച് അംഗങ്ങള്‍ മാറും. 40 മേഖലകളില്‍ നിന്നുള്ള 2287 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ഇവര്‍ 200 അംഗ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുക്കും. കേന്ദ്രക്കമ്മിറ്റി 25 അംഗ പോളിറ്റ് ബ്യൂറോയെ തെരഞ്ഞെടുക്കും. അവര്‍ ഏഴംഗ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.