അവര്‍ അബ്രാഹ്മണരല്ല

Wednesday 18 October 2017 9:41 pm IST

കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അതിനുകീഴിലുള്ള ക്ഷേത്രങ്ങളിലേക്ക് മുപ്പത്തിയാറ് അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ നിശ്ചയിച്ചുവെന്ന വാര്‍ത്ത ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ. കേരള സര്‍ക്കാറിന്റെ കിരീടത്തിലെ പൊന്‍തൂവലാണിതെന്നും, ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം നടന്ന ചരിത്രപ്രധാനമായ തീരുമാനമാണ് എന്നുമൊക്കെയുള്ള അവകാശവാദങ്ങളുയര്‍ന്നുകഴിഞ്ഞു. അഭിനന്ദനങ്ങളുമായി അയല്‍ സംസ്ഥാനത്തെ പ്രതിപക്ഷരാഷ്ട്രീയനേതാക്കളായ ഡിഎംകെ നേതാവ് സ്റ്റാലിനും വൈക്കോയും രാഷ്ട്രീയപ്രവേശനത്തിനായി തയ്യാറെടുത്തുനില്‍ക്കുന്ന പ്രമുഖ നടന്‍ കമലഹാസനുമൊക്കെ രംഗത്തുവന്നു. കേരളത്തിലെ വിവിധ രാഷ്ട്രീയ കക്ഷികളും സാമുദായിക നേതാക്കന്മാരുമൊക്കെ സര്‍ക്കാര്‍ തീരുമാനത്തെ മുക്തകണ്ഠം പ്രശംസിച്ചു. തീര്‍ത്തും പ്രശംസനീയമായ കാര്യം തന്നെയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ സംശയവുമില്ല. കാരണം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പൂജചെയ്യാന്‍ നമ്പൂതിരി സമുദായാംഗങ്ങളല്ലാത്തവരെ അനുവദിക്കാതിരുന്ന സര്‍ക്കാര്‍ നയത്തില്‍ മാറ്റം വരുത്തിയതില്‍ സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലാത്ത, വിവിധ സമുദായങ്ങള്‍ നടത്തുന്ന ക്ഷേത്രങ്ങളിലും, കേരള ക്ഷേത്രസംരക്ഷണസമിതി നടത്തുന്ന ക്ഷേത്രങ്ങളിലുമൊക്കെ ഏറെക്കാലമായി ഇതര സമുദായാംഗങ്ങളായവരെയും പൂജാരിമാരായും തന്ത്രിമാരായും അംഗീകരിച്ചിരുന്ന സാഹചര്യത്തില്‍ ഏറെ വൈകിയാണെങ്കിലും സര്‍ക്കാര്‍ ഈ പാത സ്വീകരിച്ചത് അഭിനന്ദനാര്‍ഹം തന്നെയാണെന്ന് പറയാതെ വയ്യ. പക്ഷെ, അപ്പോഴും, ദേവസ്വം ബോര്‍ഡ് വഴി നിയമനം ലഭിച്ചവരെ അബ്രാഹ്മണ ശാന്തിമാര്‍ എന്ന് തരംതിരിക്കുന്നത് എന്തിനാണെന്ന ചോദ്യം നിലനില്‍ക്കുന്നു. എന്തുകൊണ്ട് മുന്നാക്ക സമുദായത്തില്‍ ജനിച്ചില്ലായെന്നതുകൊണ്ടുമാത്രം ബ്രഹ്മജ്ഞാനം നേടിയിട്ടും അവരെ ബ്രാഹ്മണരായി അംഗീകരിക്കാതെ അബ്രാഹ്മണരായി വിവേചിച്ച് വിശേഷിപ്പിക്കുന്നുവെന്നതാണ് ചോദ്യം. തിരുവല്ല കടപ്രയിലെ കീച്ചേരി വാല്‍ക്കടവ് മണപ്പുറം ശിവക്ഷേത്രത്തിലെ ശാന്തിക്കാരനായി പുലയസമുദായത്തില്‍ ജനിച്ച യദുകൃഷ്ണന്‍ എന്ന ബ്രാഹ്മണ്യം നേടിയ യുവാവിനെ നിയമിച്ച തീരുമാനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വന്നപ്പോഴുണ്ടായ തലക്കെട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചു എന്നതാണ് ആ തലക്കെട്ടുകളുടെ ചുരുക്കം. മുന്നാക്ക ജാതിയില്‍ പിറന്നവനെ മാത്രമേ ബ്രാഹ്മണരായി കണക്കാക്കൂവെന്ന സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും ആഢ്യമനസ്സാണോ അവരെ ഇങ്ങനെ പറയിപ്പിക്കുന്നുണ്ടാവുക? കര്‍മ്മം കൊണ്ട് ഒരാള്‍ ബ്രാഹ്മണ്യം നേടി ക്ഷേത്രത്തില്‍ പൂജചെയ്യാന്‍ യോഗ്യതനേടിയാലും അയാള്‍ അബ്രാഹ്മണനായിത്തന്നെ തുടര്‍ന്നും വിശേഷിപ്പിക്കപ്പെടണം എന്ന് ആര്‍ക്കാണിത്ര വാശി? ബ്രാഹ്മണ്യം എന്നത് ഏതെങ്കിലും സമുദായത്തിനു മാത്രമായി പതിച്ചുനല്‍കിയിരിക്കുകയാണ് എന്നല്ലേ അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചുവെന്ന പ്രഖ്യാപനത്തില്‍നിന്നും മനസ്സിലാക്കേണ്ടത്? ഈയൊരു മനോഭാവത്തിനാണ് ആദ്യം മാറ്റം വരേണ്ടത്. മനോഭാവം മാറാതെ നിയമം മാറിയതുകൊണ്ടുമാത്രം വിവേചനം അവസാനിക്കില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ അബ്രാഹ്മണര്‍ എന്ന പ്രയോഗം. ചരിത്രം പരിശോധിച്ചാല്‍ കേരളത്തില്‍ നമ്പൂതിരി സമുദായത്തില്‍ ജനിച്ചവരല്ലാത്ത, അതായത് കര്‍മ്മംകൊണ്ട് ബ്രാഹ്മണരായവരെയും തന്ത്രിമാരായും പൂജാരിമാരായും അംഗീകരിക്കണമെന്ന വിളംബരമുണ്ടായത് 1985 ലെ പ്രശസ്തമായ ചേന്ദമംഗലം പാലിയം വിളംബരത്തിലൂടെയാണെന്നു കാണാം. യശഃശരീരനായ പി. മാധവന്‍ എന്ന മഹാമനീഷിയുടെ ശ്രമഫലമായും, നേതൃത്വത്തിലുമായിരുന്നു ആ വിളംബരം. ആ വിളംബര സമ്മേളനത്തില്‍ യോഗക്ഷേമസഭയും, എസ്എന്‍ഡിപിയും, പുലയ മഹാസഭയും ഉള്‍പ്പെടെയുള്ള ഒട്ടെല്ലാ സാമുദായികസംഘടനാ നേതാക്കളുടെയും പ്രാതിനിധ്യമുണ്ടായിരുന്നതുമാണ്. പാലിയം വിളംബരത്തിനു മുന്നോടിയായി 1982 ല്‍ കൊച്ചിയില്‍ നടന്ന വിശാല ഹിന്ദു സമ്മേളനത്തില്‍ ഗണപതിഹോമം നടത്തിയത് ജന്മനാ അല്ലാതെ, കര്‍മ്മണാ ബ്രാഹ്മണനായ പറവൂര്‍ ശ്രീധരന്‍ തന്ത്രിയായിരുന്നു. നമ്പൂതിരി സമുദായത്തില്‍ ജനിച്ച ബ്രാഹ്മണന്‍ സൂര്യകാലടി സൂര്യന്‍ നമ്പൂതിരിപ്പാട് ആ ഹോമത്തിന്റെ പരികര്‍മ്മി മാത്രമായിരുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന നമ്പൂതിരിയേതര ശാന്തി നിയമനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡുകളിലെ ആദ്യ നിയമനം എന്നേ പറയാന്‍ സാധിക്കൂ. കേരളത്തിലെ ക്ഷേത്രങ്ങളിലെ ആദ്യ നമ്പൂതിരിയേതര ശാന്തിനിയമനമായി ഇവയെ കണക്കാക്കാന്‍ സാധിക്കില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ സമുദായ സംഘടനകളുടെ നേതൃത്വത്തിലും, കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെയും നേതൃത്വത്തിലുള്ള ക്ഷേത്രങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നമ്പൂതിരിമാരല്ലാത്ത ശാന്തിക്കാരെയും തന്ത്രിമാരെയും നിയമിക്കുകയും, പൂജാദി കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുവരികയും ചെയ്യുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം പകല്‍വെളിച്ചംപോലെ വ്യക്തമാണ്. എസ്എന്‍ഡിപിയുടെ നിയന്ത്രണത്തിലുള്ള മിക്കവാറും ക്ഷേത്രങ്ങളിലും ശാന്തിക്കാര്‍ നമ്പൂതിരിമാരല്ലാത്ത ബ്രാഹ്മണരാണ്. കേരള ക്ഷേത്ര സംരക്ഷണ സമിതി എന്ന സംഘടനയുടെ നിയന്ത്രണത്തിലുള്ള കേരളത്തിലെ വിവിധ ജില്ലകളിലെ നൂറില്‍പ്പരം ക്ഷേത്രങ്ങളില്‍ പൂജചെയ്യുന്നത് നമ്പൂതിരിമാരല്ലാത്ത താഴ്ന്ന സമുദായങ്ങളില്‍ ജനിച്ച ബ്രാഹ്മണരാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള കാവുകളിലും, വിഷ്ണുമായാ ക്ഷേത്രങ്ങളിലുമൊക്കെ പൂജാദികര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് വിവിധ സമുദായങ്ങളിലുള്ള ബ്രാഹ്മണരാണ്. ഇവരൊന്നും നമ്പൂതിരിമാരല്ല. അങ്ങനെ നോക്കുമ്പോള്‍ കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ മാത്രമേ ഇതേവരെ നമ്പൂതിരിമാരല്ലാത്ത ബ്രാഹ്മണരെ നിയമിക്കാതിരുന്നിട്ടുള്ളൂ. ശബരിമലയും, ഗുരുവായൂരുമൊക്കെ ഇത്തരം ദേവസ്വം ക്ഷേത്രങ്ങളാണല്ലോ.  ഇപ്പോള്‍ നടന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശാന്തി നിയമനത്തില്‍ ആകെ 62 പേര്‍ ആണ് നിയമനയോഗ്യത നേടിയിട്ടുള്ളത്. അതില്‍ 26 പേര്‍ മുന്നാക്ക ജാതിവിഭാഗത്തില്‍പ്പെടുന്നവരും, 36 പേര്‍ പിന്നാക്ക ജാതിവിഭാഗങ്ങളില്‍പ്പെടുന്നവരുമാണ്. ഇതില്‍ത്തന്നെ 16 പേര്‍ മെറിറ്റ് പട്ടികയില്‍പ്പെട്ടവരുമാണ്. പിന്നാക്ക വിഭാഗത്തില്‍ ഇരുപതുപേര്‍ മാത്രമാണ് സംവരണാനുകൂല്യം നേടിയിട്ടുള്ളത്. ആദ്യ നിയമനം നേടിയ യദുകൃഷ്ണന്‍ പരീക്ഷയില്‍ നാലാം റാങ്കുകാരനായിരുന്നു. പുലയ സമുദായത്തില്‍ ജനിച്ച ബ്രാഹ്മണനായ യദുകൃഷ്ണന്‍ തൃശൂര്‍ ജില്ലയിലെ കൊരട്ടി നാലുകെട്ടില്‍ പുലിക്കുന്നത്ത് പി.കെ. രവിയുടെയും, ലീലയുടെയും മകനാണ്. ഇരുപത്തിരണ്ടുകാരനായ യദുകൃഷ്ണന്‍ പന്ത്രണ്ടുവയസ്സുമുതല്‍ വടക്കന്‍ പറവൂര്‍ മൂത്തകുന്നം ശ്രീ ഗുരുദേവ വൈദിക തന്ത്രവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥിയാണ്. കെ.കെ. അനിരുദ്ധന്‍ തന്ത്രിയാണ് ഗുരു. യദുവിനോടൊപ്പം നിയമനം നേടിയ മനോജ് വേട്ടുവ സമുദായത്തിലാണ് ജനിച്ചത്. കേരളത്തിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിലും സര്‍ക്കാരേതര ക്ഷേത്രങ്ങളിലെന്നതുപോലെത്തന്നെ എല്ലാ സമുദായങ്ങളിലുമുള്ള ബ്രാഹ്മണര്‍ക്ക് ശ്രീകോവില്‍ പ്രവേശനത്തിനും പൂജാദികര്‍മ്മങ്ങള്‍ക്കും അവസരം ലഭിച്ചതില്‍ സന്തോഷിക്കുന്നു. പക്ഷെ, ഏതു സമുദായത്തില്‍ ജനിച്ചാലും ബ്രഹ്മജ്ഞാനം നേടിയവരെ ബ്രാഹ്മണരായി കാണാനുള്ള മാനസിക വളര്‍ച്ചയും ഒപ്പമുണ്ടാകണം. അബ്രാഹ്മണര്‍, അബ്രാഹ്മണശാന്തിമാര്‍ എന്നൊക്കെയുള്ള പ്രയോഗങ്ങളിലൂടെ ഇതര സമുദായങ്ങളില്‍ ജനിച്ചുവെന്ന കാരണത്താല്‍മാത്രം അവരെ പാര്‍ശ്വവത്കരിക്കാനുള്ള ശ്രമങ്ങളില്‍നിന്ന് പിന്തിരിയണം.