കാക്കനാടന്റെ ഓര്‍മ്മകള്‍ക്ക് ആറ് വയസ്സ്

Thursday 19 October 2017 10:54 am IST

കൊല്ലം: കാക്കനാടന്റെ പേരിനെയും പ്രശസ്തിയെയും സ്വന്തം കൂട്ടിലാക്കാന്‍ നോക്കിയവര്‍ ആ വഴി മറന്നിട്ട് കൊല്ലം ആറാകുന്നു, കാക്കനാടന്റെ ഓര്‍മ്മകള്‍ക്ക് വയസ്സ് ആറ്. അന്ന് സാംസ്‌കാരികവകുപ്പ് ഭരിക്കുന്നത് കൊല്ലത്തുകാരന്‍ എം.എ. ബേബി. കൊല്ലം കമ്പോളത്തിന്റെ കഥ പറഞ്ഞ കാക്കനാടന്റെ ഓര്‍മ്മകളെ പാര്‍ട്ടിക്കമ്പോളത്തിലിറക്കി മന്ത്രിയും കൂട്ടരും പറഞ്ഞത് വലിയ വലിയ കാര്യങ്ങള്‍. എഴുത്തുകാരന്റെ പേരില്‍ ഫൗണ്ടേഷനും ദേശീയതലത്തില്‍ പുരസ്‌കാരപ്രഖ്യാപനവുമൊക്കെയായി ആഘോഷം. പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടന്നുകണ്ടില്ലെന്ന് കാക്കനാടനെ ഇഷ്ടപ്പെടുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. അതങ്ങനെയാണ്. ഒരിക്കലും കൂട്ടിലെ കിളിയാകാന്‍ നിന്നുകൊടുത്തില്ല കാക്കനാടന്‍. സടയെടുത്തു നില്‍ക്കുന്ന സിംഹമായിരുന്നു അത്. അങ്ങനെ ഒരാളേ മലയാളത്തിനുണ്ടായിരുന്നുള്ളൂ. ശരിയെന്ന് തോന്നുന്നത് ഉറക്കെ വിളിച്ചു പറഞ്ഞവന്‍, തോളൊപ്പമെത്തുന്ന മുടിയിഴകള്‍ തടവി കാക്കനാടന്‍ വിളിച്ചു പറഞ്ഞ ശരികള്‍ അദ്ദേഹത്തെ ആധുനിക സാഹിത്യ മേഖലയില്‍ സടകൊഴിയാത്ത സിംഹമാക്കി. മലയാളത്തിന്റെ സാഹിത്യലോകം പക്ഷരചനകളില്‍ ഏര്‍പ്പെടുകയും പ്രത്യയശാസ്ത്രങ്ങള്‍ക്കിടയില്‍പ്പെട്ട് ഞെരിയുകയും ചെയ്ത കാലഘട്ടത്തില്‍ ജോര്‍ജ്ജ് വര്‍ഗീസ് കാക്കനാടനിലെ കമ്മ്യൂണിസ്റ്റിനെ തെരഞ്ഞവര്‍ ധാരാളമുണ്ട്. ലഹരിയെ എഴുത്താക്കിയ ദല്‍ഹിയിലെ തെരുവുകളും അവിടുത്തെ കൂട്ടായ്മയിലെ ലഹരിയും ആവര്‍ത്തിച്ച് പറഞ്ഞ് ഇതാണ് പുരോഗമനമെന്നും കാക്കനാടന്‍ കമ്മ്യൂണിസ്റ്റാണെന്നും സമര്‍ത്ഥിച്ചവരുണ്ട്. പഴയകാല കമ്മ്യൂണിസ്റ്റുകാരനായിരുന്നു അച്ഛന്‍ എന്നതുകൊണ്ട് ജനിതകമായ ആനുകൂല്യമെങ്കിലും പ്രതീക്ഷിച്ചിരുന്നു സഖാക്കള്‍. പണിയാളര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി പേനയുന്തിയ കാക്കനാടന്‍ പൊള്ളുന്ന സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളോട് മരണം വരെയും കലഹിച്ചു എന്നതാണ് പാഠം. സുവിശേഷവും കമ്മ്യൂണിസവും ഇഴചേര്‍ന്ന ജീവിതമായിരുന്നു അത്. പിന്നീട് സുവിശേഷത്തിന് പിന്നിലെ കെട്ടുകാഴ്ചകള്‍ക്കെതിരെയും കമ്മ്യൂണിസത്തിലെ അരാജകത്വത്തിനെതിരെയും അദ്ദേഹം പൊട്ടിത്തെറിച്ചു. 'കമ്മ്യൂണിസം വ്യഭിചരിക്കപ്പെട്ടിരിക്കുന്നു' എന്ന വലിയ മുറവിളിയോടെ തെരുവിലിറങ്ങിയ ശിവനെന്ന ക്ഷുഭിത യൗവനം ഉഷ്ണമേഖലയിലൂടെ രംഗത്തു വന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഏറെ ഉഷ്ണിച്ചു. ബ്രാന്‍ഡ് ചെയ്യപ്പെടാനാവാത്തവിധം ഉറപ്പുള്ള നിലപാടുകള്‍കൊണ്ട് വ്യത്യസ്തനായിരുന്നു അദ്ദേഹം. തപസ്യ കലാസാഹിത്യവേദിയുടെ സമ്മേളനം കൊല്ലത്ത് നടക്കുമ്പോള്‍ തപസ്യ പ്രവര്‍ത്തകരുടെ ആദരവേറ്റുവാങ്ങാന്‍ അദ്ദേഹം എത്തി. ഇടതുപക്ഷ സഹയാത്രികനാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ വരെ പരിശ്രമങ്ങള്‍ നടക്കുമ്പോഴും കാക്കനാടന്‍ തന്റെ നിലപാടുകള്‍ക്ക് വ്യത്യസ്തമായി ആരോടും സന്ധിചെയ്തില്ല. എഴുത്തിലും ജീവിതത്തിലും കാക്കനാടന്‍ ആരെയും ഭയന്നില്ല. പദവികള്‍ ഇരന്നില്ല, പട്ടങ്ങള്‍ മോഹിച്ചില്ല, എല്ലാം തേടിവന്നിട്ടുണ്ട്. അമ്പതിനടുത്ത് രചനകളിലൂടെ കാക്കനാടന്‍ അദ്ദേഹത്തിന്റെ ജീവിതമേഖലകളുടെയെല്ലാം പകര്‍ത്തെഴുത്തുകാരനായി. സ്വന്തം കാഴ്ചവട്ടങ്ങളില്‍ നിന്ന് ശക്തമായ കഥാപാത്രങ്ങള്‍ പിറന്നു. അവര്‍ അതേ പരിസരത്തില്‍ വളര്‍ന്നു. കഥാകാരനൊപ്പം നടന്നു. ഉച്ചയില്ലാത്ത ഒരു ദിവസത്തില്‍ കാക്കനാടന്‍ മടങ്ങിയപ്പോഴും അവര്‍ ബാക്കി നില്‍ക്കുന്നു. ആ വിടവാങ്ങലിന് ആറ് വയസ് പൂര്‍ത്തിയാകുന്നു ഇന്ന്.