ദുരിതാശ്വാസ ക്യാമ്പിലെ ആദിവാസി കുടുംബങ്ങള്‍ പ്രതിഷേധത്തില്‍

Wednesday 18 October 2017 9:11 pm IST

മണ്ണാര്‍ക്കാട്:ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന നാല്‍പ്പതോളം ആദിവാസി കുടുംബങ്ങള്‍ പ്രതിഷേധത്തില്‍.കഴിഞ്ഞമാസം 17ന് ഉണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും വീട് നഷ്ടപ്പെട്ട വെള്ളത്തോട്,അംബേദ്കര്‍ കോളനിയിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 135 പേരാണ് കാഞ്ഞിരപ്പുഴ ഗവ എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. എന്നാലിതുവരെ എംപി,എംഎല്‍എ, മറ്റുഅധികൃതരോ തിരിഞ്ഞു നോക്കിയിട്ടില്ല. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ ഇവരോട് നിരുത്തരവാദിത്വപരമായി പെരുമാറിയതായും ആരോപണമുണ്ട്. ആദിവാസികളോട് ഊരുകളിലേക്ക് തിരികെ പോകാനും,പാറ ഉരുണ്ടു വന്നാല്‍ മാറി നില്‍ക്കാന്‍ പറഞ്ഞതായും ഊരുമൂപ്പന്‍ ചെറിയ നാഗന്‍ പരാതിപ്പെട്ടു.ഇതിനെതിരെയാണ് ആദിവാസികള്‍ പുനരധിവാസ ക്യാമ്പില്‍ പ്രതിഷേധിച്ചത്. സര്‍ക്കാരില്‍ നിന്നോ,ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നോ വ്യക്തമായ അറിയിപ്പുകളോ പുനരധിവാസ നടപടികളോ ഒന്നുംതന്നെഉണ്ടാവാത്തതിനാല്‍ തിരികെ ഊരുകളിലേക്ക് പോകുവാന്‍ കഴിയാത്ത അവസ്ഥയാണ്.ഇതുമൂലം പണിക്കുപോകുവാനും കഴിയുന്നില്ല. പട്ടികവര്‍ഗ വകുപ്പ് നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ക്യാമ്പില്‍ കഴിയുന്നത്.പതിനൊന്നേക്കറോളം വരുന്ന നാല്‍പ്പത് കുടുംബങ്ങള്‍ താമസിക്കുന്ന അംബേദ്ക്കര്‍ കോളനിക്കാരുടെ ഉപജീവന മാര്‍ഗം കൂലിപ്പണിയാണ്.വിവിധ പദ്ധതികളുടെ പേരില്‍ കോടികള്‍ ദുരുപയോഗം ചെയ്യുന്ന സര്‍ക്കാര്‍ ഇവരുടെ പുനരധിവാസത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചു. സര്‍ക്കാര്‍ വീട് നിര്‍മ്മിച്ച് നല്‍കുക,അല്ലെങ്കില്‍ കോളനിയിലെ സ്ഥലം ഇറിഗേഷന്‍ വകുപ്പ് ഏറ്റെടുത്ത് താമസയോഗ്യമാക്കി നല്‍കുക,ഇറിഗേഷന്റെ കോര്‍ട്ടേഴ്‌സുകള്‍ താത്ക്കാലികമായി താമസയോഗ്യമാക്കണമെന്നതുമാണ് ഊരുമൂപ്പന്മാരായ ചെരിയനാഗന്‍,വലിയ നാഗന്‍ എന്നിവര്‍ ആവശ്യപ്പെടുന്നത്.ആദിവാസികളെ ഇറിഗേഷന്‍ കോര്‍ട്ടേഴ്‌സുകളില്‍ താമസിപ്പിച്ച് അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് വാര്‍ഡ് മെമ്പര്‍ ടി.റഫീക്ക്,പൊതുപ്രവര്‍ത്തകനായ എ.എച്ച്.ഷൗക്കത്ത് എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.