നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പൂട്ടണം

Thursday 19 October 2017 9:54 pm IST

കൊച്ചി: സംസ്ഥാനത്തുള്ള നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണമെന്നു ഹൈക്കോടതി പോലീസിനു നിര്‍ദേശം നല്‍കി. മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും മതത്തിന്റെ പശ്ചാത്തലത്തിലല്ല മിശ്ര വിവാഹങ്ങളെ വിലയിരുത്തേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

തന്റെ ഭാര്യ ശ്രുതിയെ വിട്ടുകിട്ടാന്‍ കണ്ണൂര്‍ പരിയാരം സ്വദേശി അനീസ് ഹമീദ് നല്‍കിയ ഹേബിയസ് ഹര്‍ജിയും തങ്ങളുടെ വീട്ടില്‍ പരിശോധന നടത്താന്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടതു ചോദ്യം ചെയ്ത് ശ്രുതിയുടെ രക്ഷിതാക്കളായ എം. രാജനും ഗീത രാജനും നല്‍കിയ ഹര്‍ജിയും പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ശ്രുതിയും അനീസും ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായതാണെന്ന് ബോധ്യമുണ്ടെന്നു കോടതി പറഞ്ഞു. ഇരുവരും മതം മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതിയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തി ല്‍ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ ശ്രുതിയെ അനുവദിക്കുന്നു. ഭാവികാര്യങ്ങള്‍ ദമ്പതിമാര്‍ക്ക് തീരുമാനിക്കാം. ഇതില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടാവുന്നില്ലെന്ന് പോലീസ് ഉറപ്പു വരുത്തണമെന്നും വിധിയില്‍ പറയുന്നു.

ശ്രുതിയുടെ കേസില്‍ ലൗ ജിഹാദാണെന്ന് മാതാപിതാക്കളും ഘര്‍വാപ്പസിക്ക് നിര്‍ബന്ധിക്കുന്നെന്ന് അനീസും ആരോപിക്കുന്നു. മിശ്ര വിവാഹങ്ങളെല്ലാം ലൗ ജിഹാദോ ഘര്‍വാപ്പസിയോ ആണെന്നു വിലയിരുത്തുന്ന പ്രവണത ശരിയല്ല. പ്രണയ വിവാഹങ്ങളില്‍ പോലും ഈ ആരോപണം ഉയരുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പോലീസ് അവസാനിപ്പിക്കണം. ഇക്കാര്യത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം വിവേചനം വേണ്ട. പൗരന് ഏതു മതം സ്വീകരിക്കാനും പിന്തുടരാനും അവകാശമുണ്ടെന്ന് ഭരണഘടനയുടെ 25(1) അനുച്ഛേദം വ്യക്തമാക്കിയിട്ടുണ്ട്. ഈ അവകാശത്തെ ഏതെങ്കിലും ശക്തികള്‍ക്കോ മതസ്ഥാപനങ്ങള്‍ക്കോ ചവിട്ടി മെതിക്കാനാവില്ലെന്ന് 20 പേജുള്ള വിധിന്യായത്തില്‍ പറയുന്നു.

അനീസിന്റെ ഹര്‍ജി അനുവദിച്ച് ശ്രുതിയെ ഒപ്പം വിട്ടതിനൊപ്പം ശ്രുതിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളി.

നടപടിയെടുക്കും: സര്‍ക്കാര്‍

കൊച്ചി: നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്കെതിരെ ഫലപ്രദമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തൃശൂര്‍ സ്വദേശി റിന്റോ ഐസക്ക് തന്റെ ഭാര്യ ഡോ. ശ്വേതയെ വിട്ടുകിട്ടാന്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചത്. ഹര്‍ജി പിന്നീടു പരിഗണിക്കാന്‍ മാറ്റി.

മതം മാറി വിവാഹം കഴിച്ച തന്നെ തൃപ്പൂണിത്തുറയിലെ യോഗ സെന്ററില്‍ തടവിലാക്കി ക്രൂരമായി ഉപദ്രവിച്ചെന്ന് ഡോ.ശ്വേത ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു.