ആറടിച്ച് ഇന്ത്യ ആറാടി

Thursday 19 October 2017 8:03 pm IST

ന്യൂദല്‍ഹി: ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ത്യക്കു വിജയം. മലേഷ്യയെ രണ്ടിനെതിരേ ആറു ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. ഒരു ഗോള്‍ നേടുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത ഗുര്‍ജന്ത് സിംഗാണ് കളിയിലെ താരം. മത്സരത്തിന്റെ 14-ാം മിനിറ്റില്‍ അകാശ്ദീപിലൂടെയാണ് ഇന്ത്യ ലീഡ് നേടിയത്. രണ്ടാം ക്വാര്‍ട്ടറിന്റെ നാലാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിംഗിലൂടെ ഇന്ത്യ ലീഡ് ഉയര്‍ത്തി. ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഹര്‍മന്‍പ്രീത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 24-ാം മിനിറ്റില്‍ എസ്.കെ.ഉത്തപ്പ വീണ്ടും മലേഷ്യന്‍ വല കുലുക്കി. 33-ാം മിനിറ്റില്‍ ഗുര്‍ജന്ത് സിംഗും 40-ാം മിനിറ്റില്‍ എസ്.വി.സുനിലും മലേഷ്യന്‍ നെറ്റില്‍ പന്തെത്തിച്ചു. ഇതോടെ ഇന്ത്യയുടെ ആകെ ഗോള്‍നേട്ടം അഞ്ചായി. 50-ാം മിനിറ്റിലും 59-ാം മിനിറ്റിലും മലേഷ്യ ഗോള്‍ മടക്കിയെങ്കിലും പ്രതീക്ഷകള്‍ അകന്നുനിന്നു. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ സര്‍ദാര്‍ സിംഗ് നേടിയ ഗോളിലൂടെ ഇന്ത്യ മലേഷ്യയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ചുകയറ്റി. ജയത്തോടെ സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഒന്നാമതെത്തി. ഈ ഘട്ടത്തില്‍ രണ്ടു മത്സരങ്ങളില്‍നിന്ന് ഇന്ത്യക്കു നാലു പോയിന്റാണുള്ളത്. ശനിയാഴ്ച പാക്കിസ്ഥാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.