ഹോമാഗ്നിയില്‍നിന്ന് ഉദിച്ചുയരുന്ന ബ്രാഹ്മണ്യം

Thursday 19 October 2017 9:04 pm IST

കേരളരാഷ്ട്രീയം ഇന്ന് ബ്രാഹ്മണ്യത്തിന്റെ അസ്തിത്വം അളക്കുന്ന തിരക്കിലാണ്. ഏതൊക്കെവഴിയില്‍ വോട്ടുകള്‍ സ്വന്തമാക്കാം എന്ന പരീക്ഷണത്തില്‍. ഈ പരീക്ഷണത്തിനിടയില്‍ അവരെ വോട്ട് നല്‍കി ജയിപ്പിച്ച ഒരുവിഭാഗം സംവരണേതരസമൂഹം ഇവിടെ ഉണ്ട് എന്ന യാഥാര്‍ഥ്യം മറന്നുകൊണ്ട്, നിങ്ങള്‍ തുല്യം ചാര്‍ത്തിത്തന്ന ബ്രാഹ്മണ്യം എന്ന വരേണ്യവര്‍ഗപദവിയുടെ ദുരിതപര്‍വം പേറുന്ന സാധുജീവിതങ്ങള്‍. ഇതിനെ നിങ്ങള്‍ അറിയാതെ പോകുന്ന, അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് കണ്ടില്ലെന്ന് നടിക്കുന്ന കുറച്ച് സത്യങ്ങള്‍ ഉണ്ട്. അനാദികാലം മുതല്‍ നാടിന്റെ നന്മയ്ക്കും ലോകരക്ഷയ്ക്കും വേണ്ടി നിലകൊള്ളുന്നവരായിരുന്നു ബ്രാഹ്മണര്‍ എന്ന ഓമനപ്പേരില്‍ നിങ്ങള്‍ ചവിട്ടിത്തേക്കുന്ന ജന്മങ്ങള്‍. നിത്യപൂജ അനുഷ്ഠിക്കുന്നവര്‍ക്കും പരിപാലകന്മാര്‍ക്കും യോഗീശ്വരതപസ്വികള്‍ക്കും ദേശവാസികള്‍ക്കും രാജ്യം ഭരിക്കുന്നവര്‍ക്കും ശാന്തിയും സൗഖ്യവും ഉണ്ടാകട്ടെ. ന്യായമായ മാര്‍ഗത്തിലൂടെ പ്രജാക്ഷേമം മാത്രം ലക്ഷ്യം വയ്ക്കുന്ന ഭരണകര്‍ത്താക്കള്‍ക്കും പശുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും സമസ്തചരാചരങ്ങള്‍ക്കും സൗഖ്യം ഉണ്ടാകട്ടെ- ഇതായിരുന്നു ഞങ്ങളുടെ പ്രാര്‍ഥന. ക്ഷേത്രങ്ങള്‍ നിത്യപൂജയ്ക്ക് വകയില്ലാതെ നശിച്ചുകൊണ്ടിരുന്ന കാലം ഉണ്ടായിരുന്നു. അന്ന് അഷ്ടിക്ക് വകയില്ലാതിരുന്ന ബ്രാഹ്മണര്‍ സ്വയം പട്ടിണികിടന്ന് നിത്യപൂജയും നിവേദ്യവും നടത്തിയിരുന്ന ധാരാളം ക്ഷേത്രങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം ഉണ്ടായിരുന്നു. അക്കാലത്ത് വിശന്ന വയറുമായി ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിച്ച് നിലനിര്‍ത്തുന്നതിന് ബ്രാഹ്മണര്‍ വഹിച്ച പങ്ക് വിസ്മരിക്കരുത്. ബ്രാഹ്മണര്‍ക്ക് ക്ഷേത്രപൂജ എന്നത് ഒരു കൂലിവേല ആയിരുന്നില്ല. കുലത്തൊഴിലായിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ നശിച്ചുകൊണ്ടിരിക്കുന്ന ദേവസ്വങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ നിയന്ത്രിത സംവിധാനങ്ങള്‍ നിലവില്‍ വന്നപ്പോള്‍ സാധുക്കളും പരമസാത്വികരുമായിരുന്ന ബ്രാഹ്മണരെ ശമ്പളം, പെന്‍ഷന്‍, ഗ്രാറ്റുവിറ്റി, പ്രോവിഡന്റ് ഫണ്ട് എന്നിവ കാണിച്ച് നിശ്ശബ്ദരാക്കി ദേവസ്വം ഭരണം സര്‍ക്കാര്‍ ഏറ്റെടുത്ത്, ദേവസ്വവും ദേവന്റെ സ്വത്തുക്കളും തുച്ഛമായ ആനുവല്‍ഗ്രാന്റ് കൊടുത്തുകൊണ്ട് സ്വന്തമാക്കിവച്ച് കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു. ബ്രാഹ്മണരുടെ ആദ്യകുറവായി നിങ്ങള്‍ കണ്ടെത്തിയത് അക്കാദമിക്കല്‍ ക്വാളിഫിക്കേഷന്റെ കുറവായിരുന്നു. ഭാരതത്തിന്റെ സര്‍വകലാശാലകള്‍ എന്നും വേദോപനിഷത്തുക്കളില്‍ ഊന്നിനിന്നുകൊണ്ടുള്ള ഗുരുകുലസമ്പ്രദായത്തില്‍ പാരമ്പര്യമായ ജ്ഞാനമാണ് പകര്‍ന്നുകൊടുത്തിരുന്നത്. അത് മറികടക്കാന്‍ ആചാരാനുഷ്ഠാനങ്ങളുടെ പാരമ്പര്യമോ ആത്മീയാചരണത്തിന്റെ പിതൃത്വമോ പറയാനില്ലാത്ത ഒരുവിഭാഗം അക്കാദമിക്കല്‍ ക്വാളിഫിക്കേഷന്റെ വിശേഷം പലവുരു ആവര്‍ത്തിച്ച് മഹത്ത്വവത്കരിക്കാന്‍ ശ്രമിക്കുകയാണ്. എന്തുകൊണ്ടാണ് അപൂര്‍വം ബ്രാഹ്മണര്‍ക്ക് അക്കാദമിക്കല്‍ ക്വാളിഫിക്കേഷന്‍ കുറഞ്ഞതെന്ന് ചിന്തിക്കുക. ബ്രഹ്മജ്ഞാനം എന്നത് കേവലം പുസ്തകങ്ങളിലൂടെ ക്യാപ്‌സൂള്‍ പരുവത്തിലുള്ള ഉത്തരങ്ങള്‍ പഠിച്ച് നേടേണ്ടതല്ല. ആചാര്യസ്ഥാനങ്ങളും മേല്‍ശാന്തിസ്ഥാനങ്ങളും ഒന്നും കേവലം തൊഴിലല്ലെന്ന് തിരിച്ചറിയുക. പിതാമഹന്മാരുടെയും പ്രപിതാ മഹന്മാരുടെയും ഗുരുപരമ്പരകളിലൂടെയും കൈമാറിവരുന്ന മഹത്‌സാധനയുടെ ബാക്കിപത്രങ്ങളാണ് ബ്രാഹ്മണര്‍ക്ക് ഈ സ്ഥാനങ്ങള്‍. വേദവ്യാസനെയും വിശ്വാമിത്രമഹര്‍ഷിയെയുമൊക്കെ ഉപമിക്കുമ്പോള്‍ ഒന്ന് ആലോചിക്കണം, അവര്‍ അതിനുവേണ്ടി അനുഷ്ഠിച്ച മാര്‍ഗവും തപശ്ശക്തിയും എന്തായിരുന്നുവെന്ന്. പൂര്‍വ്വജന്മത്തിലെ തപസ്സിന്റെയും ഭഗവത് ചിന്തയുടെയും ബാക്കിപത്രമായിരുന്നു വേദവ്യാസന്റെയും വിശ്വാമിത്രന്റെയും ഒക്കെ പിന്‍ജന്മം. ശ്രീനാരായണഗുരുപോലും പറഞ്ഞത് ഞാന്‍ ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ്. അല്ലാതെ ഞാന്‍ പ്രതിഷ്ഠനടത്തിയതുകൊണ്ട് ബ്രാഹ്മണനാണ് എന്നല്ല. ഗുരുദേവദര്‍ശനങ്ങളും വചനങ്ങളും ശരിയായ അര്‍ഥത്തില്‍ ഗ്രഹിച്ചിരുന്നുവെങ്കില്‍ ഇന്ന് ഇങ്ങനെ ഒരവസ്ഥ സമൂഹത്തിന് വരില്ലായിരുന്നു. ബ്രാഹ്മണന്‍ എന്നാല്‍ ജാതിയാണോ എന്ന ചോദ്യത്തിന് വിവരാവകാശനിയമം അനുസരിച്ച് പൊതുഭരണവകുപ്പില്‍ എഴുതി ചോദിച്ചപ്പോള്‍ അത് ഇവിടെ ലഭ്യമല്ല എന്നും. പട്ടികജാതി പട്ടികവര്‍ഗത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള 'കിര്‍ത്താഡ്‌സി'നോട് ചോദിക്കുന്നതാണ് ഉത്തമം എന്നും മറുപടിവന്നു. ബ്രാഹ്മണരുടെ അസ്തിത്വം അറിയാന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനുവേണ്ടി ഉണ്ടാക്കിയിരിക്കുന്ന സംവിധാനത്തോട് ചോദിക്കണമെന്ന്. ചീഫ് സെക്രട്ടറിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുഭരണവകുപ്പിന് ബ്രാഹ്മണന്‍ എന്നത് ജാതിയാണോ എന്ന് അറിയില്ല. അറിയാമെങ്കില്‍ തന്നെ മറുപടി പറയാനുള്ള ഉറപ്പ് ഇല്ല. അങ്ങനെ എങ്കില്‍ ലക്ഷോപലക്ഷം ബ്രാഹ്മണസമുദായ അംഗങ്ങളുടെ എസ്എസ്എല്‍സി ബുക്കിലെ കാസ്റ്റ് (ജാതി) എന്ന കോളത്തില്‍ മലയാളബ്രഹ്മണന്‍ എന്ന് എഴുതിവച്ചിരിക്കുന്നതിന്റെ സാംഗത്യം എന്താണ്? ബ്രഹ്മത്തെ അറിയുന്നവനാണ് ബ്രാഹ്മണന്‍ എന്ന് വാദിക്കുന്നതിന്റെ പൊരുള്‍ എന്താണ്? ജനിക്കുമ്പോള്‍ത്തന്നെ അവര്‍ക്ക് ബ്രഹ്മത്തെ അറിയാനുള്ള സാങ്കേതികവിദ്യ ഉണ്ടോ ? ഏത് ജാതിയില്‍പ്പെട്ടയാള്‍ക്കും ഇന്റര്‍വ്യൂവിലും എഴുത്ത് പരീക്ഷയിലും ജയിച്ചാല്‍ ബ്രാഹ്മണനാകാമോ ? എങ്കില്‍ ബ്രാഹ്മണസമൂഹത്തിന് സര്‍ക്കാരും സമൂഹവും നല്‍കിയിരിക്കുന്ന ഉന്നതകുലജാതന്‍ എന്ന നെറ്റിപ്പട്ടം എടുത്തുകളഞ്ഞ് സംവരണത്തിന്റെ ആനുകൂല്യം ഉറപ്പാക്കുമോ? ഇങ്ങനെ ഒരായിരം ചോദ്യങ്ങളുണ്ട്. ബ്രാഹ്മണ്യം ഒരുശാന്തി നിയമനംകൊണ്ട് നശിക്കുന്നതല്ല. ഈ കാട്ടുതീയില്‍ വെന്തുരുകാനുള്ളതല്ല ബ്രാഹ്മണ്യമെന്ന് ആരുടെ മുന്നിലും ഉറക്കെ പറയാനുള്ള ആത്മധൈര്യം ഞങ്ങള്‍ നേടി എടുത്തുകഴിഞ്ഞു. ഇനി ബ്രാഹ്മണ്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുകളായിരിക്കണം. ബ്രാഹ്മണ്യം എന്നത് പാണ്ഡിത്യത്തില്‍ കൂടി മാത്രം നേടുന്ന ഒന്നല്ല. ആഗമശാസ്ത്രവിധി പ്രകാരം ജനിച്ച് ജീവിക്കുന്നവനും ഷോഡശസംസ്‌കാരം ഉള്‍ക്കൊള്ളുന്നവനുംകൂടി ആയിരിക്കണം ബ്രാഹ്മണന്‍. ആഗമശാസ്ത്രവിധിപ്രകാരം മാത്രം ആയിരിക്കണം ക്ഷേത്രശാന്തിക്കാരുടെ നിയമനം, ഇത് സുപ്രീം കോടതിവിധിയാണ്. ആധാനം തനയസ്യപുംസവവിധിഃ സീമന്ത ജാതാഹ്വയൌ നിഷ്‌ക്രാമോളന്നവിധിഃ ക്ഷുരോപ നയനേ ത്രീണീ വ്രതാനിക്രമാത് ഗോദാനം ച സമാപനം വ്രതവിധേഃ പാണിഗ്രഹോളഗ്ന്യാഹിതിര്‍ - വ്വിപ്രാദേര്‍വ്വി ഹിതാശ്രുതൌ നിഗദിതാഃ കാര്യാഃ ക്രിയാഃ ഷോഡശഃ 1) ഗര്‍ഭാധാനം, 2) പുംസവനം, 3) സീമന്തം, 4) ജാതകര്‍മം, 5) നാമകരണം, 6)വാതില്‍പുറപ്പാട്, 7) ചോറൂണ്, 8) ചൗളം, 9) ഉപനയനം, 10) ആണ്ട്വ്രതം, 11) മഹാവ്രതം 12) ഉപനിഷദ്വ്രതം, 13) ഗോദാനം, 14) സമാവര്‍ത്തനം, 15) വിവാഹം, 16) അഗ്ന്യാധാനം എന്നീ സംസ്‌കാരങ്ങളിലൂടെ കടന്നുവന്ന് ആഗമശാസ്ത്രവിധികള്‍ക്കനുസരിച്ച് ജനിച്ച് ജീവിക്കുന്നവനായിരിക്കണം ബ്രാഹ്മണന്‍. അല്ലാതെ ഏതെങ്കിലും ഒരു എഴുത്ത് പരീക്ഷയില്‍ ഉന്നതവിജയം നേടിയതുകൊണ്ടോ ഇന്റര്‍വ്യൂവില്‍ മികവ് തെളിയിച്ചതുകൊണ്ടോ ബ്രാഹ്മണനാകാന്‍ കഴിയില്ല. ബ്രാഹ്മണ്യം എന്നത് തലമുറകളിലൂടെ കൈമാറിവരുന്ന സമര്‍പ്പണമാണ്. അത് അറിഞ്ഞും അനുഭവിച്ചും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ അനേകായിരം ബ്രാഹ്മണര്‍ ഇവിടെ ഉണ്ട്. അവര്‍ക്ക് ഇത് ആത്മീയമായ സപര്യയാണ്. സ്വന്തം വിശപ്പ് അടക്കാന്‍ വകയില്ലെങ്കിലും ഭഗവാനുള്ള നിവേദ്യം കൊടുക്കാന്‍ ആഗ്രഹിച്ച് ഒരു കദളിപ്പഴം എങ്കിലും ഭഗവാന് നിവേദിക്കാന്‍ ആഗ്രഹിച്ച് പൂജാദികാര്യങ്ങള്‍ ഒരു വ്രതംപോലെ കൊണ്ടുനടക്കുന്ന ബ്രാഹ്മണരുടെ ശബ്ദമാണ് ഇത്. ഗായത്രീമന്ത്രജപത്തിന്റെ ധ്വനികള്‍ മാത്രം ഉരിയാടിയിരുന്ന ഒരായിരം നാവുകള്‍ ഇനി ഈ അനീതിക്കെതിരെ ഒന്നിക്കുകയാണ്. ഞങ്ങള്‍ക്കും സംവരണം അനുവദിക്കണം. ഞങ്ങള്‍ ന്യൂനപക്ഷമാണ്, സാമ്പത്തികഭദ്രത ഇല്ലാത്തവരാണ്. കുലത്തൊഴിലുപോലും നഷ്ടപ്പെട്ടവരാണ്. അതിനാല്‍ ഞങ്ങള്‍ക്കും സംവരണം അനുവദിച്ചേ മതിയാകൂ. ഒരു കൈയിലെ വിരലില്‍ എണ്ണാവുന്ന ലക്ഷങ്ങള്‍ മാത്രം അംഗബലമുള്ള പല സംഘടനകളും ഒറ്റക്കെട്ടായിനിന്ന് അവരുടെ ആവശ്യങ്ങള്‍ നേടി എടുക്കുകയും അധികാരസ്ഥാനങ്ങളെ വരച്ചവരയില്‍ നിര്‍ത്തുകയും ചെയ്യുമ്പോള്‍, നമ്മള്‍, രണ്ടു കൈയിലുമുള്ള വിരലുകള്‍കൊണ്ട് എണ്ണിത്തീര്‍ക്കാന്‍ പറ്റാത്ത അംഗബലമുള്ള സംവരണേതര വിഭാഗം പലകാരണങ്ങള്‍ പറഞ്ഞ് ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറകെ പോകാതെ ഒറ്റക്കെട്ടായി നിന്നാല്‍ നമുക്ക് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വത്വം തിരിച്ച് നേടാന്‍ കഴിയും. സംവരണേതര വിഭാഗങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് ഒരു രാഷ്ട്രീയ ശക്തിയായി മാറുക. വോട്ട് ബാങ്കായി മാറുക. ഗായത്രീമന്ത്രത്തിന്റെ ഹോമാഗ്നിയില്‍ നിന്ന് സര്‍വ്വ ഊര്‍ജവും ചൈതന്യവും ഉള്‍ക്കൊണ്ട് ഉദിച്ചുയരുക, അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തുക. ന്യായമായ മാര്‍ഗത്തിലൂടെ പ്രജാക്ഷേമം മാത്രം ലക്ഷ്യം വയ്ക്കുന്ന ഭരണകര്‍ത്താക്കള്‍ക്കും പശുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും സമസ്തചരാചരങ്ങള്‍ക്കും സൗഖ്യം ഉണ്ടാകട്ടെ- ഇതായിരുന്നു ഞങ്ങളുടെ പ്രാര്‍ഥന.