പാക്കിസ്ഥാനികൾക്ക് സുഷമയുടെ കാരുണ്യം നിറഞ്ഞ ദീപാവലി സമ്മാനം

Thursday 19 October 2017 11:33 am IST

ന്യൂദൽഹി: ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട കേന്ദ്രമന്ത്രിമാരിലൊരാളാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അവരുടെ ലാളിത്യവും മാനുഷിക മൂല്യങ്ങൾ നിറഞ്ഞതുമായ പ്രവർത്തികൾ ലോകമാനം പ്രശംസയ്ക്ക് അർഹമായിട്ടുണ്ട്. അടുത്തിടെ പാക്കിസ്ഥാനിൽ നിന്നുമുള്ള ഒരു ബാലന് ഹൃദയ സംബന്ധിതമായ ചികിത്സ ഇന്ത്യയിൽ നടത്താനുള്ള മെഡിക്കൽ വിസ അനുവദിച്ച് നൽകിയിരിക്കുകയാണ് സുഷമ സ്വരാജ്. കുട്ടിയുടെ പിതാവ് ട്വിറ്റർ അക്കൗണ്ട് വഴിയാണ് സുഷമയോട് മെഡിക്കൽ വിസയ്ക്ക് അപേക്ഷിച്ചത്. നിങ്ങളുടെ മകന് വേണ്ട ചികിത്സയ്ക്കുള്ള മരുന്നിന് കുറവ് വരുകയില്ല, പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറോട് വിസ നൽകുന്നതിനു വേണ്ടിയുള്ള നടപടി ക്രമങ്ങൾ ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്- അതിന് മറുപടിയായി സുഷമ ട്വീറ്റ് ചെയ്തു. ഈ ബാലന് പുറമെ മറ്റൊരു പാക്കിസ്ഥാനി വനിതയ്ക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിനു വേണ്ടിയുള്ള മെഡിക്കൽ വിസയും സുഷമ അനുവദിച്ച് നൽകി. സുഷമയുടെ മാനുഷിക പരിഗണന നിറഞ്ഞ് നിൽക്കുന്ന ഇത്തരത്തിലുള്ള നടപടി ക്രമങ്ങൾ ഏവരും ഹൃദ്യമായ രീതിയിലാണ് കാണുന്നത്.