കൊലക്കേസ് പ്രതി എങ്ങനെ ബ്രാഞ്ച് സെക്രട്ടറിയായി; ഉത്തരം മുട്ടി കോടിയേരി

Wednesday 18 October 2017 7:17 pm IST

തിരുവനന്തപുരം: ജനരക്ഷായാത്ര പരാജയമെന്നു പറയാന്‍ വിളിച്ച പത്രസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉത്തരംമുട്ടി. യുപിയില്‍ കൊലക്കേസ് പ്രതികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കിയത് കൊല ചെയ്താലും പാര്‍ട്ടിസംരക്ഷണം നല്കുമെന്ന മുന്നറിയിപ്പാണെന്നായിരുന്നു കോടിയേരിയുടെ വാദം. കൊലക്കേസ് പ്രതിയെ പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയാക്കിയതും ഇത്തരം മുന്നറിയിപ്പാണോയെന്ന് ചോദ്യത്തിന് കോടിയേരിക്ക് ഉത്തരംമുട്ടി. പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കെ ആരെയൊക്കെ സെക്രട്ടറിമാരാക്കിയെന്ന് അറിയില്ലെന്ന് ആദ്യം പറഞ്ഞ കോടിയേരി കൊലക്കേസ് പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കുന്നതില്‍ തെറ്റില്ലെന്നും സൂചിപ്പിച്ചു. പാലക്കാട് സെക്രട്ടറിയായ ആള്‍ക്കെതിരെയുള്ള കൊലക്കേസ് കള്ളക്കേസാണെന്നും കോടിയേരി പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ കാലത്താണ് കേസ് എടുത്തതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ പിണറായി അല്ലല്ലോ പോലീസല്ലേ കേസെടുക്കുന്നത് എന്നായിരുന്നു മറുചോദ്യം. യാത്രക്കെതിരെ പിണറായി കൊച്ചി; ജനരക്ഷാ യാത്ര വന്‍ വിജയമായതില്‍ സിപിഎമ്മിനുള്ള ആശങ്ക തീരുന്നില്ല. യാത്ര പൊളിഞ്ഞെന്നു പറയാന്‍ ഇന്നലെ സിപിഎം സെക്രട്ടറി പത്രസമ്മേളനം വിളിച്ചു. അതിനു പിന്നാലെ മുഖ്യമന്ത്രി പണറായി വിജയന്‍ ഫേസ്ബുക്കിലും യാത്രക്കെതിരെ പ്രതികരിച്ചു. കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും കേരളത്തിലെത്തി അസത്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് പിണറായിയുടെ പോസ്റ്റ്. അവര്‍ കേരത്തിലെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു, അമിത് ഷായുടെ കടപ മുഖം തെളിഞ്ഞു. ദേശീയ മാധ്യമങ്ങള്‍ കേരളത്തിലെ നിജസ്ഥിതി മനസിലാക്കി.. അങ്ങനെ തുടരുന്നു മുഖ്യന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാര്‍ച്ചിനെ ജനങ്ങള്‍ തള്ളിയെന്നും പിണറായി പറയുന്നു.