ലാവണ്യ ചന്ദ്രികയിലേക്കുവന്ന നിഴലിന് 11 വര്‍ഷം

Thursday 19 October 2017 3:43 pm IST

ദക്ഷിണേന്ത്യന്‍ സിനിമയുടെ എക്കാലത്തേയും മുഖശ്രീ ശ്രീവിദ്യ വെള്ളിത്തിരയില്‍നിന്നും യാത്രയായിട്ട് ഇന്നേയ്ക്കു 11 വര്‍ഷം. പ്രേക്ഷക മനസില്‍ നിരവധി കഥാപാത്രങ്ങളെ ശ്രീവിദ്യ അവശേഷിപ്പിച്ചിട്ടുണ്ടെങ്കിലും അതിനെയൊക്കെ മറികടന്ന് അവരുടെ അനുപമ സൗന്ദര്യമാണ് ആദ്യം കടന്നുവരിക. ലാവണ്യത്തിന്റെ തടാക സമൃദ്ധിപോലുള്ള ശ്രീവിദ്യയുടെ വലിയ കണ്ണുകളും കൊത്തിവെക്കപ്പെട്ടമാതിരിയുള്ള മറ്റവയവങ്ങളും കവി വര്‍ണ്ണനകളെ തോല്‍പ്പിക്കും വിധമാണെന്ന് പലരും വാഴ്ത്തിയിട്ടുണ്ട്. അവരുടെ സംഗീതവും നൃത്തവും മനസില്‍നിന്നും ആപാദചൂഡം ശരീരത്തിലേക്കും പകര്‍ന്നതാവണം ആ സൗന്ദര്യകാരണം എന്നുകൂടി കരുതാം. സൗന്ദര്യം കൊണ്ടുമാത്രമല്ല ഭാവാഭിനയത്തിന്റെ തകര്‍പ്പന്‍ വേഷങ്ങള്‍കൊണ്ടുകൂടിയാണ്് ശ്രീവിദ്യ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ജ്വലിച്ചു നിന്നത്. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, കാറ്റത്തെ കിളിക്കൂട്, ഇരകള്‍, ചെണ്ട, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ തുടങ്ങി അനവധി ചിത്രങ്ങളില്‍ അഭിനയത്തിനുമപ്പുറം നില്‍ക്കുന്ന കഥാപാത്രങ്ങളുടെ പെരുമാറ്റം കൊണ്ട് തന്റെ ഇടം ഉറപ്പിച്ച അവര്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ്് മൂന്നു തവണ നേടുകയുണ്ടായി. പതിമൂന്നാം വയസില്‍ രംഗത്തെത്തിയ ശ്രീവിദ്യ മലയാളം,തമിഴ്,തെലുങ്ക്.കന്നഡ,ഹിന്ദി ഉള്‍പ്പെടെ 800 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴില്‍ 200 ചിത്രങ്ങള്‍ ചെയ്തു. അവയില്‍ ശിവാജി ഗണേശനോടൊപ്പം അഭിനയിച്ച സിനിമകളും ധാരാളം. തമിഴില്‍ അരങ്ങേറ്റം കുറിച്ച ശ്രീവിദ്യയുടെ പ്രഥമ മലയാള ചിത്രം ചട്ടമ്പിക്കവലയാണ്. അക്കാലത്തെ സൂപ്പര്‍ താരങ്ങളായ സത്യന്‍, നസീര്‍, മധു, സുകുമാരന്‍, സോമന്‍, ജയന്‍ തുടങ്ങിയവരുടെ നായികയായിരുന്നു. പില്‍ക്കാലത്തെ അവരുടെ വലിയ ശരീരം സൗന്ദര്യത്തിനോ അഭിനയത്തിനോ ഒരിക്കലും തടസമായിരുന്നില്ല. വലിയ ആ ശരീരത്തെ അതിജീവിച്ചാണ് കഥാപാത്രങ്ങളുടെ സ്വാഭാവികത അവര്‍ തീര്‍ത്തത്. ചെയ്ത വേഷങ്ങളുടെ വൈകാരിക ഭാവം ആ വലിയ കണ്ണുകളിലേക്കാവാഹിക്കാന്‍ വിദ്യയ്ക്കു കഴിഞ്ഞിരുന്നു. സൗന്ദര്യത്തെക്കുറിച്ച് വലിയ ബോധവതിയായിരുന്നു ശ്രീവിദ്യ. സൗന്ദര്യം അവരുടെ ശക്തിയും ആത്മവിശ്വാസവുമായിരുന്നു. മാരകമായ ക്യാന്‍സര്‍ ശരീരത്തെ കാര്‍ന്നു തിന്നുമ്പോള്‍ വഴുതിപ്പോകുന്ന ശരീര സൗന്ദര്യത്തെക്കുറിച്ച് അവര്‍ വല്ലാതെ വ്യസനിച്ചിരുന്നു. താനെന്ന ലാവണ്യ ചന്ദ്രികയിലേക്കു അനുവാദമില്ലാതെ കടന്നുവന്ന നിഴലായിരുന്നിരിക്കണം അവര്‍ക്കു മരണം.