ഭണ്ഡാരി വാദ്രയുടെ വലംകൈ

Thursday 19 October 2017 7:46 am IST

ന്യൂദല്‍ഹി; അന്ന് രണ്ടായിരാമാണ്ടിന്റെ ആദ്യം ദല്‍ഹി കൊണാട്ട് പ്‌ളേസിലെ പിതാവിന്റെ ഹോമിയോ ക്‌ളീനിക്ക് നോക്കിനടത്തുകയായിരുന്നു സഞ്ജയ് ഭണ്ഡാരിയെന്ന ചെറുപ്പക്കാരന്‍. നല്ല വിദ്യാഭ്യാസം, പണക്കാരായ, അധികാരത്തില്‍ സ്വാധീനമുള്ള കൂട്ടുകാര്‍, പണമുണ്ടാക്കാനുള്ള ആര്‍ത്തി, അതിന് എന്തും ചെയ്യാനുള്ള കടുത്ത മനസ്. ഇതൊക്കെയായിരുന്നു കൈമുതല്‍.അങ്ങനെ പതുക്കെ ബിസിനസില്‍ കൈവച്ചു. 40 വയസായപ്പോഴേക്കും കൈയില്‍ കുറച്ചുപണവും എത്തി. പണവുമായി 2002 മുതല്‍ 2007വരെ എണ്ണപ്രകൃതിവാതകവുമായി ബന്ധപ്പെട്ട് പണമിറക്കിക്കളിച്ചു. പൊളിഞ്ഞില്ല എങ്കിലും ലാഭം മെച്ചമായിരുന്നില്ല. 2008ലാണ് ശുക്രന്‍ തെളിഞ്ഞത്. ഭണ്ഡാരിയെ ദല്‍ഹിയി പ്രതിരോധ കോളനിയിലെ ഉന്നതരുമായി ഒരു വസ്തു ഇടപാടുകാരനാണ് പരിചയപ്പെടുത്തിയത്. അങ്ങനെ പ്രതിരോധ വകുപ്പിലെ ഉന്നതരുടെ സുഹൃത്തായി മാറി. പ്രതിരോധ വ്യവസായ രംഗത്ത് അറിയപ്പെടുന്ന ബിമല്‍ സരീനുമായി നല്ല സൗഹൃദമായി. 2010ല്‍ പ്രഗതി മൈതാനത്ത് നടന്ന പ്രതിരോധ പ്രദര്‍ശനത്തില്‍ ഭണ്ഡാരി ഒരു സ്റ്റാള്‍ ഇട്ടു. സ്റ്റാള്‍ ആകര്‍ഷമായിരുന്നില്ലെങ്കിലും ഭണ്ഡാരിയിട്ട ചൂണ്ടയില്‍ വലിയ മീനുകള്‍ കൊത്തിത്തുടങ്ങി. യുപിഎ ഭരിക്കുന്ന ആ സമയത്താണ് ഇന്ത്യ വ്യോമസേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കാനുള്ള വിമാനങ്ങള്‍ വാങ്ങാന്‍ ആലോചിക്കുന്നത്. അങ്ങനെ 2012ലാണ് സ്വിറ്റ്‌സര്‍ലണ്ടിലെ പിലാറ്റസ് എന്ന കമ്പനി തങ്ങളുടെ ജെറ്റ് ട്രെയ്നര്‍ വിമാനം ഇന്ത്യക്ക് വില്ക്കാന്‍ സഹായം തേടി ഭണ്ഡാരിയുടെ ഓഫ്‌സെറ്റ് ഇന്ത്യ സൊല്യൂഷന്‍സിനെ സമീപിച്ചത്. ഇയാളുടെ സഹായത്തോടെ നാലായിരം കോടി രൂപയുടെ ഓര്‍ഡര്‍ നേടിയെടുക്കുകയും ചെയ്തു. വമ്പന്‍ പ്രതിരോധ ഓര്‍ഡര്‍ നേടി നല്‍കിയതോടെയാണ് ഇയാളുടെ ഉന്നത ബന്ധം മറനീക്കിയത്. അങ്ങനെയാണ് കോണ്‍ഗ്രസ് അധ്യക്ഷയും മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നയാളുമായ സോണിയയുടെ മരുമകന്‍ റോബര്‍ട്ട് വാദയ്രുമായി അടുത്ത ബന്ധമുണ്ടെന്ന വിവരം പുറത്തായത്. വാദ്രയുടെ ബിനാമിയാണെന്ന ആരോപണവും ശക്തമായി. ഈ ആരോപണം കളവാണെന്ന് തെളിയിക്കാന്‍ ആര്‍ക്കും കഴിയുകയുമില്ല. പല പ്രതിരോധ ഇടപാടുകള്‍ക്കും സഞ്ജയ് ഭണ്ഡാരി ദല്ലാളായി, കോടികള്‍ കമ്മീഷനായി നേടി. ട്രെയ്‌നര്‍ വിമാനങ്ങളുടെ പരിശോധന തുടങ്ങും മുന്‍പു തന്നെ ഭണ്ഡാരിക്ക് പത്തു ലക്ഷം സ്വിസ് ഫ്രാങ്ക്( 67 കോടി രൂപ) കമ്മീഷനായി ലഭിച്ചു. വാ്രദയുടെ സഹായത്തോടെ പ്രതിരോധ ഇടപാടുകളില്‍ കളിച്ചുവരവേയാണ് 2014ല്‍ യുപിഎ ഭരണം പോയതും നരേന്ദ്ര മോദി അധികാരത്തില്‍ വന്നതും. അന്ന് തുടങ്ങി വാദ്രയുടേയും ഭണ്ഡാരിയുടേയും ശനിദശയും. 2014ല്‍ മോദി വന്ന ശേഷം വാദ്രയും ഭണ്ഡാരിയും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ടെന്ന് കാണിച്ച് ഐബി റിപ്പോര്‍ട്ട് നല്‍കി. ഭണ്ഡാരിക്കു മേലെ ആദായ നികുതി വകുപ്പ് വലവിരിച്ചു, റെയ്ഡായി, അന്വേഷണമായി. ഭണ്ഡാരിയുടെ ഏഴ് കമ്പനികള്‍ക്കായി 69 കോടി രൂപ ലഭിച്ചെന്ന മറ്റൊരാരോപണവും ആദായ നികുതി വകുപ്പ് അന്വേഷിച്ചു തുടങ്ങി. അത് ഹവാല ഇടപാടുകാരന്‍ ദീപക് അഗര്‍വാള്‍ വഴിയാണ് ലഭിച്ചതെന്ന് ആദായ നികുതി വകുപ്പ് കെണ്ടത്തി. ആംആദ്മി പാര്‍ട്ടിക്ക് വലിയ തോതില്‍ പണം നല്‍കിയിരുന്നയാളാണ് ദീപക്. ഭണ്ഡാരിയെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം തുടങ്ങിയിരുന്നു. വാദ്രയുടെ ബിനാമി സ്വത്തുക്കള്‍ പലതും ഇയാളുടെ പേരിലാണെന്നാണ് സംശയം. കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ ഭണ്ഡാരി 2016ല്‍ വിദേശത്തേക്ക് മുങ്ങി.ഇതുവരെ മടങ്ങിയെത്തിയിട്ടുമില്ല. 2016ല്‍ വാദ്രയുടെ ലണ്ടനിലെ ബ്രിയാന്‍സ്റ്റണ്‍ സ്‌ക്വയറിലുള്ള ഫ്‌ളാറ്റ് നവീകരിച്ച് ഭംഗിയാക്കി നല്‍കിയത് ഭണ്ഡാരിയായിരുന്നു. 2012ല്‍ പരിശീലന വിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടുണ്ടാക്കിയ സമയത്ത് വാദ്ര സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ചിലേക്ക് യാത്ര ചെയ്തിരുന്നു. ഇതിന് ചെലവായത് പത്തു ലക്ഷം രൂപയാണ്. വിമാനടിക്കറ്റ് വാദ്രക്ക് വാങ്ങി നല്‍കിയത് സഞ്ജയ് ഭണ്ഡാരിയായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത കമ്പനി ആദ്യം ഭണ്ഡാരിക്ക് ടിക്കറ്റ് നല്‍കി. അയാള്‍ വാദ്രക്കും. എമിറേറ്റ്‌സ് വിമാനത്തിലായിരുന്നു യാത്ര. ഏഴു കമ്പനികള്‍ ഇയാളുടെ ഏഴ് കമ്പനികളും പ്രതിരോധ ഇടപാടുകള്‍ നടത്താന്‍ രൂപീകരിച്ചവയായിരുന്നു. ഒരു കമ്പനി സൈന്യത്തിന് റഡാര്‍ ഉണ്ടാക്കി നല്‍കിയിരുന്നുവത്രേ. തീരുവ വെട്ടിച്ച് വിദേശത്തു നിന്ന് ആഡംബര കാറുകള്‍ ഇറക്കുമതിചെയ്തതുമായി ബന്ധപ്പെട്ടും ഇയാള്‍ക്കെതിരെ അന്വേഷണമുണ്ട്. ലണ്ടനിലെ വസ്തു 2009ല്‍ വാദ്ര ലണ്ടനില്‍ 19 കോടി മുടക്കി വസ്തു വാങ്ങിയിരുന്നു. ഇതിന് പണം നല്‍കിയത് ഭണ്ഡാരിയാണെന്നാണ് സംശയം. ഇതും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്.