ജനരക്ഷായാത്രയ്ക്ക് മുന്‍പും പിന്‍പും

Wednesday 18 October 2017 9:33 pm IST

ചുവപ്പു-ജിഹാദി ഭീകരതയ്‌ക്കെതിരെയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്ര. ലോകം മുഴുവന്‍ ചോരപ്പുഴയൊഴുക്കുന്ന ഇസ്ലാമിക ഭീകരത വിവിധവേഷങ്ങളില്‍ ഇന്ത്യയിലും ആഴ്ന്നിറങ്ങാന്‍ ശ്രമിക്കുന്നു. അവരുടെ ഇവിടുത്തെ കൂട്ടുകാരാണ് കമ്മ്യൂണിസ്റ്റുകള്‍. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ കലാപങ്ങള്‍ക്കും പലായനങ്ങള്‍ക്കും ഇടയാക്കിയ രാഷ്ട്ര വിഭജനത്തിന് വാദിച്ചവരും, അതിന് ആശയപരമായ അടിത്തറ നല്‍കിയവരും തമ്മിലുള്ള അതിര്‍വരമ്പുകള്‍ കേരളത്തില്‍ ഇല്ലാതായി. പാക്കിസ്ഥാന്‍ അനുകൂല ഭീകരര്‍ക്കുവേണ്ടിയും ഇന്ത്യന്‍സൈന്യത്തിനെതിരെയും മുദ്രാവാക്യമുയര്‍ത്തിയ ജെഎന്‍യുവിലെ ജിഹാദികള്‍ക്കൊപ്പം അത് ഏറ്റുവിളിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടായിരുന്നു. ആഗോളതലത്തില്‍ ജിഹാദി ഭീകരത മനുഷ്യരാശിക്ക് ഭീഷണി ഉയര്‍ത്തുമ്പോള്‍ കേരളത്തില്‍ അതിന് വളക്കൂറുള്ള മണ്ണൊരുക്കുന്നതില്‍ മാറി മാറി ഭരിച്ച മുന്നണികള്‍ക്ക് വലിയ പങ്കാണുള്ളത്. കേരളം ഇന്ത്യയിലെ ജിഹാദി ഭീകരവാദത്തിന്റെ കളിത്തൊട്ടിലണ്. അക്രമത്തിലൂടെയും അട്ടിമറിയിലൂടെയുമൊക്കെ ഭരണം പിടിക്കുകയെന്നത് ആദര്‍ശമായി കരുതുന്ന കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ക്ക് ജനാധിപത്യം അംഗീകരിക്കാനാവില്ല. അല്‍പം ശക്തിയുള്ള സ്ഥലങ്ങളില്‍ എതിരാളികളെ കൊന്നൊടുക്കുന്നത് അതിനാലാണ്. കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ കമ്മ്യൂണിസ്റ്റുകള്‍ നടത്തുന്ന അരുംകൊലകള്‍ ജനാധിപത്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമെതിരാണ്. കള്ളപ്രചാരണങ്ങള്‍കൊണ്ടും ആക്ഷേപങ്ങള്‍കൊണ്ടും ഇതിന്റെയൊക്കെ യഥാര്‍ത്ഥ ചിത്രം മറച്ചുവയ്ക്കുകയാണ്. ഇതിനെതിരെയാണ് കുമ്മനം എല്ലാവര്‍ക്കും ജീവിക്കണമെന്ന മുദ്രാവാക്യം മുഴക്കി യാത്ര തുടങ്ങിയത്. ചുവപ്പു ഭീകരതയുടെ ഈറ്റില്ലമായ പയ്യന്നൂരില്‍നിന്ന് ഒക്‌ടോബര്‍ മൂന്നിന് ആരംഭിച്ച് പതിനേഴിന് തലസ്ഥാനത്ത് സമാപിച്ച യാത്ര എല്ലാ അര്‍ത്ഥത്തിലും വന്‍വിജയമായിരുന്നു. നാലു മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രി, 13 കേന്ദ്ര മന്ത്രിമാര്‍, നിരവധി സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപിയുടെ നേതാക്കള്‍ അണിചേര്‍ന്ന യാത്ര ചരിത്രസംഭവമായി. ഇന്നേവരെ ഒരു രാഷ്ട്രീയപാര്‍ട്ടിയും നടത്താത്തത്ര വിപുലമായ യാത്ര. ഇനി യാര്‍ക്കെങ്കിലും ഇതുപോലുള്ള യാത്ര നടത്താന്‍ കഴിയുമോയെന്ന് സംശയം. വെറുമൊരു കേരള യാത്ര എന്നതിനപ്പുറം രാജ്യം മുഴുവന്‍ യാത്ര ചര്‍ച്ചയായി. ദൈവത്തിന്റെ നാടായ കേരളത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ ചിത്രം പുറത്തറിയാന്‍ ഇതിടയാക്കി. ജനരക്ഷായാത്രയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപമുന്നയിച്ച് പരാജയമെന്നു വരുത്താനായിരുന്നു എതിരാളികളുടെ ശ്രമം. ഹര്‍ത്താല്‍ നടത്തിയും വൈദ്യുതി വിച്ഛേദിച്ചും ശ്രമിച്ചുനോക്കി. പക്ഷേ അതൊന്നും ഏശിയില്ല. യാത്രയിലുടനീളം പങ്കാളികളായ ജനങ്ങള്‍ കള്ളപ്രചാരണങ്ങള്‍ക്കൊപ്പമല്ല തങ്ങളെന്ന് തെളിയിച്ചു. യാത്രയ്ക്കിടെ നടന്ന വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ വോട്ടു കിട്ടാതിരുന്നത് യാത്രയുടെ പരാജയമായി വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍ യാത്രയില്‍ ഉന്നയിച്ച ജിഹാദി ഭീകരത കേരളത്തിലുണ്ടെന്ന് സ്ഥാപിക്കാന്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തിന് കഴിഞ്ഞു. ജിഹാദികളുടെ രാഷ്ട്രീയമുഖമായ എസ്ഡിപിഐയുടെ വോട്ടില്‍ മൂന്നിരട്ടിയുടെ വര്‍ദ്ധനവുണ്ടായത് ബിജെപി ആരോപണം ശരിവയ്ക്കുന്നതായിരുന്നു. യാത്രയില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളോടോ നടത്തിയ പ്രസംഗങ്ങളോടോ ക്രിയാത്മകമായി പ്രതികരിക്കാന്‍ സിപിഎമ്മിനോ മറ്റു പ്രതിപക്ഷകക്ഷികള്‍ക്കോ കഴിഞ്ഞില്ല. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് അവര്‍ പ്രചരിപ്പിച്ചത്. സിപിഎമ്മുകാരുടെ രോമത്തില്‍പോലും തൊടാന്‍ ആര്‍ക്കുമാവില്ലെന്ന് പറയുന്ന പാര്‍ട്ടി സെക്രട്ടറിതന്നെ ബിജെപിക്കാര്‍ തങ്ങളുടെ അണികളെ കൊന്നൊടുക്കുന്നതായി വിലപിക്കുന്നു. തങ്ങള്‍ ഇനി കൊലപാതകത്തിനില്ലെന്നാണ് ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. സമാധാനം ഉണ്ടായെങ്കിലേ തങ്ങളുടെ ആദര്‍ശം പ്രചരിപ്പിക്കാനാവൂവെന്നും അദ്ദേഹം പറയുന്നു. ആത്മാര്‍ത്ഥതയോടെയാണ് ഈ വാക്കുകളെങ്കില്‍ അതുതന്നെയാണ് ജനരക്ഷായാത്രയുടെ വിജയത്തിന്റെ അടയാളവും. കേരള രാഷ്ട്രീയ ചരിത്രം ജനരക്ഷായാത്രയ്ക്ക് മുന്‍പും പിന്‍പും എന്നനിലയില്‍ ഭാവിചരിത്രം രേഖപ്പെടുത്തും എന്നതില്‍ തര്‍ക്കമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.