മാളിയേക്കലില്‍ റെയില്‍വേ മേല്‍പ്പാലത്തിന് അനുമതി

Thursday 19 October 2017 10:54 am IST

കരുനാഗപ്പള്ളി: ശാസ്താംകോട്ട റോഡില്‍ മാളിയേക്കല്‍ ജങ്ഷനില്‍ റെയില്‍വേ ലെവല്‍ക്രോസിനു ബദലായി നിര്‍ദേശിക്കപ്പെട്ട മേല്‍പ്പാലത്തിന്റെ രൂപരേഖയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. കേന്ദ്ര റെയില്‍ മന്ത്രാലയം നേരത്തെതന്നെ ഇതിന് അനുമതി നല്‍കിയിരുന്നു. കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷനുവേണ്ടി കിറ്റ്‌കോയാണ് രൂപരേഖ തയാറാക്കിയത്. സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങുന്നതിന് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കേരള ഫീഡ്‌സ് കമ്പനിയുടെ സമീപത്തുനിന്നും തുടങ്ങുന്ന മേല്‍പ്പാലം മാളിയേക്കല്‍ പള്ളിക്കു സമീപമാണ് അവസാനിക്കുന്നത്. നിലവിലെ റോഡിന്റെ ഇരുവശങ്ങളില്‍ നിന്നുമായി ഏകദേശം ഒരേക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടതായിവരും. ശാസ്താംകോട്ട-കരുനാഗപ്പള്ളി റൂട്ടില്‍ നിരന്തരം ഗേറ്റ് അടയുന്നതുമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കും കാലതാമസവും ഒഴിവാക്കാന്‍ നിര്‍ദിഷ്ട മേല്‍പ്പാലംമൂലം കഴിയും. മാളിയേക്കല്‍ ലെവല്‍ ക്രോസില്‍ മേല്‍പ്പാലം എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ശാസ്താംകോട്ട, അടൂര്‍, കൊട്ടാരക്കര ഉള്‍പ്പെടെയുള്ള കിഴക്കന്‍ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാനപാതയിലെ ലെവല്‍ ക്രോസ് മിക്ക സമയങ്ങളിലും അടച്ചിടുന്നതിനാല്‍ ഇതുവഴിയാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളും ഉദ്യോസ്ഥരും ഉള്‍പ്പെടെ ഉള്ളവരുടെ ബുദ്ധിമുട്ട് ഏറെയാണ്. പത്തും പതിനഞ്ചും മിനിട്ടിടവിട്ട് റയില്‍വേ ഗേറ്റ് അടച്ചിടുക പതിവാണ്. ട്രെയിന്‍ വരുന്നതിനു മുമ്പേ അടച്ചിടുന്നതുമൂലം ഗേറ്റിന്റെ ഇരുവശങ്ങളിലും നൂറുകണക്കിനു വാഹനങ്ങളാണ് നിരക്കുന്നത്. ഗേറ്റ് തുറന്നാല്‍ ഉണ്ടാകുന്ന തിരക്കുമൂലം അപകടങ്ങളും സംഭവിക്കാറുണ്ട്. ഇരുവശങ്ങളിലുമുളള വാഹനങ്ങള്‍ കടന്നുപോകുന്നതിനു മുന്നേതന്നെ വീണ്ടും ഗേറ്റ് അടയ്ക്കുന്നതും പതിവുകാഴ്ചകളാണ്. ഇതുമൂലം രോഗി കള്‍ ഉള്‍പ്പെടെ ഉള്ള യാത്രക്കാര്‍ ഏറെ ദുരിതത്തിലാണ്. യാത്രാക്ലേശം ഒഴിവാക്കനായി മേല്‍പ്പാലമെന്ന ആവശ്യവുമായി കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നു. മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ കരുനാഗപ്പള്ളിയില്‍ മാളിയേക്കല്‍, പുതിയകാവ് ചിറ്റുമൂല എന്നിവിടങ്ങളില്‍ മേല്‍പ്പാലങ്ങള്‍ അനുവദിച്ചതാണ്. സ്ഥലമെടുപ്പ് ഉള്‍പ്പെടെ ഉള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അതിന് താമസം ഉണ്ടായതാണ് മേല്‍പ്പാലം വൈകാന്‍ കാരണമായത്. സോയില്‍ ടെസ്റ്റ് ഉള്‍പ്പെടെ റെയില്‍വേ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തി ആയിട്ടുണ്ട്.