എങ്ങനെ പ്രതികൂലത്തെ അനുകൂലമാക്കാം

Thursday 19 October 2017 8:19 pm IST

പ്രതികൂലാവസ്ഥയെ അനുകൂലമാക്കുന്ന കലയില്‍ നമുക്ക് വളരെയധികം മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യേണ്ടതുണ്ട്. ഇന്ന് പല പാഴ്‌വസ്തുക്കള്‍ ശേഖരിക്കുകയും ഉപയോഗപ്രദമായ ഉല്‍പ്പന്നങ്ങളായി പരിവര്‍ത്തനം ചെയ്തശേഷം വിപുലമായ തോതില്‍ വിറ്റു തീര്‍ക്കുകയും ചെയ്യുന്നുണ്ട്. അത്തരം സാങ്കേതിക വിദ്യകള്‍ ഉടലെടുക്കുകയും ലാഭകരമായ ബിസിനസ്സായി കൊണ്ടുനടക്കുകയും ചെയ്യുന്നു. ഇതിനായി നമുക്കിപ്പോള്‍ വലിയ യന്ത്രസാമഗ്രികളും വ്യവസായ ശാലകളും തന്നെയുണ്ട്. ചില നേരത്ത് പുതിയ സാധനങ്ങള്‍ അവ പഴയ സാധനങ്ങളില്‍ നിന്നും പുനര്‍നിര്‍മിച്ച് എടുത്തതാണെന്നറിയാന്‍ പോലും കഴിയില്ല. മനുഷ്യന്‍ മാലിന്യങ്ങളേയും പാഴ്‌വസ്തുക്കളെയും സമ്പത്തിലേക്കും ഉപയോഗ്യമായ വസ്തുക്കളിലേക്കും പരിവര്‍ത്തനപ്പെടുത്താനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു. ഇനി നമ്മുടെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം. പ്രഭാതം മുതല്‍ പ്രദോഷം വരെ എന്തെല്ലാം നിഷേധാത്മകവും അശുഭവും തെറ്റായിട്ടുമുള്ള വിചാരങ്ങളാണ് നമ്മുടെ മനസ്സിലൂടെ കടന്നുപോകുന്നത്. ചിലതെല്ലാം നല്ലതും ഉപയോഗപ്രദവുമായ വിചാരങ്ങളായിരിക്കും. മറ്റു ചിലത് നമ്മള്‍ ഉപയോഗശൂന്യമാക്കി കളയുന്ന പാഴ്‌വസ്തുക്കള്‍ക്കും മാലിന്യങ്ങള്‍ക്കും സമാനമല്ലേ? ഇവയെ നമ്മള്‍ ദുര്‍വിചാരങ്ങളാക്കി മനസ്സിലാക്കുന്നത് എന്തുകൊണ്ടാണ്? ഇവ നമ്മുടെ മനസ്സ് വിഷമിപ്പിക്കുകയും അതുകൊണ്ടുതന്നെ നാം നമ്മോടു ബന്ധപ്പെടുന്ന വ്യക്തികളുമായി അസ്വാരസ്യത്തോടെ ഇടപെടുകയും ചെയ്യുന്നു. ഇതില്‍ നിന്നും ദുഷിച്ച വാക്കുകള്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ. ഇവ ബന്ധങ്ങള്‍ ഉലയ്ക്കുന്നു. നമ്മള്‍ അസ്വാരസ്യത്തിലാണെങ്കില്‍ സ്വന്തം മക്കള്‍പോലും നമ്മളോട് സംസാരിക്കുന്നത് ഇഷ്ടപ്പെടില്ല. നമ്മള്‍ മറ്റുള്ളവരോട് കയര്‍ത്തുപോവുകയും ചെയ്യും. ഇത്തരം ചിന്തകളാലും വാക്കുകളാലും കര്‍മരംഗത്തും കുടുംബത്തിലും പല നല്ല ബന്ധങ്ങളും തകര്‍ന്നുപോയേക്കാം. ഇത്തരം ദുര്‍വിചാരങ്ങളാല്‍ നമ്മള്‍ മറ്റുള്ളവരോട് പെരുമാറിപ്പോയേക്കാം. ബഹുമാനിക്കപ്പെടേണ്ടവരോട് മോശമായി പെരുമാറിപ്പോയേക്കാം. ഇത്തരം നിഷേധാത്മക അശുഭചിന്തകള്‍, വാക്കുകള്‍, പ്രവൃത്തികള്‍, പെരുമാറ്റങ്ങള്‍ കാരണം നാം നമ്മുടെ വിലയേറിയ സമയം പോലും നഷ്ടപ്പെടുത്തിക്കളയുന്നു. നഷ്ടപ്പെട്ടു പോയ സമയം നമ്മള്‍ക്ക് വീണ്ടെടുക്കാനാവില്ല. ശരിയല്ലേ? സമയം മാത്രമല്ല ഇതിനോടനുബന്ധിച്ച് നഷ്ടമാകുന്ന ശക്തിപോലും തിരിച്ചെടുക്കാനാവില്ല. ഓരോ ചിന്തയും ഊര്‍ജ്ജ പ്രസരണമാണ്. അതിനാല്‍ ഓരോ അശുഭചിന്ത മൂലവും ധാരാളം ഊര്‍ജ്ജം നഷ്ടപ്പെടും. സമയവും ശക്തിയും ഗുണാത്മകമായി ഉപയോഗിക്കുവാനാണ് നാം മുതിരേണ്ടത്. നമ്മളോരോരുത്തരും അതിനാല്‍ തന്നെ ഇത്തരം നിഷേധ വിചാരങ്ങളും പ്രവൃത്തികളും വാക്കുകളും പെരുമാറ്റങ്ങളും എങ്ങനെ നല്ലതിലേക്ക് പരിവര്‍ത്തനപ്പെടുത്തിയെടുക്കാമെന്ന് ആലോചിച്ചുനോക്കേണ്ടതാണ്. ദൈവം നമുക്ക് നേരത്തെതന്നെ ആത്മീയത നല്‍കി കഴിഞ്ഞു. ആത്മീയവിവേകത്തിന്റെ സഹായത്താല്‍ ഈ മാലിന്യങ്ങളെ ഉപകാരമുള്ളവയാക്കി മാറ്റാന്‍ കഴിയും. ആത്മീയജ്ഞാനം നമ്മെ നന്മയുള്ളവരാക്കി മാറ്റും. ഒരു കാന്‍സര്‍ രോഗി എങ്ങനെയാണോ തന്റെ ദൃഢനിശ്ചയത്താല്‍ ജീവിതത്തിലേക്ക് തിരിച്ചുവന്ന് ഡോക്ടര്‍ക്കുപോലും അതിശയമായി മാറുന്നത്, അതുപോലെ ദൃഢനിശ്ചയത്താലും ആത്മീയ ജ്ഞാനത്തിന്റെ പ്രഭാവത്താലും നന്മയിലേക്ക് തിരിച്ചുവരാന്‍ കഴിയും. ശുദ്ധവും ശക്തവുമായ വിചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഗുരുതരമായ രോഗങ്ങളെപ്പോലും അതിജീവിക്കാനുള്ള കരുത്തുണ്ട്. അതെ, ചിന്തകള്‍ മരുന്നിനേക്കാള്‍ ശക്തിയേറിയതാണ്. ആത്മീയ വിവേകത്തിന് മലിനവും നിഷേധാത്മകവും പ്രതികൂലവുമായ വിചാരങ്ങളെ ഉപയോഗപ്രദവും അനുകൂലവുമാക്കി തീര്‍ക്കാന്‍ കഴിയും. ജ്ഞാനമാണ് ഒറ്റമൂലി. യോഗ ജീവിതത്തിനു പരിവര്‍ത്തനത്തിനുള്ള കരുത്ത് ഉണ്ട് എന്ന് പറയപ്പെടുന്നു. സര്‍വശക്തനായ പരമാത്മാവ് മനുഷ്യന് ആത്മീയജ്ഞാനത്തോടൊപ്പം ധ്യാനം എന്ന വിധി കൂടെ തന്നിരിക്കുന്നു. പതിവായി ധ്യാനം അനുഷ്ഠിക്കുന്ന വ്യക്തിക്ക് ഏതു പ്രതികൂല പരിസ്ഥിതികളേയും സമന്വയത്തോടെ ശാന്തമായി നേരിടാന്‍ കഴിയും. ധ്യാനം ഉള്ളിലുള്ള വിചാരങ്ങളെ അനുകൂലമാക്കി നിര്‍ത്താന്‍ കരുത്തുള്ളതാണ്. ധ്യാനം ചിന്താധാരകളെത്തന്നെ നിയന്ത്രിച്ച് അനുരഞ്ജിപ്പിച്ചു നിര്‍ത്തുന്നു. ചിന്തകളും വാക്കുകളും ക്രിയാത്മകമാകുന്ന സമയത്ത് അനുകൂലമായ ശക്തി കൈവരിക്കുന്നു. അതിനാല്‍ നമുക്ക് സമയവും ഊര്‍ജ്ജവും നഷ്ടപ്പെടാതെ നോക്കാം. നമ്മുടെ ആരോഗ്യം സംരക്ഷിക്കാനും ധ്യാനത്തിലൂടെ കഴിയും. നാം വളരെയധികം സമയം രോഗനിവാരണത്തിനായി ഉപയോഗിക്കുന്നു. രോഗികളാവുന്നതെങ്ങനെ എന്നുതിരിച്ചറിഞ്ഞിട്ടുണ്ടോ? പണം മുടക്കി നാം അനാവശ്യവും വിഷമയവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങി ആഹരിക്കുന്നു. നമ്മുടെ പലവിധ രോഗങ്ങള്‍ക്കും ഇതുതന്നെയല്ലേ പ്രധാന കാരണം? നാം ധനം വൃഥാ പാഴാക്കുന്നു. സമയം പാഴാക്കുന്നു. മദ്യം, മാംസം, രാസവസ്തുക്കള്‍, മറ്റു വിഷമയമായ പദാര്‍ത്ഥങ്ങള്‍ എന്നിവ വാങ്ങി ധനവും ആരോഗ്യവും സമയവും നഷ്ടപ്പെടുത്തുന്നു. ഭംഗിയേറിയ പായ്ക്കിങ്ങുകളുടേയും ശക്തമായ പരസ്യങ്ങളുടേയും കൂട്ടുകെട്ടുകളുടേയും പ്രഭാവത്തില്‍ നമ്മുടെ വിവേകം നിഷ്‌ക്രിയമാക്കപ്പെടുന്നു. ആശുപത്രികളില്‍ ചെലവിടുന്ന ഈ പണം ഉപകാരപ്രദമായി വിനിയോഗിക്കാമെങ്കില്‍ സമയം, ധനം, ആരോഗ്യം എന്നിവ പാഴാകാതെ നിലനിര്‍ത്താന്‍ കഴിയും. ധനം ദുര്‍വിനിയോഗം ചെയ്യപ്പെടുന്ന മറ്റൊരു വഴി അനാവശ്യമായ വസ്തുക്കള്‍ വാങ്ങി കുന്നുകൂട്ടുന്ന സ്വഭാവമാണ്. സൂപ്പര്‍മാര്‍ക്കറ്റില്‍ ധാരാളം കൗതുകം ജനിപ്പിക്കുന്ന സാധനങ്ങള്‍ വില്‍പ്പനയ്ക്കുണ്ട്. എല്ലാം നമ്മള്‍ വാങ്ങുന്നില്ല എന്നതു ശരിതന്നെ. എന്നാല്‍ ഷോപ്പിങ് കഴിഞ്ഞു തിരികെ വരുമ്പോള്‍ സ്വയം ചോദിച്ചു നോക്കൂ എന്തെല്ലാം അനാവശ്യ വസ്തുക്കളാണ് നാം വാങ്ങിവച്ചിരിക്കുന്നതെന്ന്.അതെല്ലാം അവശ്യ വസ്തുക്കള്‍ ആകണമെന്നില്ല. ആഗ്രഹത്തിനു വാങ്ങി. വാങ്ങാനുള്ള രൂപ ഉണ്ടായിരുന്നു. കുറച്ച് ഇടവേളയ്ക്കുശേഷം നമ്മള്‍ ഇവയെല്ലാം ഓര്‍ക്കുകപോലുമില്ല. ഉദാഹരണത്തിനു അലമാരയില്‍ നോക്കൂ. എത്ര ജോഡി വസ്ത്രങ്ങള്‍ ഉണ്ട്? എത്ര ജോഡി യഥാര്‍ത്ഥത്തില്‍ ആവശ്യമായിട്ടുണ്ട്? മിക്കവാറും എല്ലാ വീടുകളിലും ഇതുതന്നെയായിരിക്കും അവസ്ഥ. എത്ര നമ്മുടെ ആവശ്യങ്ങള്‍ക്കായി വാങ്ങി, എത്ര നമ്മുടെ ആഗ്രഹങ്ങള്‍ക്കായി വാങ്ങി? ഈ വക അധിക പാഴ്‌ചെലവുകള്‍ മറ്റുള്ളവരുടെയും സമൂഹത്തിന്റെയും നന്മകള്‍ക്കായി ചെലവാക്കാനും കഴിയും! ഭക്ഷണം വാങ്ങാനും മരുന്നു വാങ്ങാനുമൊന്നും നിവൃത്തിയില്ലാത്ത എത്രപേര്‍ ഈ സമൂഹത്തിലുണ്ട്? ആത്മീയ വിദ്യാഭ്യാസത്തിലൂടെ നമുക്ക് ഇതെല്ലാം അനുകൂലമായി പരിവര്‍ത്തനപ്പെടുത്താന്‍ കഴിയും. ഇത് ഒരു കലയാക്കി മാറ്റാം. യോഗ ജീവിതം മൂല്യമേറിയതാണ്. അത് പിന്തുടരുന്നവര്‍ക്ക് അശുഭചിന്തകള്‍ ഉണ്ടാവില്ല കാരണം അവര്‍ ഓരോരോ ചിന്തകളെയും ബോധപൂര്‍വം നിരീക്ഷിക്കുന്നു. അശുഭചിന്തകള്‍ അന്തരീക്ഷത്തെ മലിനമാക്കും എന്ന് അവര്‍ക്ക് അറിയാം. എല്ലാവര്‍ക്കും പരംപിതാ പരമാത്മാവിന്റെ കീഴില്‍ യോഗി ജീവിതം നയിക്കാവുന്നതാണ്. നിഷേധാത്മകവും പ്രതികൂലവുമായ ചിന്തകളെ അനുകൂലമാക്കി മുന്നേറാവുന്നതാണ്. പരിവര്‍ത്തനത്തിനു രണ്ടു വലിയ വഴികളുണ്ട്. ഒന്ന് ബുദ്ധിശക്തി. മറ്റൊന്ന് യോഗം അല്ലെങ്കില്‍ ധ്യാനം. ഇവയിലൂടെ നമ്മള്‍ക്ക് പ്രതികൂലങ്ങളെയും അനുകൂലമാക്കി മാറ്റാന്‍ കഴിയും.