സോളാറില്‍ കുടുങ്ങി സര്‍ക്കാര്‍

Wednesday 18 October 2017 11:36 pm IST

തിരുവനന്തപുരം: മഹത്തായതെന്തോ ചെയ്യുന്നുവെന്ന മട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു പ്രഖ്യാപിച്ച സോളാര്‍ കേസ് തുടരന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുടുങ്ങി. പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് ഒരാഴ്ചയായെങ്കിലും ഉത്തരവിറങ്ങിയില്ല. ഉത്തരവിറക്കിയിട്ടും കാര്യമില്ലെന്നതാണ് കാരണം. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍, അച്ചടക്ക നടപടിയും തുടരന്വേഷണവും പ്രഖ്യാപിച്ചത്. അന്വേഷണം തുടങ്ങണമെങ്കില്‍ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിനു കൈമാറണം. എന്നാല്‍, നിയമസഭയിലേ റിപ്പോര്‍ട്ട് വയ്ക്കൂയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് നല്‍കാത്തത് ഇക്കാര്യം പറഞ്ഞാണ്. അതിനാല്‍ റിപ്പോര്‍ട്ട് അന്വേഷണസംഘത്തിനു മാത്രമായി നല്‍കിയാല്‍ വിവാദമാകും. റിപ്പോര്‍ട്ട് നല്‍കാത്തതിനു പറയുന്ന ന്യായം നിലനില്‍ക്കുന്നതുമല്ല. നിയമസഭയില്‍ വയ്ക്കും മുമ്പ് മാറാട് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുകൊടുത്ത കീഴ്‌വഴക്കവുമുണ്ട്. റിപ്പോര്‍ട്ട് പുറത്താക്കിയാല്‍ കുഴപ്പമെന്തെന്ന ചോദ്യത്തിന് സര്‍ക്കാരിന് ഉത്തരം നല്‍കാന്‍ കഴിയുന്നുമില്ല. ആരോപണവിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ന്യായം പറയാന്‍ അവസരം ഒരുക്കി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. കമ്മീഷന്റെ വിശ്വാസ്യതയില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ അന്വേഷണ സംഘത്തലവന്‍ ഡിജിപി എ. ഹേമചന്ദ്രന്‍ രംഗത്തെത്തിയതും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി. കോണ്‍ഗ്രസ് സഖ്യത്തിനു ശ്രമിക്കുന്ന പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിക്ക് തടയിടാനാണ് റിപ്പോര്‍ട്ടിന്മേല്‍ ധൃതിയില്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും സൂചനയുണ്ടായിരുന്നു. റിപ്പോര്‍ട്ട് ഉപയോഗിച്ച് ബ്ലാക്‌മെയിലിങ് രാഷ്ട്രീയം പയറ്റുകയെന്നതും ലക്ഷ്യമായിരുന്നു. ഇതൊക്കെ ശരിവയ്ക്കുന്നതാണ് സര്‍ക്കാര്‍ നടപടികളും. കമ്മീഷന്റെ റിപ്പോര്‍ട്ടിനോടുള്ള വിയോജിപ്പ് മുഖ്യമന്ത്രിയെ നേരിട്ടറിയിച്ച എ. ഹേമചന്ദ്രന്‍ പിന്നീട് പോലീസ് മേധാവിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്തും നല്‍കി. തന്റെ ഭാഗം കേള്‍ക്കാതെയാണ് കമ്മീഷന്‍ നിഗമനത്തിലെത്തിയതെന്നാണ് ഹേമചന്ദ്രന്റെ പരാതി.