കുപ്രചാരണക്കാര്‍ക്ക് ഓര്‍മയുണ്ടോ പിണറായിയുടെ ക്ലാസ് ?

Wednesday 18 October 2017 10:02 pm IST

ആലപ്പുഴ: ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയുടെ പേരില്‍ നുണക്കഥകളുമായിറങ്ങുന്ന സിപിഎം, രാഷ്ട്രീയ എതിരാളികളെ കൊല്ലേണ്ടതെങ്ങനെയെന്ന പിണറായി വിജയന്റെ സ്റ്റഡി ക്ലാസ് മറക്കുന്നതെങ്ങനെ? കേരളത്തിലെ ആദ്യ രാഷ്ട്രീയ കൊലപാതകമായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസിലുള്‍പ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പൈശാചിക മുഖം ജനങ്ങള്‍ക്ക് മുന്നില്‍ വലിച്ചുകീറിയത് ഒരുകാലത്ത് കണ്ണൂര്‍ സിപിഎമ്മിന്റെ അത്ഭുതക്കുട്ടിയായിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയാണ്. താന്‍ സിപിഎമ്മില്‍ ഉണ്ടായിരുന്ന കാലത്തെ അനുഭവം ചൂണ്ടിക്കാട്ടി അബ്ദുള്ളക്കുട്ടി മൂന്നു വര്‍ഷം മുമ്പ് കോണ്‍ഗ്രസ് മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് പിണറായിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ ബംഗാളികളെ കണ്ട് പഠിക്കണമെന്നും ഒരു തുള്ളി ചോര പോലും പൊടിയാതെയാണ് അവരുടെ പരിപാടിയെന്നും പിണറായി പറഞ്ഞതായി അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടുന്നു. ആദ്യം ആളെ തട്ടിക്കൊണ്ടുപോകും. പിന്നീട് നല്ല ആഴമുള്ള കുഴിയില്‍ ഒരു ചാക്ക് ഉപ്പുംചേര്‍ത്ത് കുഴിച്ച് മൂടും. ചോരയും ചിത്രവും വാര്‍ത്തയും ലോകമറിയില്ലെന്നും പിണറായി പറഞ്ഞതായി അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തുന്നു. കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ പിണറായിയുടെ നേതൃത്വത്തില്‍ 2008 മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന കൂടിയാലോചനാ യോഗത്തിലാണ് പരാമര്‍ശമുണ്ടായതെന്നുമാണ് അന്നത്തെ വെളിപ്പെടുത്തല്‍. പിണറായിയുടെ പരാമര്‍ശം കേട്ട് നാവു വരണ്ടുപോയെന്നും പിന്നീട് കുറച്ച് കാലം മാത്രമാണ് പാര്‍ട്ടിയില്‍ തുടര്‍ന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. സുഹൃത്തും എംപിയുമായിരുന്ന സുരേഷ് കുറുപ്പിനോടും ഇക്കാര്യം പങ്കുവച്ചു. ഈ അനുഭവങ്ങള്‍ 'നിങ്ങളെന്നെ കോണ്‍ഗ്രസാക്കി'യെന്ന ആത്മകഥയ്ക്കു വേണ്ടി എഴുതിയതായിരുന്നെങ്കിലും ഭയം കാരണം ഇവ പിന്നീട് കീറിക്കളഞ്ഞു. ഇത് ഇപ്പോള്‍ പുറത്തുപറയാന്‍ ധൈര്യമേകിയത് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ കോടതി വിധിയാണെന്നും ലേഖനത്തില്‍ അബ്ദുള്ളക്കുട്ടി പറയുന്നു. അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയായ 'നിങ്ങളെന്നെ കോണ്‍ഗ്രസാക്കി' എന്ന പുസ്തകത്തില്‍ വിവരിക്കുമ്പോള്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോയെ വരെ നിയന്ത്രിക്കുന്ന കണ്ണൂര്‍ ലോബിയുടെ വികൃത മുഖമാണ് അനാവരണം ചെയ്യുന്നത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി. അത്തരം മന്ത്രിമാരേ കണ്ണൂരില്‍ വാഴൂ. അതാണ് കണ്ണൂരിലെ കേഡര്‍ നയം. 'ചോരയുടെ മണം' എന്ന അദ്ധ്യായത്തില്‍ കണ്ണൂരിലെ കൊലപാതകരാഷ്ട്രീയം വളര്‍ത്തിയതില്‍ സിപിഎമ്മിന്റെ പങ്കും അബ്ദുള്ളക്കുട്ടി വിശദീകരിക്കുന്നു.