ഹരിദ്വാര്‍ എക്‌സ്പ്രസില്‍ കവര്‍ച്ച

Thursday 19 October 2017 7:11 pm IST

കോട്ട: ഹരിദ്വാര്‍ എക്‌സ്പ്രസില്‍ കവര്‍ച്ച. കംപാര്‍ട്ട്‌മെന്റില്‍ ഒപ്പം യാത്രചെയ്ത മോഷ്ടാക്കള്‍ സ്വര്‍ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ മീററ്റിലാണു കവര്‍ച്ചാസംഘം രണ്ടു കുടുംബങ്ങളെ കൊള്ളയടിച്ചതെന്നു പോലീസ് പറഞ്ഞു. ഹരിദ്വാറില്‍ ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിച്ചശേഷം മടങ്ങുകയായിരുന്നു കുടുംബങ്ങള്‍. യാത്രയ്ക്കിടെ ട്രെയിനില്‍ പരിചയപ്പെട്ട അപരിചിതന്‍ നല്‍കിയ ജ്യൂസും പഴങ്ങളും കഴിച്ചതോടെ ഇവര്‍ ബോധരഹിതരായി. വ്യാഴാഴ്ച പുലര്‍ച്ചെ കോട്ട റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണു തങ്ങള്‍ കൊള്ളയടിക്കപ്പെട്ടതായി ഇവര്‍ക്കു മനസിലാകുന്നത്. ഉടന്‍തന്നെ ഇവരെ റെയില്‍വേ അധികൃതരും മറ്റു യാത്രക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണെന്നും കൊള്ളയടിക്കപ്പെട്ടവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.