വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയെന്ന് ആക്ഷേപം

Thursday 19 October 2017 2:05 pm IST

മലയിന്‍കീഴ്: മലയിന്‍കീഴില്‍ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥ. മലയിന്‍കീഴ് ക്ഷേത്ര ജംഗ്ഷനില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. വാട്ടര്‍ അതോറിറ്റി അധികൃതരെ വിവരം അറിയിച്ചെങ്കിലും പൈപ്പ് പൊട്ടല്‍ പരിഹരിച്ചിട്ടില്ല. പൊട്ടിഒഴുകുന്ന വെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. കാല്‍നടക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണ് ഏറെ പ്രയാസപ്പെടുന്നത്. വെള്ളം കെട്ടി കിടക്കുന്നത് ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളെയും ബുദ്ധിമുട്ടിക്കുന്നു. മലയിന്‍കീഴ് പഞ്ചായത്തില്‍ രണ്ടുദിവസം കുടിവെള്ളം ലഭിച്ചാല്‍ ഒരാഴ്ചത്തേക്ക് വാട്ടര്‍ അതോറിറ്റി പൈപ്പ് വെള്ളം നല്കാറില്ല. പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ട് ഏഴുദിവസം കഴിഞ്ഞു. പൈപ്പ് വെള്ളം കടന്നു പോകുമ്പോഴും ബോധപൂര്‍വമാണ് പ്രദേശത്ത് കുടിവെള്ളം നല്കാത്തതെന്ന് പൈപ്പ് പൊട്ടിയപ്പോഴാണ് പ്രദേശവാസികളറിയുന്നത്. കുടിവെള്ളത്തിന് മുടക്കം വരുത്തുന്ന വാട്ടര്‍ അതോറിറ്റി അധികൃതര്‍ പൈപ്പ് വെള്ളം പാഴാകുന്നത് പരിഹരിക്കാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. മലയിന്‍കീഴ് ജംഗ്ഷനില്‍ അടുത്തടുത്തായി മൂന്നിടത്തും പൊതുമാര്‍ക്കറ്റിന് സമീപത്തും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്. വിളപ്പില്‍, മാറനല്ലൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലും നിരവധി സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം പാഴാകുന്നുണ്ട്. റോഡിലൂടെ വെള്ളം പായുന്ന വിവരം വാട്ടര്‍ അതോറിറ്റിയെ അറിയിച്ചാലും യാതൊരു പ്രയോജനവുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ഭൂരിഭാഗവും പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഇതിനിടെ മങ്കാട്ടുകടവ് പമ്പിംഗ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന കുടിവെള്ളത്തിന് നിറവ്യത്യാസമുണ്ടെന്നും ആക്ഷേപമുണ്ട്. മാറനല്ലൂര്‍ പഞ്ചാത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ദിവസങ്ങളായി പൈപ്പ് വെള്ളം കിട്ടുന്നില്ലെന്നാണ് പരാതി. വിളപ്പില്‍ പഞ്ചായത്തില്‍ വെള്ളെക്കടവ് പമ്പിംഗ് സ്റ്റേഷനില്‍ ഉള്‍പ്പെട്ട ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടുന്നില്ലെങ്കിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.