''നിങ്ങളാണ് എന്റെ കുടുംബം''

Thursday 19 October 2017 9:49 pm IST

ന്യൂദല്‍ഹി: ശത്രുരാജ്യത്തിന്റെ വെടിയുണ്ടകള്‍ പാഞ്ഞെത്തുന്ന ജമ്മു കശ്മീരിലെ ഗുരസ് താഴ്‌വരയില്‍ അതിര്‍ത്തി കാക്കുന്ന സൈനികരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ''എല്ലാവരെയും പോലെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാനാണ് ഞാനും ആഗ്രഹിച്ചത്. നിങ്ങളാണ് എന്റെ കുടുംബം. അതുകൊണ്ടാണ് ദീപാവലി ദിനത്തില്‍ ഞാനിവിടെയെത്തിയത്''. ദീപാവലി മധുരത്തോടൊപ്പമെത്തിയ പ്രധാനമന്ത്രിയുടെ വാക്കുകള്‍ സൈനികര്‍ക്ക് സമ്മാനിച്ചത് ഇരട്ടിമധുരം. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. 2014ല്‍ സിയാച്ചിനിലെയും 2015ല്‍ പഞ്ചാബിലെ ഇന്ത്യാ-പാക്ക് അതിര്‍ത്തിയിലെയും സൈനികര്‍ക്കൊപ്പമായിരുന്നു മോദിയുടെ ആഘോഷം. കഴിഞ്ഞ വര്‍ഷം ഹിമാചല്‍ പ്രദേശിലെ അതിര്‍ത്തി ഗ്രാമത്തില്‍ സൈനികര്‍ക്കും ഗ്രാമീണര്‍ക്കും മോദി മധുരം നല്‍കി. സൈനികരുടെ ക്ഷേമത്തിനും ഉന്നതിക്കും സാധ്യമായതെല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്യുമെന്ന് മോദി വ്യക്തമാക്കി. ഏറെ പ്രതികൂലമായ കാലാവസ്ഥയില്‍ ആത്മാര്‍ ത്ഥതയോടെ കര്‍മ്മനിരതരായ സൈനികര്‍ രാജ്യത്തിന് അഭിമാനവും മാതൃകയുമാണ്. ഈ സന്ദര്‍ശനം തനിക്ക് പുതിയ ഊര്‍ജ്ജം നല്‍കുന്നു. സ്ഥിരമായി യോഗ ചെയ്യണമെന്നും അദ്ദേഹം സൈനികരോട് ആവശ്യപ്പെട്ടു. ഇത് കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും ശാന്തത കൈവരിക്കാനും സഹായിക്കും. വിരമിച്ചതിന് ശേഷം സൈനികര്‍ക്ക് യോഗാ ട്രെയിനര്‍മാരായി മാറാന്‍ കഴിയും. ജന്മനാടിനെ സംരക്ഷിക്കാന്‍ ത്യാഗമനുഷ്ഠിക്കുന്ന എല്ലാ സൈനികരും ആത്മസമര്‍പ്പണത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി സന്ദര്‍ശക ബുക്കില്‍ രേഖപ്പെടുത്തി. മധുരം നല്‍കിയും ആശംസയര്‍പ്പിച്ചും സൈനിക വേഷത്തില്‍ രണ്ട് മണിക്കൂറോളം അദ്ദേഹം ചെലവഴിച്ചു. കരസേനാ മേധാവി ബിപിന്‍ റാവത്ത്, വടക്കന്‍ കമാന്‍ഡ് ചീഫ് ലഫ്. ജനറല്‍ ദേവരാജ് അന്‍ബു, ചിനാര്‍ കോര്‍ കമാണ്ടര്‍ ലഫ്.ജനറല്‍ ജെ.എസ്. സന്തു എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു. വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ പാക്ക് സൈനികര്‍ക്ക് ദീപാവലി മധുരം കൈമാറി.