പുതിയ നീക്കവുമായി സരിത; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Thursday 19 October 2017 10:13 am IST

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതാ നായര്‍ മുന്‍ അന്വേഷണ സംഘത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കേസ് അന്വേഷണത്തില്‍ മുന്‍ അന്വേഷണ സംഘത്തിന് വീഴ്ചകളുണ്ടായി എന്നാണ് പരാതി. തന്നെ പ്രതിയാക്കാന്‍ കരുതിക്കൂട്ടി ശ്രമം നടന്നുവെന്നും പരാതിയില്‍ പറയുന്നു. സരിതയുടെ പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. മുന്‍ സര്‍ക്കാരിന്റെ ഭാഗമായുള്ളവര്‍ പ്രതിപ്പട്ടികയിലുള്ളതിനാല്‍ കേസ് അട്ടിമറിക്കപ്പെട്ടു. താന്‍ ഉന്നയിച്ച പരാതികള്‍ അന്വേഷിച്ചില്ല. തന്നെ പ്രതിയാക്കാന്‍ ഇപ്പോഴും ശ്രമം നടക്കുന്നുവെന്നും നീതി ലഭിച്ചില്ലെന്നും സരിതയുടെ പരാതിയില്‍ പറയുന്നു. പീഡിപ്പിച്ചവരുടെ പേരുകളും സരിത പരാതിയില്‍ ആവര്‍ത്തിക്കുന്നുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയിലെ അതൃപ്തി അറിയിച്ച്‌ സോളാര്‍ തട്ടിപ്പിനെക്കുറിച്ച്‌ അന്വേഷിച്ച ഡിജിപി എ.ഹേമചന്ദ്രന്‍ സര്‍ക്കാരിന് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു. അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കാമെന്നും ഭവിഷ്യത്തു നേരിടാന്‍ തയാറാണെന്നുമാണ് ഹേമചന്ദ്രന്റെ കത്തില്‍ പറയുന്നത്.