മാവോയിസ്റ്റ് നേതാക്കള്‍ കോടീശ്വരന്മാരെന്ന് റിപ്പോര്‍ട്ട്

Thursday 19 October 2017 9:30 pm IST

പാട്‌ന: പാവപ്പെട്ടവര്‍ക്ക് വേണ്ടിയെന്നു പറഞ്ഞ് കൊള്ളയും കൊള്ളിവയ്പ്പും പിടിച്ചുപറിയും നടത്തുന്ന മാവോയിസ്റ്റുകളുടെ ഉന്നത നേതാക്കള്‍ കോടീശ്വരന്മാരെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ രണ്ടു സമുന്നത മാവോയിസ്റ്റ് നേതാക്കളും അവരുടെ കുടുംബങ്ങളും സുഖലോലുപരായിട്ടാണ് ജീവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അണികള്‍ കൊള്ളയടിച്ചും ഭീഷണിപ്പെടുത്തിയും ഉണ്ടാക്കുന്ന പണം ഉപയോഗിച്ച് ഇവര്‍ മഹാരാജാക്കന്മാരെപ്പോലെ വാഴുകയാണ്. ഐബി റിപ്പോര്‍ട്ട് എന്‍ഫോഴ്‌സമെന്റിന് സമര്‍പ്പിച്ചിട്ടുണ്ട്. മാവോയിസ്റ്റ് നേതാക്കളായ സന്ദീപ് യാദവ്, (ബീഹാര്‍) പ്രദ്യുമ്‌നന്‍ ശര്‍മ്മ (ഝാര്‍ഖണ്ഡ്) എന്നിവരുടെ കുട്ടികള്‍ പേരുകേട്ട കോളേജുകളിലാണ് പഠിക്കുന്നത്. അവര്‍ക്ക് സ്‌പോര്‍ട്ട്‌സ് ബൈക്കുകളുണ്ട്. വിമാനത്തിലാണ് യാത്ര. മാവോയിസ്റ്റുകളുടെ ബീഹാര്‍ ഝാര്‍ഖണ്ഡ് പ്രത്യേക മേഖലാ കമ്മിറ്റിയുടെ ചുമതലക്കാരനായ സന്ദീപിനെതിരെ 88 കേസുകളുണ്ട്. അഞ്ചു ലക്ഷം രൂപയാണ് ഇയാളുടെ തലയ്ക്ക് സര്‍ക്കാര്‍ വിലയിട്ടിരുന്നത്. ഇയാളുടെ സഹോദരന്‍ ധനിക് ലാലും മാവോയിസ്റ്റാണ്. പ്രദ്യുമ്‌നന്‍ 51 കേസുകളില്‍ പ്രതിയാണ്. തലയ്ക്ക് അരലക്ഷം രൂപയാണ് വില. സന്ദീപിന്റെ മൂത്ത മകന്‍ പാട്‌നയിലെ പേരുകേട്ട കോളേജിലെ ബിബിഎ രണ്ടം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ്. രണ്ടാമത്തെ മകന്‍ രാഹുല്‍ അമ്മ രജന്തി കുമാരിക്കൊപ്പം റാഞ്ചിയിലാണ് താമസം. ഇയാള്‍ക്കുമുണ്ട് സ്‌പോര്‍ട്‌സ് ബൈക്ക്. റാഞ്ചിയിലെ പേരുകേട്ട കലാലയത്തില്‍ പഠനം. സഹോദരി ഗയയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് പഠിക്കുന്നത്. രജന്തി സ്‌കൂള്‍ അധ്യാപികയാണ്. ശമ്പളത്തിനു പുറമേ 80 ലക്ഷം രൂപയുടെ സ്വത്തുമുണ്ട്. പതിമൂന്നര ലക്ഷം രൂപ വീതം മൂന്ന് അക്കൗണ്ടുകളിലുണ്ട്. രണ്ടര ലക്ഷം രൂപ മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. പ്രദ്യുമ്‌നനും സഹോദരനും കൂടി ജെഹനാബാദില്‍ 250 ഏക്കര്‍ ഭൂമിയുണ്ട്. ഇതിന്റെ വില 83 ലക്ഷം രൂപ. അനന്തരവള്‍ വിമാനത്തിലാണ് യാത്ര ചെയ്യുന്നത്. പഠിക്കുന്നത് കാഞ്ചീപുരം മെഡിക്കല്‍ കോളേജിലും. പ്രവേശനത്തിന് നല്‍കിയത് 22 ലക്ഷം രൂപ.