മുരുകന്റെ മരണം: നരഹത്യാക്കുറ്റത്തിന് തെളിവുണ്ടെന്ന് പോലീസ്

Friday 20 October 2017 12:27 am IST

കൊച്ചി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന് ചികിത്സ നിഷേധിച്ച കേസില്‍ ഡോക്ടര്‍മാര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ വിദഗ്ധാഭിപ്രായം തേടിയിട്ടുണ്ടെന്നു പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. ബിലാല്‍ അഹമ്മദ്, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ശ്രീകാന്ത് വലസപ്പള്ളി, ഡോ. പാട്രിക് പോള്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ഡോക്ടര്‍മാര്‍ക്കെതിരെ ചുമത്താന്‍ കാരണമെന്തെന്ന് വിശദീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ് വിശദീകരണം നല്‍കിയത്. അന്തിമ തീരുമാനത്തിനായി മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. മുരുകന്റെ തലയ്‌ക്കേറ്റ മാരകമായ പരിക്ക് മരണത്തിന് കാരണമാകും എന്നറിഞ്ഞിട്ടും ചികിത്സ നിഷേധിച്ചതിനാലാണ് ഡോക്ടര്‍മാര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയതെന്ന് കൊട്ടിയം പോലീസ് സ്റ്റേഷനിലെ സിഐ ജി. അജയനാഥ് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ഡോക്ടര്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി 24ന് പരിഗണിക്കും. മുരുകനൊപ്പം നില്‍ക്കാന്‍ ആളില്ലെന്ന കാരണം പറഞ്ഞാണ് ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ ചികിത്സ നിഷേധിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ ഒഴിവില്ലെന്നായിരുന്നു കാരണം. തലയ്ക്കു പരിക്കേറ്റ രോഗികള്‍ക്കുള്ള അടിസ്ഥാന ചികിത്സ പോലും മുരുകന് നിഷേധിച്ചു. മുരുകന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പറഞ്ഞിട്ടുണ്ട്. ഡോക്ടര്‍മാരുടെ മൊഴിയും വിശദീകരണവും ലഭിച്ചു.