ഡിവൈഎഫ്‌ഐ ഗുണ്ടാ ആക്രമണം പ്രതികളെ പിടികൂടുന്നില്ല

Thursday 19 October 2017 2:03 pm IST

പേട്ട: ബിഎംഎസ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികളെ പിടികൂടുന്നത് വൈകുന്നു. പേരൂര്‍ക്കട പോലീസിലാണ് പരാതി നല്കിയത്. എന്നാല്‍ പ്രതികള്‍ പോലീസിന് കണ്‍മുന്നില്‍ സൈ്വരവിഹാരം നടത്തിയിട്ടും പിടികൂടുന്നില്ല. പകരം സംഭവത്തില്‍ കേസെടുത്തുവെന്ന ഭാഷ്യമാണ് പോലീസ് പറയുന്നത്. കഴിഞ്ഞ 15 നാണ് ബിഎംഎസ് വഞ്ചിയൂര്‍ മേഖല സെക്രട്ടറിയായ ആര്‍. രാജേഷിന് മുട്ടടയില്‍ വച്ച് മര്‍ദ്ദനമേറ്റത്. ഡിവൈഎഫ്‌ഐ ഗുണ്ടകളായ ഡിനി ബാബു, മാങ്കുളം ട്രാവല്‍സ് ഉടമ ഷെഫീക്, സുരേഷ്, ഫ്രീജി, ഉമ്പിടി എന്ന രഞ്ജിത് എന്നിവരെ കൂടാതെ കണ്ടാലറിയുന്ന ഒരാളുമാണ് കേസിലെ പ്രതികള്‍. ഇതില്‍ ഷെഫീക് ഒഴികെയുളളവര്‍ കണ്ണമ്മൂലയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ വിഷ്ണുവിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളുമാണ്. അടുത്ത കാലത്താണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്. വിഷ്ണുവിന്റെ കൊലപാതകത്തില്‍ ആസൂത്രകനായ ഡിനി ഡിവൈഎഫ്‌ഐ പ്രവര്‍ത്തനത്തിലുപരി കണ്ണമ്മൂലയിലെ സിഐടിയു അംഗവുമാണ്. ലേബര്‍ കാര്‍ഡുളള ഇയാള്‍ മറ്റൊരാളെ യൂണിയന്‍ ജോലികള്‍ക്ക് നിയോഗിച്ചാണ് യൂണിയന്‍ അംഗത്വം നിലനിര്‍ത്തുന്നത്. നഗരത്തിലെയും മറ്റ് ജില്ലകളിലെയും കുപ്രസിദ്ധ ഗുണ്ടകളുമായും ഇയാള്‍ക്ക് അടുത്ത ബന്ധമാണുളളത്. കണ്ണമ്മൂല പുത്തന്‍പാലം കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് തുടങ്ങിയ മയക്കുമരുന്ന് വില്പനകളിലും ഡിനിക്ക് മുഖ്യപങ്കാണുളളത്. ഗുണ്ടാപ്രവര്‍ത്തനം തൊഴിലാക്കിയ ഇയാള്‍ക്കെതിരെ വിഷ്ണു കൊലപാതകവുമായി ബന്ധപ്പെട്ട് ഗുണ്ടാആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് വിഷ്ണുവിന്റെ ബന്ധുക്കള്‍ ഡിജിപി ഉള്‍പ്പെടെയുളളവര്‍ക്ക് പരാതി നല്കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഗുണ്ടകളെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുകയാണ്. രാജേഷിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അടിയന്തരമായി ഡിനി ഉള്‍പ്പെടുന്ന പ്രതികളെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആര്‍. തമ്പി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.