കുണ്ടും കുഴിയുമായി റോഡുകള്‍; ശബരിമല തീര്‍ത്ഥാടകര്‍ വലയും

Thursday 19 October 2017 10:55 am IST

കുന്നത്തൂര്‍: മണ്ഡലകാലമെത്താറായിട്ടും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഇഴയുന്നു. ഇക്കുറി തീര്‍ത്ഥാടകര്‍ക്ക് റോഡ് യാത്ര കഠിന മാകും. ഭരണിക്കാവ്- കൊട്ടാരക്കര റോഡ് പൂര്‍ണമായും തകര്‍ന്നുകിടക്കുകയാണ്. അറ്റകുറ്റപ്പണി കുഴിയടയ്ക്കലില്‍ മാത്രം ഒതുങ്ങുന്നതാണ് റോഡുകളുടെ തകര്‍ച്ചയ്ക്ക് കാരണം.' ഭരണിക്കാവ് മുതല്‍ കൊട്ടാരക്കര വരെയുള്ള 20 കിലോമീറ്റര്‍ റോഡിന്റെ 70 ശതമാനവും തകര്‍ച്ചയിലാണ്. ഏനാത്ത് പാലം അടച്ചപ്പോള്‍ കൂടുതല്‍ വാഹനങ്ങള്‍ ഇതുവഴി കടന്നുപോയതും തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ഭരണിക്കാവ്, സിനിമാപറമ്പ്, പൈപ്പ്മുക്ക്, തൊളിക്കല്‍, നെടിയവിള, കോട്ടാത്തല, വെണ്ടാര്‍, ആവണീശ്വരം, മാമൂട് തുടങ്ങിയ സ്ഥലങ്ങളില്‍ എല്ലാം തന്നെ വലിയ ഗര്‍ത്തങ്ങളാണ് റോഡിലുള്ളത്. പാങ്ങോട്-ശിവഗിരി ദേശീയപാതയുടെ ഭാഗമായ പാങ്ങോട് മുതല്‍ പുത്തൂര്‍ ടൗണ്‍ വരെയുള്ള നാല് കിലോമീറ്റര്‍ മാത്രമാണ് കുഴികള്‍ ഇല്ലാത്തത്. കുന്നത്തൂര്‍, കോട്ടാത്തല ഭാഗങ്ങളില്‍ കുടിയടയ്ക്കല്‍ ആരംഭിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ മണ്ഡല കാലാരംഭത്തിന് രണ്ട് മാസം മുന്‍പെങ്കിലും അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമായിരുന്നു. മഴ ശക്തമാകുന്നതോടെ പണികള്‍ അവസാനിക്കാനാണ് സാധ്യത. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിതടഞ്ഞു പത്തനാപുരം: ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ തടഞ്ഞു. പത്തനാപുരം-ശബരിമല റോഡില്‍ കല്ലുംകടവിനു സമീപം കഴിഞ്ഞ രാത്രിയില്‍ നടന്നുവന്ന പണിയാണ് തടഞ്ഞത്. തീര്‍ത്ഥാടനത്തിനു മുന്നോടിയായി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് രാത്രിയിലും ജോലി നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ജിഎസ്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കുംവരെ പണി നടത്തേണ്ടതില്ലെന്ന സംഘടനാ തീരുമാനം അനുസരിച്ചാണ് അറ്റകുറ്റപ്പണി തടഞ്ഞതെന്ന് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. കരാറുകാരുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് റോഡുകളുടെ പുനരുദ്ധാരണം ഇന്ന് മുതല്‍ വീണ്ടും പുനരാരംഭിക്കും. നിലവില്‍ രാത്രി മാത്രമാണ് നിര്‍മ്മാണം നടന്നുവരുന്നത്. ശക്തമായ മഴമൂലം പണികള്‍ പൂര്‍ത്തീകരിക്കാനും സാധിച്ചിരുന്നില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ റോഡ് സഞ്ചാരയോഗ്യമാക്കാനാണ് അധികൃതരുടെ തീരുമാനം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.