സിപിഎം-സിപിഐ പോര് മുറുകുന്നു

Wednesday 18 October 2017 9:10 pm IST

മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ പോര് മുറുകുന്നു. പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചും പത്രസമ്മേളനം നടത്തിയും ഇരുകൂട്ടരും തമ്മിലുള്ള ചേരിപ്പോര് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. പഞ്ചായത്തില്‍ സിപിഎമ്മുമായി ഇനി ബന്ധംവേണ്ടെന്ന് സിപിഐ കുമരംപുത്തൂര്‍ ലോക്കല്‍കമ്മിറ്റി യോഗം തീരുമാനിച്ചു. ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഎം സീറ്റു നേടിയത് സിപിഐക്കാരുടെ കുതികാല്‍വെട്ടലിലൂടെയാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്.കഴിഞ്ഞ കുറച്ചു കാലമായി ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമായിരുന്നു നിലനിന്നിരുന്നത്.പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇരു ഇരുപാര്‍ട്ടിക്കാരും ഒന്നിച്ചാണ് പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസം സിപിഎം സിപിഐയെ പുറകില്‍ നിന്ന് കുത്തുകയായിരുന്നു. 13 അംഗ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏഴെണ്ണം സിപിഎമ്മിന്റെയും ആറെണ്ണം സിപിഐയുടെയും പാനലുകളാണ് ഉണ്ടായിരുന്നത്. എല്‍ഡിഎഫ് പുറത്ത് വിട്ട പാനലില്‍ സിപിഐ അറിയാതെ രണ്ടുപേരെ മാറ്റി പകരം സ്വതന്ത്രരെ നിര്‍ത്തി. സ്ലിപ്പില്‍ മൂന്നും ഒമ്പതും നമ്പര്‍ വെട്ടിമാറ്റി പകരം ഒന്നും രണ്ടും നല്‍കി അട്ടിമറിച്ചെന്നാണ് സിപിഐയുടെ ആരോപണം. യുഡിഎഫിലെ ചില മെമ്പര്‍മാരെ കൂട്ടുപിടിച്ചാണ് സ്വതന്ത്രരെ നിര്‍ത്തിയതെന്നും സിപിഐ ആരോപിച്ചു. ഈ തെരഞ്ഞെടുപ്പിലൂടെ പ്രകടമാകുന്നത് എല്‍ഡിഎഫിലെ ചേരിപോരാണ്. സിപിഐക്ക് വെറും നാലു സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു.രവി,അബ്ദുള്‍ മുത്തലിബ് എന്നിവരാണ് പരാജയപ്പെട്ട സിപിഐ നോമിനികള്‍, അനീഷ്,കെ.ജെ.തോമസ് എന്നിവരാണ് വിജയിച്ച സ്വതന്ത്രര്‍, സിപിഎം വിഭാഗത്തില്‍ വിജയിച്ച അബ്ദുള്‍ ബഷീര്‍,കൃഷണകുമാര്‍,സുരേഷ്‌കുമാര്‍,എസ്.ആര്‍.ഹബീബുള്ള,ശിവശങ്കരന്‍,വനിത,സബിത എന്നിവരില്‍ എസ്.ആര്‍.ഹബീബുള്ളയെ പ്രസിഡന്റായും,കൃഷ്ണകുമാറിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പില്‍ സിപിഐക്ക് സീറ്റ് കുറഞ്ഞതില്‍ വിളറിപൂണ്ട് പി.കെ.ശശിഎംഎല്‍എയുടെ മേല്‍ ആരോപണമുന്നയിക്കുന്നതിലൂടെ പ്രകടമാകുന്നത് സിപിഐയിലെ വിഭാഗീയതയാണെന്ന് സിപിഎം പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.തെരഞ്ഞടുപ്പില്‍ ഏഴ് സീറ്റില്‍ സിപിഎമ്മും,നാലെണ്ണത്തില്‍ സിപിഐയും,രണ്ടെണ്ണത്തില്‍ സ്വതന്ത്രരുമാണ് മത്സരിച്ചത്.ഇതില്‍ സിപിഎമ്മിനാണ് മുന്‍തൂക്കം ലഭിച്ചത്.സിപിഐ കോണ്‍ഗ്രസ്സുമായും,മുസ്ലീം ലീഗുമായും കൂട്ട് ചേര്‍ന്നെങ്കിലും സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറായില്ല. വോട്ട് മറിക്കാന്‍ ശ്രമം നടത്തിയതായും സിപിഎം ആരോപിച്ചു.തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ സിപിഐയുടെ ജില്ലാ നേതാക്കള്‍ പോളിങ് ബൂത്തിന് സമീപത്തുണ്ടായിരുന്നതായും, എന്നാല്‍ സിപിഎമ്മിന്‍െ ഒരു നേതാവുപോലും ഇത്തരത്തില്‍ ഉണ്ടായിരുന്നില്ലെന്നും സിപിഎം പ്രതിനിധികള്‍ പറഞ്ഞു.എല്‍ഡിഎഫ് പാനല്‍ ജയിച്ചാല്‍ ഒന്നര വര്‍ഷം സിപിഎം,രണ്ടര വര്‍ഷം സിപിഐ,ഒരു വര്‍ഷം സിപിഎം എന്നിങ്ങനെയാണ് ധാരണയുണ്ടായയിരുന്നത്.എന്നാലിത് ഫലം കണ്ടില്ലെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത സുരേഷ്,അഡ്വ.രാജീവ് നടക്കാവില്‍,ഹബീബുള്ള,കൃഷ്ണകുമാര്‍,മുഹമ്മദാലി,പി.ജി.ബാലന്‍ എന്നിവര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.