സോളാര്‍ റിപ്പോര്‍ട്ട്: നവംബര്‍ 9ന് പ്രത്യേക സഭാ സമ്മേളനം

Friday 20 October 2017 12:30 am IST

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം നവംബര്‍ ഒമ്പതിന്. അന്നേ ദിവസം സമ്മേളനം വിളിക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. റിപ്പോര്‍ട്ടില്‍ വീണ്ടും നിയമോപദേശം തേടാനും മുന്‍ സുപ്രീംകോടതി ജഡ്ജിയുടെ സഹായം തേടാനും തീരുമാനം. സോളാര്‍ തട്ടിപ്പും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അതിന്മേല്‍ സ്വീകരിക്കേണ്ട നടപടികളും നേരത്തെ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. റിപ്പോര്‍ട്ട് പ്രകാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരടക്കം നിരവധി യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. അന്വേഷണത്തിന് പ്രത്യേക സംഘത്തേയും നിയോഗിച്ചു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുന്ന കുറിപ്പ് സഹിതമായിരിക്കും സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുക. അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെക്കുറിച്ച് മുന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസും സുപ്രീംകോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് അരിജിത്ത് പസായത്തില്‍ നിന്ന് നിയമോപദേശം തേടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കണമെന്നും അതിനായി പ്രത്യേക സമ്മേളനം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.