എലിപ്പനി: മരണം 100

Wednesday 18 October 2017 11:38 pm IST

കൊച്ചി: സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണാതീതമായി. ഒമ്പതു മാസത്തിനുള്ളില്‍ എലിപ്പനി ബാധിച്ച് മരിച്ചത് 100 പേരെന്ന് ആരോഗ്യ വകുപ്പ്. പതിനെട്ട് ദിവസത്തിനുള്ളില്‍ 16 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 233 പേര്‍ ചികിത്സയില്‍. ഈ വര്‍ഷം 2,984 പേര്‍ക്കാണ് എലിപ്പനി പിടിപെട്ടതെന്നും ആരോഗ്യ വകുപ്പ് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ മാസമാണ് എലിപ്പനി കൂടുതല്‍ പടര്‍ന്നു തുടങ്ങിയത്. ഒക്ടോബര്‍ ഒന്നിന് ആരോഗ്യ വകുപ്പിന്റെ കണക്കില്‍ 27 പേര്‍ക്ക് മാത്രമായിരുന്ന എലിപ്പനി പതിനേഴ് ദിവസത്തിനുള്ളില്‍ 206 പേരിലേക്ക് പടര്‍ന്നു. എല്ലാ ജില്ലകളിലും രണ്ടും മൂന്നും പേരില്‍ എലിപ്പനി കണ്ടെത്തി. തിരുവനന്തപുരത്ത് മൂന്ന് പേരിലും പത്തനംതിട്ടയില്‍ നാല് പേരിലും കണ്ണൂരില്‍ രണ്ടുപേരിലും ആലപ്പുഴയും കോഴിക്കോട്ടും ഓരോരുത്തരിലും ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതിനൊപ്പം മലമ്പനിയും മഞ്ഞപ്പിത്തവും പടരുന്നുണ്ട്.  ഡെങ്കിപ്പനി പിടിപെടുന്നവരുടെ എണ്ണവും വര്‍ധിച്ചു. മഞ്ഞപ്പിത്തം 209 പേര്‍ക്കും മലേറിയ 40 പേരിലും 1,374 പേരില്‍ ഡെങ്കിപ്പനിയും 18 ദിവസത്തിനുള്ളില്‍ കണ്ടെത്തി.