വേതന കുടിശ്ശിക: ഗോത്രവര്‍ഗ്ഗ കമ്മീഷനെ കാണാനുള്ള യുവാവിന്റെ യാത്ര പുതിയ സമര മാര്‍ഗ്ഗമായി

Thursday 19 October 2017 6:44 pm IST

കാഞ്ഞങ്ങാട്: ചെയ്ത ജോലിക്ക് വേതനം ലഭിക്കാനായി അധികാരികളെ സമീപിച്ച് മടുത്ത ആദിവാസി യുവാവിന്റെ ഗോത്രവര്‍ഗ്ഗ കമ്മീഷനെ കാണാനുള്ള യാത്ര പുതിയ സമര മാര്‍ഗ്ഗമായി. അട്ടേങ്ങാനം കൊട്ടിലങ്ങാട്ടെ രാമകൃഷ്ണനാണ് താനുള്‍പ്പെടെയുള്ള ശുചീകരണ തൊഴിലാളികളുടെ വേതന കുടിശ്ശികക്കു വേണ്ടി തിരുവനന്തപുരത്തെ ഗോത്രവര്‍ഗ്ഗ കമ്മീഷനെ കാണാനുള്ള യാത്രയുടെ തുടക്കമാണ് പുതിയ സമര മാര്‍ഗ്ഗമായത്. ആരോഗ്യവകുപ്പില്‍ 2012ലാണ് 55 ശുചീകരണ തൊഴിലാളികള്‍ ജോലി ചെയ്തത്. ഇവരില്‍ പലരേയും പിരിച്ചുവിട്ടിരുന്നു. 32 പേരാണ് ജോലിയില്‍ അവശേഷിച്ചത്. പിന്നീട് ഇവരേയും പിരിച്ചുവിടുകയായിരുന്നു. ആറു മാസത്തെ ശമ്പള കുടിശ്ശിക വരുത്തിയാണ് ഇവരെ ജോലിയില്‍ നിന്ന് ഒഴിവാക്കിയത്. 16500 രൂപ വീതമാണ് ലഭിച്ചിരുന്നത്. കുടിശ്ശിക ഇനത്തില്‍ നല്ലൊരു തുക ലഭിക്കാനുള്ളതിനാല്‍ നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും പണം നല്‍കിയില്ല. തുടര്‍ന്നാണ് രാമകൃഷ്ണന്‍ ഗോത്രവര്‍ഗ്ഗ കമ്മീഷനെ സമീപിക്കാന്‍ തീരുമാനിച്ചത്. ഇന്നലെ വൈകുന്നേരം ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് രാമകൃഷ്ണന്‍ തങ്ങളുടെ പ്രശ്‌നം റെക്കോര്‍ഡ് ചെയ്ത ടേപ്പ് റെക്കോര്‍ഡറുമായി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്ക് കാല്‍നടയായി പോവുകയായിരുന്നു. പിന്നീട് ട്രെയിന്‍ കയറി തിരുവന്തപുരത്തേക്ക് പുറപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.