ദിലീപ് വ്യാജചികിത്സാ രേഖ ഉണ്ടാക്കിയെന്ന് പോലീസ്

Friday 20 October 2017 12:23 am IST

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം നല്‍കാനൊരുങ്ങുന്ന പോലീസ് നടന്‍ ദിലീപിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. ജാമ്യത്തിലിറങ്ങിയ ദിലീപിനെ ഒന്നാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം ഉടന്‍ നല്‍കുമെന്നും സൂചന. നടി ആക്രമിക്കപ്പെട്ട ദിവസവും പിന്നീടും ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്നു തെളിയിക്കാന്‍ ദിലീപ്, വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയെന്നു പോലീസ് കണ്ടെത്തിയെന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഫെബ്രുവരി 14 മുതല്‍ 17 വരെ ദിലീപ് പനി ബാധിച്ച് ചികിത്സയിലായിരുന്നെന്നാണ് രേഖയില്‍. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് ദിലീപ് ചികിത്സയിലായിരുന്നുവെന്ന് സ്ഥാപിക്കാനാണിത്. എന്നാല്‍, ഈ ദിവസങ്ങളില്‍ ആശുപത്രിയില്‍ ചികിത്സയിലില്ലായിരുന്നെന്നാണ് പോലീസ് പറയുന്നത്. നടിക്ക് ഐക്യദാര്‍ഢ്യവുമായി എറണാകുളത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ദിലീപ് പങ്കെടുത്തു. തൊട്ടടുത്ത ദിവസം സിനിമയിലും അഭിനയിച്ചുവെന്നും പോലീസ് കണ്ടെത്തി. ആശുപത്രിയിലെ നഴ്‌സുമാരെയും ഡോക്ടര്‍മാരേയും വിശദമായി ചോദ്യം ചെയ്ത ശേഷമാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, ദിലീപ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നെന്ന വാദവുമായി ഒരു ഡോക്ടര്‍ രംഗത്തെത്തി. ഇത് ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. ആസൂത്രണത്തിനും ഗൂഢാലോചനയ്ക്കും നേതൃത്വം നല്‍കിയത് ദീലീപാണെന്ന് ആരോപിച്ചാണ് ഒന്നാം പ്രതിയാക്കാനുള്ള പോലീസിന്റെ നീക്കം. ഇതു സംബന്ധിച്ച തെളിവുകള്‍ കുറ്റപത്രത്തിലുണ്ടാകും.