മേരിലാന്‍ഡ് വെടിവയ്പ്: അക്രമി പിടിയില്‍, ഭീകരാക്രമണമല്ലെന്നു പോലീസ്

Thursday 19 October 2017 6:59 pm IST

വാഷിംഗ്ടണ്‍: യുഎസില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ട മേരിലാന്‍ഡ് വെടിവയ്പ് നടത്തിയ ആളെന്നു സംശയിക്കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റാഡി ലബീബ് പ്രിന്‍സ് എന്ന മുപ്പത്തേഴുകാരനാണ് അറസ്റ്റിലായത്. മേരിലാന്‍ഡില്‍ കൊല്ലപ്പെട്ട മൂന്നു പേരുള്‍പ്പെടെ ആറു പേര്‍ക്കു നേര്‍ക്കാണ് ഇയാള്‍ വെടിയുതിര്‍ത്തത്. വെടിവയ്പിനുശേഷം കാറില്‍ കടന്ന റാഡിക്കുവേണ്ടി വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിരുന്നു. പിന്നീട് ലോക്കല്‍ പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. ബിസിനസ് പ്രശ്‌നങ്ങളാണു വെടിവയ്പിനു കാരണമെന്നും ഭീകരാക്രമണമാണെന്നു സംശയിക്കുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. മേരിലാന്‍ഡിലെ എഡ്ജ്വുഡിലുള്ള ബിസിനസ് പാര്‍ക്കിലാണ് റാഡി മൂന്നുപേരെ വെടിവച്ചുകൊന്നത്. മൂന്നു പേര്‍ക്കു പരിക്കേറ്റു. ബിസിനസ് പാര്‍ക്കിലെ അഡ്വാന്‍സ്ഡ് ഗ്രാനൈറ്റ് സൊലൂഷന്‍സ് എന്ന കമ്പനിയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്.