സാംസ്‌കാരിക കേരളം കണ്ണുതുറക്കട്ടെ

Thursday 19 October 2017 8:58 pm IST

രാഷ്ട്രീയ പ്രചാരണ ജാഥകള്‍ക്കും കാടിളക്കിയുള്ള രാഷ്ട്രീയനേതാക്കളുടെ യാത്രകള്‍ക്കും കേരളം പേരുകേട്ടയിടമാണ്. ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും ഇത്തരം യാത്രകള്‍ നടത്തിയിട്ടുമുണ്ട്. അതില്‍ പലതും ആ യാത്ര അവസാനിക്കുന്നതോടെ ചര്‍ച്ചകളില്‍ നിന്നില്ലാതാകുകയും, മലയാളിമനസ്സുകളില്‍ സ്ഥാനം നേടാതിരിക്കുകയുമാണ് പതിവ്. തുടങ്ങി, തീരുന്നതുവരെ ആയുസ്സുള്ള യാത്രകളാണവയില്‍ കൂടുതലും. എന്നാല്‍ കഴിഞ്ഞ 15 ദിവസങ്ങളില്‍ കേരളം കണ്ട ഒരു യാത്ര, അതവസാനിച്ചിട്ടും അതിന്റെ അലയൊലികള്‍ അവസാനിക്കാതിരിക്കുന്നത് പ്രത്യേകമായ ചില കാരണങ്ങളുള്ളതുകൊണ്ടുതന്നെയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കിയ ജനരക്ഷായാത്രയാണ് അവസാനിച്ചിട്ടും അവസാനിക്കാത്ത യാത്രയായി മാറുന്നത്. ജനരക്ഷായാത്ര വെറുമൊരു രാഷ്ട്രീയ യാത്രയായിരുന്നില്ല. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ യാത്രയ്ക്ക് ലഭിച്ച അഭൂതപൂര്‍വ്വമായ പിന്തുണ വ്യക്തമാക്കുന്നതും അതാണ്. രാവിലെയെന്നോ, ഉച്ചയെന്നോ, വൈകുന്നേരമെന്നോ അതല്ലെങ്കില്‍ മഴയെന്നോ വെയിലെന്നോ പകലെന്നോ രാത്രിയെന്നോ കണക്കാക്കാതെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍, വൃദ്ധരും യുവാക്കളുമായവര്‍, എല്ലാവരും ജനരക്ഷായാത്രയില്‍ കണ്ണികളായതിന് കാരണവും മറ്റൊന്നല്ല. റോഡരികില്‍ ജനരക്ഷാ യാത്രവരുന്നതു കാണാന്‍ കാത്തുനിന്നവര്‍, ആവേശം കയറി യാത്രയിലണിചേര്‍ന്നു. ചിലര്‍ യാത്രാനായകനു മുന്നില്‍ പൊട്ടിക്കരഞ്ഞു. മറ്റുചിലര്‍ ആരതിയുഴിഞ്ഞും പൂക്കള്‍ വിതറിയും സ്വീകരിച്ചു. അതെല്ലാം യാത്രയ്ക്ക് ലഭിച്ച ജനകീയ പിന്തുണയുടെ തിരിച്ചറിവുകളാണ്. കുമ്മനം രാജശേഖരന്‍ പയ്യന്നൂരുമുതല്‍ തിരുവനന്തപുരം വരെ നടന്നും വാഹനത്തിലുമായി സഞ്ചരിച്ച് കേരളത്തിലെ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ജനങ്ങളോട് സംവദിച്ചത്, അഭ്യര്‍ത്ഥിച്ചത് വോട്ടുകളായിരുന്നില്ല. ആരെയും ബിജെപിയിലേക്ക് ആകര്‍ഷിക്കുകയുമായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴും രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുമ്പോഴും മാത്രം ജനങ്ങളെ കാണാനിറങ്ങുന്ന രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ പതിവ് ശൈലിയായിരുന്നില്ല കുമ്മനത്തിന്റെത്. അദ്ദേഹവും ഈ യാത്രയില്‍ സംബന്ധിച്ചവരുമെല്ലാം വ്യക്തമായി പറഞ്ഞത്, ഒന്നുമാത്രമാണ്. അത് കേരളം ഭരിക്കുന്ന സിപിഎം എന്ന രാഷ്ട്രീയപ്രസ്ഥാനത്തോടായിരുന്നു. കേരളത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന മുസ്ലീം മതഭ്രാന്തന്മാരോടായിരുന്നു. ''ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം. എല്ലാവര്‍ക്കും ഒരു പോലെ ജീവിക്കണം. ജീവിക്കാനനുവദിക്കണം. ഇഷ്ടപ്പെടുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കാനും അതിനുവേണ്ടി പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. എതിര്‍ക്കുന്നവരെ കൊലക്കത്തിക്കിരയാക്കുന്ന കാട്ടാള നീതി അവസാനിപ്പിക്കണം. സമാധാനമാണു വേണ്ടത്. ആശയത്തെ ആയുധം കൊണ്ടു നേരിടുന്ന ശൈലി നിങ്ങള്‍ അവസാനിപ്പിക്കണം. ജനാധിപത്യ അവകാശങ്ങള്‍ തകര്‍ക്കരുത്.....'' 1969നു ശേഷം ഏകദേശം 286 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് സിപിഎമ്മുകാരുടെയും ജിഹാദികളുടെയും കൊലക്കത്തിക്കിരയായത്. 1969ല്‍ പിന്നാക്ക സമുദായാംഗമായ വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തോടെയാണ് കേരളത്തില്‍ സിപിഎമ്മുകാര്‍ രാഷ്ട്രീയ കൊലപാതകത്തിനു തുടക്കമിട്ടത്. ആര്‍എസ്എസ്സിന്റെ തലശ്ശേരി ശാഖാമുഖ്യശിക്ഷകായിരുന്ന രാമകൃഷ്ണന്റെ പ്രവര്‍ത്തനം മാര്‍ക്‌സിസ്റ്റുകളെ ഭയപ്പെടുത്തി. അവരുടെ കോട്ടകളില്‍ വിള്ളലുണ്ടാക്കി, കൂടുതല്‍ പേരെ ആര്‍എസ്എസ് ശാഖയിലേക്ക് ആകര്‍ഷിക്കാന്‍ വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന തയ്യല്‍ തൊഴിലാളിക്ക് കഴിഞ്ഞിരുന്നു. ഒരു രാത്രി തയ്യല്‍ക്കട അടച്ച് വീട്ടിലേക്ക് വരുമ്പോള്‍ മാര്ക്‌സിസ്റ്റുകള്‍ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. അന്നുമുതല്‍ ഇന്നുവരെ, വാടിക്കല്‍ രാമകൃഷ്ണന്‍ മുതല്‍ തിരുവനന്തപുരത്തെ കല്ലമ്പള്ളി രാജേഷ് വരെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത് ഏകദേശം 280 ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ്. ബാക്കിയുള്ളവരില്‍ അധികവും മരിച്ചുവീണത് ഇസ്ലാമിക ഭീകരരാലും. ക്രൂരമായാണ് സിപിഎം ഓരോ കൊലപാതകങ്ങളും നടപ്പിലാക്കിയത്. കൊല്ലുന്നതില്‍ അവര്‍ ആഹ്ലാദവും ലഹരിയും കണ്ടെത്തി. കൊലപ്പെടുത്തിയശേഷം മൃതദേഹത്തെയും വെറുതെ വിട്ടില്ല. കണ്ണുകള്‍ ചൂഴ്‌ന്നെടുത്തും മുഖം വികൃതമാക്കിയും ആഹ്‌ളാദിച്ചു. ഒറ്റവെട്ടിനു തീരുമായിരുന്ന ഒരു ജീവനെടുക്കാന്‍ 51 ഉം 86ഉം വെട്ടുകള്‍ വെട്ടുന്ന ക്രൂരമായ കൊലപാതകങ്ങള്‍ ശൈലിയാക്കുന്ന തീവ്രവാദ സംഘടനയായി സിപിഎം മാറി. കൊല നടത്തിയ ശേഷം മുറിവുകളില്‍ മണ്ണ് വാരിയിടുന്നതും മുഖം വികൃതമാക്കുന്നതും മൃതദേഹത്തിന്റെ വായില്‍ ചകിരി തിരുകുന്നതുമെല്ലാം അവരുടെ കൊലപാതക രീതികളായി. കൊലപാതകങ്ങളില്‍ ലഹരികണ്ടെത്തുന്ന സിറിയയിലെയും ഇറാഖിലെയും ഐഎസ് ഭീകരരെ പോലും ലജ്ജിപ്പിക്കുന്നതായിരുന്നു സിപിഎം നടപ്പിലാക്കിയ ആക്രമണങ്ങളില്‍ പലതും. കേരളത്തില്‍ കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലെ പല കൊലപാതകങ്ങളിലും ഈ ശൈലി കാണാനാകും. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ കൊലപാതകങ്ങളിലെല്ലാം സ്വീകരിച്ച ശൈലി വളരെ പൈശാചികമാണ്. നിരവധി വെട്ടുകള്‍ വെട്ടി കൊന്നശേഷം മൃതദേഹത്തിന്റെ തല വയലിലെ ചേറ്റില്‍ ചവിട്ടിത്താഴ്ത്തും. ഒരോണക്കാലത്ത് തിരുവനന്തപുരത്തെ മുരുക്കുംപുഴയിലും ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ കൊന്ന് ചേറ്റില്‍ ചവിട്ടിത്താഴ്ത്തി. കണ്ണൂര്‍ ജില്ലയില്‍ അവര്‍ നടത്തിയ കൊലപാതകങ്ങള്‍ എല്ലാം ക്രൂരതയുടെ അങ്ങേയറ്റമായിരുന്നു. ആഴത്തില്‍ വെട്ടിവെട്ടി കൊന്നശേഷം മുറിവുകളില്‍ മണ്ണ് വാരിയിട്ടു. കണ്ണുകള്‍ ചൂഴ്‌ന്നെടുത്തും രഹസ്യഭാഗങ്ങളില്‍ മുറിവുണ്ടാക്കിയും ആഹ്ലാദിച്ചു. മാതാപിതാക്കളുടെയും ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മുന്നിലിട്ടു വെട്ടിക്കൊന്നു. ജയകൃഷ്ണന്‍ മാസ്റ്റര്‍ എന്ന അധ്യാപകന്‍ ക്ലാസ് മുറിയില്‍ പഠിപ്പിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെട്ടേറ്റ് മരിച്ചത്. അധ്യാപകന്റെ ശരീരത്തില്‍ നിന്ന് ചീറ്റി ചിതറിയ ചുടുചോര പിഞ്ചുകുഞ്ഞുങ്ങളുടെ മുഖത്താണ് പതിച്ചത്. മാസങ്ങളോളം ആ കുഞ്ഞുങ്ങള്‍ മാനസികനില തെറ്റി ജീവിച്ചു. സിപിഎം ഒരു ഭീകരപ്രസ്ഥാനമാണെന്ന് സ്ഥാപിക്കാന്‍ ഇതില്‍പരം തെളിവുകളുടെ ആവശ്യമുണ്ടായിരുന്നില്ല. ജിഹാദി-ചുവപ്പുഭീകരത എന്ന മുദ്രാവാക്യം ജനരക്ഷായാത്ര മുന്നോട്ടുവയ്ക്കാനുള്ള കാരണവും മറ്റൊന്നല്ല. വോട്ടിനുവേണ്ടിയല്ലാത്ത, രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടിയല്ലാത്ത ജനരക്ഷായാത്ര കേരളത്തിന്റെ ജനമനസ്സാക്ഷി ഉണര്‍ത്തുന്നതിനായിരുന്നു. എന്തിനും ഏതിനും പ്രതികരിക്കുന്ന സാംസ്‌കാരിക നായകരുടെ കണ്ണുതുറപ്പിക്കുന്നതിനായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആരെങ്കിലും ആക്രമിക്കപ്പെട്ടാല്‍, വധിക്കപ്പെട്ടാല്‍ അതിനെതിരെ പ്രസ്താവനയിറക്കുകയും സമ്മേളനം നടത്തുകയും കവിതയും കഥയുമെഴുതുകയും ചെയ്യുന്ന കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരെ, അവരുടെ കണ്ണുകള്‍ കേരളത്തിലേക്കുകൂടി തുറക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ് ജനരക്ഷായാത്രയിലൂടെ ചെയ്തത്. കൊലപാതകത്തിന്റെ ഇര ആര്‍എസ്എസ് പ്രവര്‍ത്തകരാകുകയും, പ്രതികള്‍ സിപിഎമ്മുകാരാകുകയും ചെയ്യുമ്പോള്‍, ഒന്നും കാണുന്നില്ലെന്ന് നടിച്ച്, കണ്ണടച്ചിരിക്കുന്ന കേരളത്തിലെ സാംസ്‌കാരിക ലോകത്തിന്റെ കണ്ണുതുറപ്പിക്കുന്നതിനു കൂടിയായിരുന്നു ജനരക്ഷായാത്ര. ഇത്തവണ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സിപിഎം സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സിപിഎമ്മുകാരാല്‍ കൊലചെയ്യപ്പെട്ടത് 24 പേരാണ്. സിപിഎം രാഷ്ട്രീയത്തെ ആശയപരമായി എതിര്‍ത്തു എന്നതാണ് 24 നിരപരാധികള്‍ ചെയ്ത കുറ്റം. അതില്‍ ഭൂരിപക്ഷവും ആര്‍എസ്എസ് പ്രവര്‍ത്തകര്‍. നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. എന്നാല്‍ ഒരു സിപിഎമ്മുകാരനും ആര്‍എസ്എസ് പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ടില്ല. ദളിതനായ, തിരുവനന്തപുരം കല്ലമ്പള്ളിയിലെ രാജേഷെന്ന പാവപ്പെട്ട ചെറുപ്പക്കാരന്‍ 86 വെട്ടുകളേറ്റ് ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ ഒരു സാംസ്‌കാരിക നായകനും അതിനെതിരെ പ്രതികരിക്കാന്‍ രംഗത്തുവന്നില്ല. മാനവീയം വീഥിയിലോ സെക്രട്ടേറിയറ്റിനു മുന്നിലോ പ്ലക്കാര്‍ഡുമായി പ്രകടനത്തിനിറങ്ങാന്‍ ഒരു സച്ചിദാനന്ദന്മാരെയും കാണാനായില്ല. മരിച്ചത് ആര്‍എസ്എസ്സുകാരനല്ലേ, കൊന്നതു സിപിഎമ്മും. അപ്പോള്‍ എന്തിന് പ്രതിഷേധിക്കണം? എങ്ങനെ പ്രതിഷേധിക്കും? ഉത്തരേന്ത്യയില്‍ എവിടെയെങ്കിലും ഒരാള്‍ കൊല്ലപ്പെട്ടാല്‍, കോണ്‍ഗ്രസ് ഭരണത്തിലുള്ള കര്‍ണ്ണാടകയില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ അതെല്ലാം നരേന്ദ്രമോദിയുടെ കുറ്റമായി കണ്ട് കേരളത്തില്‍ പ്രതിഷേധവുമായി ഇറങ്ങുന്നവര്‍ പട്ടികജാതിയില്‍പ്പെട്ടവര്‍ പോലും കേരളത്തില്‍ സിപിഎമ്മുകാരാല്‍ കൊലചെയ്യപ്പെടുന്നത് കണ്ടില്ലെന്ന് നടിക്കുന്നു. സിപിഎം ഭരണത്തില്‍ ജനാധിപത്യവും വ്യക്തിസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും നിഷേധിക്കപ്പെട്ടപ്പോള്‍ അതിനെതിരെ ജനാധിപത്യമാര്‍ഗ്ഗത്തില്‍ പ്രതികരിക്കുകയായിരുന്നു ഈ യാത്രയിലൂടെ. ജനങ്ങളെ ബോധവത്കരിക്കുന്നതിനു നടത്തിയ തീര്‍ത്ഥയാത്രയായിരുന്നു അത്. സിപിഎം അക്രമികളുടെയും ജിഹാദി ഭീകരരുടെയും കൊലക്കത്തികള്‍ക്കിരകളായി പിടഞ്ഞുവീണ വീര ബലിദാനികളുടെ വീടുകളില്‍ നിന്ന് വീടുകളിലേക്കുള്ള തീര്‍ത്ഥയാത്ര. എല്ലാ ദിവസവും യാത്ര തുടങ്ങിയത് ഏതെങ്കിലും ഒരു വീരബലിദാനിയുടെ വീട്ടില്‍ നിന്നാണ്. അങ്ങനെ നിരവധി പേരുടെ വീടുകളിലെത്തി, ഉറ്റവരെ നഷ്ടപ്പെട്ട ആ കുടുംബങ്ങള്‍ ഒറ്റയ്ക്കല്ല, രാജ്യം മുഴുവന്‍ ഈ ഭീകരതയ്‌ക്കെതിരെ നിങ്ങള്‍ക്കൊപ്പമുണ്ട് എന്ന സന്ദേശം നല്‍കാനായി. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ ആ ഉറപ്പ് ഓരോ കുടുംബത്തിനും നല്‍കി. ജനരക്ഷാ യാത്ര അവസാനിച്ചിട്ടും അതിന്റെ അലയൊലികള്‍ തീരുന്നതേയില്ല. ഒരു വിഭാഗം മാധ്യമങ്ങള്‍ നിരാകരിക്കാന്‍ ശ്രമിച്ച ഈ യാത്ര ജനമനസ്സുകളിലുണ്ടാക്കിയ സ്വാധീനമാണ് അത് വ്യക്തമാക്കുന്നത്. അവസാനിച്ചിട്ടും അവസാനിക്കാത്ത യാത്രയായി ജനരക്ഷായാത്രമാറുന്നത,് അതുയര്‍ത്തിയ സന്ദേശം ജനങ്ങളേറ്റെടുത്തതിനാലാണ്.