വിമാന ഇന്ധനവുമായി ടാങ്കര്‍ ലോറി മറിഞ്ഞു

Thursday 19 October 2017 9:08 pm IST

അമ്പലപ്പുഴ: വിമാന ഇന്ധനം കയറ്റി വന്ന ടാങ്കര്‍ ലോറി തലകീഴായി മറിഞ്ഞ് ഇന്ധനം ചോര്‍ന്നു, വന്‍ ദുരന്തം ഒഴിവായി. ഒരാള്‍ക്ക് നിസ്സാര പരിക്ക്. ദേശീയ പാതയില്‍ പുറക്കാട് പുത്തന്‍നട ജങ്ഷന് സമീപം ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പെരുമ്പാവൂര്‍ അമ്പലമുകള്‍ ഭാരത് പെട്രോളിയം കമ്പനിയില്‍ നിന്ന് വിമാന ഇന്ധനവും കയറ്റി തിരുവനന്തപുരത്തേക്ക് പോയ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. ദേശീയപാതക്ക് കിഴക്കുഭാഗത്തായി ലോറി തലകീഴായി മറിഞ്ഞതോടെ ഒരു ഭാഗം തകര്‍ന്ന് ഇന്ധനം ചോരാന്‍ തുടങ്ങി. അഞ്ച് അറകളിലായി ആകെ 25,000 ലിറ്റര്‍ ഇന്ധനമാണ് ഉണ്ടായിരുന്നത്. മറ്റ് അറകളിലെ ഇന്ധനം കൂടി ചോര്‍ന്നതോടെ പ്രദേശമാകെ ഭീതിയിലായി. അമ്പലപ്പുഴ പോലിസ് നിര്‍ദ്ദേശിച്ചതനുസരിച്ച് കെഎസ്ഇബി ജീവനക്കാര്‍ സമീപത്തെ ട്രാന്‍സ്‌ഫോര്‍മറുകളിലെ വൈദ്യുതി ബന്ധം വിചേ്ഛദിക്കുകയും, നാട്ടുകാരെ ഉണര്‍ത്തി ജാഗ്രതാ നിര്‍ദ്ദേശവും നല്‍കി. കഴിയുന്നതും ടാങ്കര്‍ ലോറി നീക്കം ചെയ്യുന്നതു വരെ വീടുകളില്‍ ഭക്ഷണം പാചകം ചെയ്യുവാന്‍ ഗ്യാസ് ഉള്‍പ്പെടെ ഉപയോഗിക്കരുത് എന്നായിരുന്നു പ്രധാന നിര്‍ദ്ദേശം. പിന്നീട് ഭാരത് പെട്രോളിയത്തിന്റെയും തകഴി, ഹരിപ്പാട് എന്നിവിടങ്ങളില്‍ നിന്നും നാലു യൂണിറ്റ് ഫയര്‍ഫോഴ്‌സും എത്തി. അമ്പലപ്പുഴ പോലീസ് മൂന്ന് സ്വകാര്യ ക്രയിനുകള്‍ എത്തിച്ച് രാവിലെ എട്ടു മുപ്പതോടെ ലോറി നിവര്‍ത്തുകയായിരുന്നു. ലോറിയില്‍ നിന്ന് പതിനെട്ട് ലക്ഷം രൂപയുടെ ഇന്ധനം ചോര്‍ന്ന് പോയതായി ഭാരത് പെട്രോളിയത്തിലെ ജീവനക്കാര്‍ പറഞ്ഞു. അമ്പലപ്പുഴ സിഐ ബിജു വി. നായര്‍, എസ്‌ഐ പ്രതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. ദേശീയ പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതവും മുടങ്ങി. അപകടത്തില്‍ പെട്ട ലോറിയില്‍ നിന്ന് മറ്റൊരു ലോറിയിലേയ്ക്ക് പിന്നീട് ഇന്ധനം നീക്കം ചെയ്തു. പരിക്കേറ്റ ലോറി ക്ലീനര്‍ യുപി സ്വദേശി സന്തോഷ് കുമാറിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.