ആചാരങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ വീക്ഷണം

Wednesday 18 October 2017 9:22 pm IST

ഭാരതത്തിലെ ചിന്താധാരകള്‍ ആത്മീയവും തത്വശാസ്ത്രപരവും മാത്രമാണെന്ന് ചിന്തിക്കുന്ന അനവധി വ്യക്തികളുണ്ട്. ശാസ്ത്രചിന്താധാരകളടങ്ങാത്ത ആത്മീയതയും വിശ്വാസപ്രമാണങ്ങളും ഭാരതത്തില്‍ വളരെ കുറവാണ്. അന്ധവിശ്വാസങ്ങളുടെ പട്ടികയില്‍ വരുന്ന ചില ആത്മീയ പ്രകടനങ്ങളുണ്ട് എന്ന് വിസ്മരിക്കുന്നില്ല. സദാചാരങ്ങളെക്കുറിച്ച് മുന്‍പ് സൂചിപ്പിച്ചിരുന്നു. ഈ ആചാരങ്ങളെല്ലാം തന്നെ മനുഷ്യന്റെ ഭൗതിക നന്മയ്ക്കായിട്ടാണ് ആചരിച്ചുപോന്നിരുന്നത്. തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരുന്ന ആചാരങ്ങളുടെ ശുദ്ധീകരണം നടത്തി പഠിപ്പിച്ചിരുന്നവരായിരുന്നു ആചാര്യന്മാര്‍. അത്തരം ആചാര്യന്മാര്‍ക്ക് വ്യക്തമായ നിര്‍വചനം കൂടിയുണ്ട്. ആചിനോതി ച ശാസ്ത്രാര്‍ത്ഥാന്‍ ശിഷ്യാന്‍ സാധയതേസുധീ സ്വയമാചരതി ചൈവ സഃ ആചാര്യ ഇതിസ്മൃതാഃ ശാസ്ത്രീയമായി അര്‍ത്ഥസാരങ്ങള്‍ ഗ്രഹിക്കുവാന്‍ കഴിവുള്ളവനും അതു ശിഷ്യന്മാര്‍ക്ക് എളുപ്പത്തില്‍ ഉപദേശിച്ചുകൊടുത്ത് പഠിപ്പിക്കുകയും സ്വയം ജീവിതത്തില്‍ ആചരിക്കുകയും ചെയ്യുന്ന വ്യക്തിയെ ആചാര്യനായി സ്മരിക്കപ്പെടുന്നു. ഇവിടെ ശാസ്ത്രീയമായി ആചാരങ്ങളുടെ അര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ സാധിക്കണമെന്ന് വ്യക്തമായ നിര്‍ദ്ദേശമുണ്ട്. ഇപ്രകാരമുള്ള ആചാര്യനാണെങ്കില്‍ പോലും അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കേണ്ടത് അന്ധമായിട്ടല്ല. അതു പൂര്‍ണമായും സ്വീകരിക്കണമെന്നുമില്ല. ആചാര്യാത് പദമാദത്തേ പാദം ശിഷ്യസ്വമേധയാ പാദം സബ്രഹ്മചാരിഭ്യഃ ശേഷം കാലക്രമേണച ആചാര്യനില്‍നിന്ന് കാല്‍ഭാഗവും ശിഷ്യന്‍ സ്വമേധയാല്‍ കാല്‍ഭാഗവും ബാക്കി കാല്‍ഭാഗം മറ്റുള്ളവരുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് ഉള്‍ക്കൊള്ളേണ്ടതാണ്. അവസാനത്തെ കാല്‍ഭാഗമാകട്ടെ കാലക്രമേണ ജീവിതാനുഭവത്തിലൂടെ കണ്ടും കേട്ടും മനസ്സിലാക്കേണ്ടതാണ്. ഇവയെല്ലാം ശാസ്ത്രീയമായി മനസ്സിലാക്കേണ്ട മാര്‍ഗവും ആചാര്യന്മാര്‍ ഉപദേശിച്ചിച്ചുണ്ട്. സാക്ഷാത് അനുഭവൈര്‍ ദൃഷ്‌ടോ നശ്രുതോ ന ഗുരുദര്‍ശിതഃ ലോകാനാം ഉപകാരായ ഏതത് സര്‍വം പ്രദര്‍ശിതം സ്വന്തം അനുഭവത്തില്‍ നിന്നായിരിക്കണം പഠിച്ചറിയേണ്ടത്. കേട്ടു കേള്‍വിയോ, ഗുരുവചനങ്ങളോ അതേപടി പകര്‍ത്തേണ്ടതില്ല. ലോകനന്മക്കായിട്ടായിരിക്കണം സര്‍വ്വ കര്‍മ്മങ്ങളും ആചരിക്കേണ്ടത്. ആചാരങ്ങള്‍ മോക്ഷമാര്‍ഗങ്ങളായ ആത്മീയതയല്ല. അതിനാല്‍ ശ്രദ്ധയോടെ ദേശകാലാടിസ്ഥാനത്തിലുള്ള സൗകര്യം പോലെ അവയെല്ലാം അനുഷ്ഠിക്കാവുന്നതാണ്. അതിനുള്ള ഉദ്‌ഘോഷണം പൂര്‍വ്വികര്‍ ഈ വരിയില്‍ നല്‍കിയിട്ടുണ്ട്. സ്വഗ്രാമേ പൂര്‍ണാചാരം അന്യഗ്രാമേ തദര്‍ദ്ധകം പട്ടണേ തു തത്പാദം യാത്രേ ശൂദ്രാദാചരതേത് സ്വഗ്രാമത്തില്‍ ആചാരങ്ങള്‍ പൂര്‍ണമായും അനുശാസിക്കേണ്ടതാണ്. മറ്റൊരു ഗ്രാമത്തില്‍ അതിന്റെ പകുതിയും പട്ടണത്തില്‍ കാല്‍ഭാഗവും യാത്രാവേളയില്‍ യുക്തമനുസരിച്ച് ആചാരാനുഷ്ഠാനങ്ങള്‍ ഒഴിവാക്കാവുന്നതുമാണ്. ആചാരത്തിന്റെ സാധുതയെക്കുറിച്ച് സംശയം വരുകയാണെങ്കില്‍ 'ശാസ്ത്രംപ്രമാണം' എന്ന നിര്‍ദ്ദേശമാണനുസരിക്കേണ്ടത്. ശാസ്ത്രവിവരണമില്ലെങ്കില്‍ 'ആപ്തവാക്യം പ്രമാണം' എന്നുദ്‌ഘോഷിക്കാം. അതായത് ശ്രേഷ്ഠന്മാരുടെ ഉപദേശങ്ങള്‍ അടിസ്ഥാനമാക്കി ആചരിക്കാവുന്നതാണ്. ഗീതയിലും ഈ ഉപദേശമുണ്ടല്ലോ! യദ്യദാചരതി ശ്രേഷ്ഠഃ തത്തദേവേതരോജനാഃ സ യത് പ്രമാണം കുരുതേ ലോകസ്തദനുവര്‍ത്തതേ ശ്രേഷ്ഠന്മാര്‍ ആചരിക്കുന്നത് ഇതരജനങ്ങളും ആചരിക്കുന്നു. ശ്രേഷ്ഠന്മാരുടെ പ്രമാണം ലോകം അംഗീകരിക്കുന്നു. അതിനാല്‍ ശ്രേഷ്ഠന്മാരുടെ അനുഷ്ഠാനങ്ങളിലെ ശാസ്ത്രീയത അംഗീകരിക്കേണ്ടതാണ്. ഈ വരികളെല്ലാം ആചാരങ്ങളുടെ ശാസ്ത്രീയ വീക്ഷണം സ്ഥിരീകരിക്കുന്നു. ചോദ്യം ചെയ്യാതെ വിശ്വസിക്കുവാനുപദേശിക്കുന്നുമില്ല. പുരാണങ്ങളിലും ഇതിഹാസങ്ങളിലും കഥാപുരുഷന് ആചാരമനുഷ്ഠിക്കുമ്പോള്‍ ഉണ്ടാകുന്ന സംശയങ്ങള്‍ പൂര്‍ണമായും തീര്‍ത്തുകൊടുക്കുന്നത് ശ്രേഷ്ഠന്മാരാണെന്നു കാണാം. ശ്രീരാമന്‍ രാജ്യഭരണമേറ്റെടുക്കാന്‍ വിസമ്മതിച്ചപ്പോള്‍, വസിഷ്ഠന്‍ നല്‍കിയ ഉപദേശമാണ് 32,000 ശ്ലോകങ്ങളുള്ള യോഗവാസിഷ്ഠം. ക്ഷത്രിയ ധര്‍മ്മാനുഷ്ഠാനത്തില്‍ അര്‍ജ്ജുനനു വന്ന സംശയമാണല്ലോ ഭഗവദ്ഗീതയ്ക്കു ജന്മം നല്‍കിയത്. ന്യായമെന്തെന്നറിയാതെ വന്നപ്പോള്‍, ധൃതരാഷ്ട്രര്‍ക്ക് വിദുരന്‍ നല്‍കിയ ഉപദേശമാണ് വിദുരനീതി. രാജ്യഭരണത്തിലനുശാസിക്കേണ്ട ധര്‍മ്മമാണ് ധര്‍മ്മപുത്രര്‍ക്ക് ലഭിച്ച ഭീഷ്‌മോപദേശം. കഥാരൂപത്തിലൂടെ പഞ്ചതന്ത്രം കൊണ്ടുദ്ദേശിച്ച സന്ദേശം തന്നെയാണ്, നൈമിഷാരണ്യത്തിലെ സൂതനും-ശൗനകന്‍ തുടങ്ങിയ മഹര്‍ഷിമാരും തമ്മില്‍ നടന്ന ചര്‍ച്ചകളായ പുരാണങ്ങളും നല്‍കുന്നത്. അതായത് ധര്‍മ്മ-ആചാരച്യുതി സമയത്ത് ലോകജനതക്ക് നല്‍കുന്ന ''ആപ്തവാക്യ ഉപദേശങ്ങള്‍.'' ഇവ ഇന്നത്തെ ജനതയ്ക്കും അത്യധികം അനുകരണീയമാണ്.