ദല്‍ഹിയിലെ വായുമലിനീകരണം അപകടകരമായ നിലയില്‍

Thursday 19 October 2017 12:28 pm IST

  ന്യൂദല്‍ഹി: ദീപാവലി ആഘോഷവേളയില്‍ തലസ്ഥാനനഗരിയിലെ വായുമലിനീകരണത്തിന്റെ തോത് അപകടകരമായ നിലയിലേയ്‌ക്കെന്ന് റിപ്പോര്‍ട്ട്. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് അനുസരിച്ച് ദല്‍ഹിയിലെ ആനന്ദ് വിഹാര്‍ പഞ്ചാബി ബാഘ് എന്നിവടങ്ങളില്‍ ഏറ്റവും കൂടിയ രീതിയിലാണുള്ളത്.  740, 466 എന്നിങ്ങനെയാണ് ഇൗ പ്രദേശങ്ങളിലെ മലിനീകരണ തോത്. 17 വര്‍ഷത്തിനിടയിലെ സംസ്ഥാനത്തെ ഇപ്പോഴത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ആര്‍ കെ പുരമാവട്ടെ 298 പോയിന്റിലാണ് നില്‍ക്കുന്നത്. 999 മൈക്രോഗ്രാമാണ് ഇപ്പോഴത്തെ മലിനീകരണത്തിന്റെ നിരക്ക്. മലിനീകരണം കുറയ്ക്കാനായി ഇക്കുറി ദീപാവലിയ്ക്ക് ദല്‍ഹിയിലും പരിസരപ്രദേശങ്ങളിലും പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിരുന്നു. ദല്‍ഹിയില്‍ അനുഭവപ്പെടുന്ന വായു മലിനീകരണം ലോകരാഷ്ട്രങ്ങള്‍ക്കുള്ള സൂചനയാണെന്ന് യുനിസെഫ് നേരത്തെ വ്യക്തമാക്കിയിരുന്നു .പുകപടലങ്ങള്‍ നിറഞ്ഞ മഞ്ഞ് പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും യുനിസെഫ് പറഞ്ഞു. ദല്‍ഹിയിലെ കുട്ടികള്‍  വായുമലിനീകരണം മൂലമുള്ള ക്ലേശങ്ങള്‍ അനുഭവിക്കുന്നുണ്ട്. കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മാരകമായ രോഗത്തിനും ഇത് കാരണമായേക്കാവുന്നതാണ്. പ്രതിവര്‍ഷം 10 ലക്ഷം കുട്ടികളാണ് ലോകത്ത് ന്യുമോണിയ ബാധിച്ച് മരിക്കുന്നത്. ഇത് ബാധിക്കാനുള്ള മുഖ്യകാരണവും വായുമലിനീകരണമാണ്. ലണ്ടന്‍, ബീജിങ്, മെക്സിക്കോ സിറ്റി, ലോസ്ഏഞ്ജല്‍സ്, മനില എന്നിവിടങ്ങളിലെ വായുമലിനീകരണത്തിന്റെ അളവ് വളരെ ഉയര്‍ന്ന നിരക്കിലാണെന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.