പത്തിരിപ്പാലയിലെ ബസ് സ്റ്റാന്റ് നിര്‍മ്മാണം കടലാസിലൊതുങ്ങി

Thursday 19 October 2017 6:59 pm IST

പത്തിരിപ്പാല:പാലക്കാട് കുളപ്പുള്ളി സംസ്ഥാന പാതയിലെ പ്രധാന കവലയായ പത്തിരിപ്പാലയിലെ ബസ്റ്റാന്റ് നിര്‍മ്മാണം കടലാസിലൊതുങ്ങി. കോങ്ങാട്, പാലക്കാട്, പട്ടാമ്പി എന്നീ റോഡുകള്‍ സംഗമിക്കുന്ന കവലയിലൂടെ നൂറുക്കണക്കിന് ബസുകളാണ് കടന്നുപോവുന്നത്. പാലക്കാട് നിന്നും ഗുരുവായൂര്‍, പൊന്നാനി, ഷൊര്‍ണ്ണൂര്‍, വടക്കാഞ്ചേരി വഴി തൃശ്ശൂരിലേക്കും കോങ്ങാട് നിന്നും ഒറ്റപ്പാലം, തൃശ്ശൂര്‍ തിരുവില്വാമല ഭാഗത്തേക്കും കോട്ടായി ഭാഗത്ത് നിന്നും കോങ്ങാട്, ഒറ്റപ്പാലം ഭാഗത്തേക്കുമായി നിരവധി ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന പ്രധാന ജംഗ്ഷനില്‍ ഒരു ബസ്റ്റാന്റ് അനിവാര്യമായിട്ടും പഞ്ചായത്തധികൃതര്‍ ഇതേപ്പറ്റി ചിന്തിച്ചിട്ടില്ല. പാലക്കാട് ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തുന്നിടത്തു മാത്രമാണ് ഒരു കാത്തിരിപ്പു കേന്ദ്രമുള്ളത്. കോങ്ങാട് റോഡില്‍ ഹൈസ്‌കൂലിനു മുന്നിലും ഒറ്റപ്പാലം റോഡിലും കാത്തിരിപ്പു കേന്ദ്രങ്ങളില്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് കാലങ്ങളായി വെയിലും മഴയും കൊള്ളേണ്ട ഗതികേടാണ്. ദീര്‍ഘദൂര സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും വന്നുപോവുന്ന പത്തിരിപ്പാലയില്‍ ഒരു ബസ്സ്റ്റാന്റ് നിര്‍മ്മാണത്തിനനുയോജ്യമായ സ്ഥലം പത്തിരിപ്പാലയിലുണ്ടായിട്ടും പഞ്ചായത്ത് നടപടികള്‍ കടലാസിലൊതുങ്ങുകയാണ്. കോങ്ങാട് റോഡിലോ, ഒറ്റപ്പാലം -പാലക്കാട് റോഡിലോ ബസ്സ്റ്റാന്റ് നിര്‍മ്മാണത്തിനനുയോജ്യമായ സ്ഥലം കണ്ടെത്തി ഒരു ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കുകയാണെങ്കില്‍ സ്റ്റാന്റു പിരിവിലൂടെ കടമുറികളുടെ വാടകയിനത്തിലും പഞ്ചായത്തിനു നല്ലൊരു വരുമാനം ലഭിക്കുമെന്നിരിക്കെ ഭരണകൂടം ബസ്സ്റ്റാന്റ് നിര്‍മ്മാണത്തിനെതിരെ മുഖം തിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.