ഹാഫിസിന്‍റെ വീട്ടുതടങ്കല്‍ 30 ദിവസത്തേക്കുകൂടി നീട്ടി

Thursday 19 October 2017 5:55 pm IST

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാത്ത് ഉദ്ധവയുടെ തലവനുമായ ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ 30 ദിവസത്തേക്കുകൂടി നീട്ടി. പാക്-പഞ്ചാബ് പ്രവിശ്യയിലെ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിന്റേതാണ് തീരുമാനം. എന്നാല്‍, ഹാഫിസ് സയീദിന്റെ നാല് കൂട്ടാളികളുടെ വീട്ടുതടങ്കല്‍ ബോര്‍ഡ് നീട്ടിയില്ല. സയീദിനെയും നാല് കൂട്ടാളികളെയും കനത്ത സുരക്ഷയോടെ ലാഹോര്‍ ഹൈക്കോടതിയിലെ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിന് മുന്നില്‍ അധികൃതര്‍ ഹാജരാക്കിയിരുന്നു. ഭീകരവാദ വിരുദ്ധ നിയമപ്രകാരം ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ തുടരേണ്ടതില്ലെന്ന് പഞ്ചാബ് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ശനിയാഴ്ച ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഭീകരനെ പാക് അധികൃതര്‍ വിട്ടയയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ പൊതുജനങ്ങളുടെ സുരക്ഷ പരിഗണിച്ച് വീട്ടുതടങ്കല്‍ നീട്ടണമെന്ന് മന്ത്രാലയം പിന്നീട് ആവശ്യപ്പെടുകയായിരുന്നു.