സോളാര്‍ വെളിച്ചത്തിലും ഇരുട്ടില്‍ തപ്പുന്നോ?

Thursday 19 October 2017 9:11 pm IST

സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം പത്ത് യുഡിഎഫ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. ഇടതു-വലതുമുന്നണികള്‍ പ്രത്യക്ഷത്തില്‍ ശത്രുത ഭാവിക്കുകയും തമ്മിലടിക്കുകയും ചെയ്യുമ്പോഴും അത് അധികാരം നേടാന്‍ മാത്രമാണ്. ഒരിക്കല്‍ അധികാരം കിട്ടിക്കഴിഞ്ഞാല്‍ ഇരുമുന്നണികളെയും നയിക്കുന്നത് ഒരേ സ്ഥാപിത താല്‍പര്യങ്ങളാവും. താന്താങ്ങളുടെ ഭരണകാലത്തെ അഴിമതികള്‍ തേച്ചുമായ്ച്ചുകളയുക ഇരുകൂട്ടരുടെയും പതിവുപരിപാടിയാണ്. പിണറായി പ്രതിയായ എസ്എന്‍സി ലാവ്‌ലിന്‍ അഴിമതി, കെ.എം.മാണി ആരോപണവിധേയനായ ബാര്‍ കോഴ എന്നീ കേസുകള്‍ ഇതിനു തെളിവാണ്. സോളാര്‍ കേസില്‍ ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രതീതി പിണറായി സൃഷ്ടിച്ചതാണ് ആശ്ചര്യത്തിന് ഇടയാക്കിയത്. എന്നാലിപ്പോള്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി അറിയാവുന്ന ജനങ്ങള്‍ സംശയിച്ചതുപോലെയാണ് ഇക്കാര്യത്തിലും സ്ഥിതിഗതികളെന്ന് കരുതേണ്ടിയിരിക്കുന്നു. സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രമുഖ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നാണ് പിണറായി പ്രഖ്യാപിച്ചത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണ ഉത്തരവ് ഇറങ്ങിയിട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വെളിപ്പെടുത്താതെ അതിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണം പ്രഖ്യാപിച്ചതിന്റെ വൈരുദ്ധ്യം ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം പിണറായി നിരസിക്കുകയും ചെയ്തു. അന്വേഷണം തുടങ്ങണമെങ്കില്‍ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറണം എന്നിരിക്കെ, നിയമസഭയില്‍ മാത്രമേ റിപ്പോര്‍ട്ട് വയ്ക്കൂ എന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്. ഇതിനായി നവംബര്‍ ഒന്‍പതിന് സഭ സമ്മേളിക്കുകയുമാണ്. അപ്പോള്‍ ഇതിനുശേഷമേ അന്വേഷണം തുടങ്ങൂവെന്നര്‍ത്ഥം. കേസെടുത്ത് അന്വേഷിക്കുമെന്ന് പിണറായി പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നാണ് കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചത്. അന്വേഷണം തുടങ്ങാന്‍ വൈകുന്നത് ഇവര്‍ ആയുധമാക്കും. ഇതിനകം തന്നെ, ആരോപണവിധേയനായ മുന്‍ അന്വേഷണ സംഘത്തലവന്‍ ഡിജിപി: എ. ഹേമചന്ദ്രന്‍ തന്റെ 'നിരപരാധിത്വം' തെളിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിക്കഴിഞ്ഞു. മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ എഡിജിപി പത്മകുമാറും വിയോജിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് മാത്രമേ വയ്ക്കൂ എന്ന് വാശിപിടിക്കുന്ന പിണറായിയും ഇടതുമുന്നണി സര്‍ക്കാരും അതുവഴി ആരോപണ വിധേയര്‍ക്ക് നിയമപോരാട്ടത്തിന് സാവകാശം നല്‍കുകയാണോ? സഭയുടെ മേശപ്പുറത്തു വയ്ക്കാതെയാണ് മാറാട് കൂട്ടക്കൊല കേസിന്റെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് അന്നത്തെ സര്‍ക്കാര്‍ പുറത്തുവിട്ടതെന്ന് ഇവിടെ ഓര്‍ക്കാവുന്നതാണ്. സിപിഎം-കോണ്‍ഗ്രസ് വിശാലസഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കെ, രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയുള്ള വിലപേശലിനുവേണ്ടിയാണോ എല്‍ഡിഎഫ് സര്‍ക്കാര്‍ സോളാര്‍ കേസില്‍ കരുക്കള്‍ നീക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു.