ബൊഫോഴ്‌സ് അന്വേഷണം രാജീവ് അട്ടിമറിച്ചു: ഹെര്‍ഷ്മാന്‍

Thursday 19 October 2017 9:26 pm IST

ന്യൂദല്‍ഹി: ബൊഫോഴ്‌സ് ഇടപാടില്‍ നിന്ന് ലഭിച്ച കോടിക്കണക്കിന് രൂപ താന്‍ ചില വിദേശ അക്കൗണ്ടുകളില്‍ കണ്ടെത്തിയെന്ന് കേസ് അന്വേഷിച്ച സ്വകാര്യ അമേരിക്കന്‍ ഡിറ്റക്ടീവ് ഏജന്‍സി ഫെയര്‍ഫാക്‌സിന്റെ ചെയര്‍മാന്‍ മിഷേല്‍ ജെ.ഹെര്‍ഷ്മാന്‍. തന്റെ അന്വേഷണം തകര്‍ക്കാന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ശ്രമിച്ചിരുന്നതായും ഹെര്‍ഷ്മാന്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഹെര്‍ഷ്മാന്‍ ഇന്ത്യയില്‍ എത്തിയിരുന്നു. ആ സമയത്താണ് അഭിമുഖം നല്‍കിയത്. അഭിമുഖത്തില്‍ നിന്ന്: 87ലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ എന്നെ ഒരന്വേഷണം ഏല്‍പ്പിച്ചത്. വലിയ സ്വാധീനമുള്ളവരുടെ സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടും ബാങ്ക് ഓഫ് ക്രഡിറ്റ് ആന്‍ഡ് കൊമേഴ്‌സ് ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തനവും അന്വേഷിക്കാന്‍ അന്നത്തെ ധനമന്ത്രി വി.പി. സിങ്ങാണ് എന്നെ ഏല്‍പ്പിച്ചത്. ഭൂരെ ലാലായിരുന്നു അന്വേഷണസംഘത്തലവന്‍. അദ്ദേഹത്തിനായിരുന്നു ഞാന്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നത്. നിരവധി സമ്പന്നര്‍ കറന്‍സി ചട്ടങ്ങള്‍ ലംഘിച്ച് വിദേശത്ത് പണം നിക്ഷേപിക്കുന്നുണ്ടായിരുന്നു. അത് അന്വേഷിക്കുകയായിരുന്നു ജോലി. ഒരു ഡസനോളം പേരുടെ പട്ടികയും നല്‍കി. അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ഒരു കോഴക്കേസുമായി ബന്ധപ്പെട്ട തെളിവ് എനിക്ക് ലഭിച്ചു. പക്ഷെ ആ കേസ് എന്റെ അന്വേഷണ പരിധിയില്‍ വരുന്നതായിരുന്നില്ല. അതിനാല്‍, ദശലക്ഷക്കണക്കിന് ഡോളറുകള്‍ ചില അക്കൗണ്ടുകളിലേക്ക് മാറ്റുന്നത് ശ്രദ്ധയില്‍ പെട്ട കാര്യം ഞാന്‍ വി.പി. സിങ്ങിനെയും ഭൂരെ ലാലിനെയും അറിയിച്ചു. വലിയവലിയ തുകകളാണ് അങ്ങനെ മാറ്റിയിരുന്നത്. ആ ഇടപാടുകള്‍ പ്രതിരോധ കരാറുകള്‍ക്കുള്ള കോഴയായിരിക്കാം എന്ന് ഞാന്‍ അവരോട് പറഞ്ഞു. എനിക്ക് അക്കാര്യം അറിയാന്‍ താല്പ്പര്യമുണ്ട്. അതു കൂടി അന്വേഷിക്കൂ എന്നാണ് അപ്പോള്‍ വി പി സിങ്ങ് പറഞ്ഞത്.

  • ആ സമയത്തായിരുന്നു ബൊഫോഴ്‌സ് ഇടപാട്. ബൊഫോഴ്‌സുമായി ബന്ധപ്പെട്ട എന്തെങ്കിലും കണ്ടെത്തിയോ?
സ്വീഡിഷ് ആയുധ നിര്‍മ്മാതാക്കളായ എബി ബൊഫോഴ്‌സ് നല്‍കിയ കോഴയായിരുന്നുവെന്നാണ് എനിക്ക് വിവരങ്ങള്‍ നല്‍കിയിരുന്ന ഒരാള്‍ പറഞ്ഞത്. അതെ ഞാന്‍ അന്വേഷിച്ച ആ പണം ബൊേഫാഴ്‌സ് നല്‍കിയ കോഴയായിരുന്നു. ഇക്കാര്യം ധനമന്ത്രാലയത്തോട് പറഞ്ഞപ്പോള്‍ അവര്‍ ബാങ്ക് ഓഫ് ക്രഡിറ്റ് ആന്‍ഡ് കൊമേഴ്‌സ് ഇന്റര്‍നാഷണലിന്റെ മുംബൈ ബ്രാഞ്ച് റെയ്ഡ് ചെയ്തു. മാനേജര്‍മാരെ ഭൂരെ ലാല്‍ അറസ്റ്റു ചെയ്തു. ബാങ്ക് അടപ്പിച്ചു. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ ബാങ്ക് പ്രസിഡന്റ് ദല്‍ഹിയില്‍ പറന്നെത്തി രാജീവ് ഗാന്ധിയെ കണ്ടു. രാജീവ് മാനേജര്‍മാരെ മോചിപ്പിച്ചു. ബാങ്ക് തുറപ്പിച്ചു.
  • അതിനു ശേഷം എന്തു സംഭവിച്ചു?
വി.പി. സിങ് ഫെയര്‍ഫാക്‌സിനെ അന്വേഷണത്തിന് നിയോഗിച്ചെന്ന് ഈ സംഭവത്തോടെയാണ് രാജീവ് ഗാന്ധി അറിഞ്ഞത്. ഞങ്ങള്‍ ബൊഫോഴ്‌സ് കോഴയും അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെ രാജീവ് ഗാന്ധി അടിയന്തരമായി ഇടപെട്ടു. നിരവധി നടപടികള്‍ എടുത്തു. ഞാനും എന്റെ കമ്പനിയും സിഐഎക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും രാജീവ് ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞു. വിപിസിങ്ങ് എന്നെ അന്വേഷണത്തിന് നിയോഗിച്ച സാഹചര്യം കണ്ടെത്താന്‍ കമ്മീഷനെയും നിയോഗിച്ചു. വിപിസിങ്ങിനെ പുറത്താക്കാന്‍ രാജീവിന് കഴിയുമായിരുന്നില്ല. അതിനാല്‍ സിങ്ങിനെ ധനമന്ത്രായലത്തില്‍ നിന്ന് മാറ്റി പ്രതിരോധ മന്ത്രിയാക്കി. അന്വേഷണം അട്ടിമറിക്കാനായിരുന്നു ഈ മൂന്നു നടപടികളും. അവസാനം അന്വേഷണം നിലച്ചു. മോ ബ്ലായെന്ന പേരിലുള്ള സ്വിസ് ബാങ്ക് അക്കൗണ്ട് ഞങ്ങള്‍ കണ്ടെത്തിയിരുന്നു. സ്വിസ് അധികൃതരുടെ സഹായത്തോടെ ആ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ കെണ്ടത്താമെന്ന് ഞാന്‍ ഭൂരെ ലാലിനോട് പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതില്‍ നിന്ന് ഭൂരെ ലാലിനെ വിലക്കിയിരുന്നു.
  • അന്വേഷണം പൂര്‍ത്തിയാക്കിയോ?
ഇല്ല.
  • രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായിരുന്നോ?
ഉണ്ടായിരുന്നു. 30 വര്‍ഷത്തിനു ശേഷം ഇന്നും ചിലര്‍ അന്വേഷണത്തെ ഭയക്കുന്നു.
  • അന്വേഷണം നിര്‍ത്താന്‍ കോഴ വാഗ്ദാനം ലഭിച്ചോ?
ലഭിച്ചു, മൂന്നു തവണ. രണ്ടു തവണ അന്വേഷണം നിര്‍ത്താന്‍, ഒരു തവണ വി.പി. സിങ്ങിന്റെ പ്രതിഛായ തകര്‍ക്കാന്‍. ചിക്കാഗോയില്‍ വച്ചാണ് ഒരു തവണ വാഗ്ദാനം വന്നത്. പിന്നെ ലണ്ടനില്‍ വച്ച്. കോഴ സ്വീകരിച്ച് അന്വേഷണം നിര്‍ത്തിയില്ലെങ്കില്‍ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അഡ്‌നാന്‍ ഖഷോഗിയും ഒരു സൗദി അറേബ്യന്‍ പണക്കാരനും ചന്ദ്രസ്വാമിയുമാണ് സിങ്ങിന്റെ പ്രതിഛായ തകര്‍ക്കാന്‍ എന്നോടാവശ്യപ്പെട്ടത്. സിങ്ങിന്റെ മകന് കേമാന്‍ ദ്വീപില്‍ നിക്ഷേപമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് എന്നോടാവശ്യപ്പെട്ടത്. അവര്‍ നല്‍കിയ രേഖകള്‍ വാങ്ങി അത് പുറത്തുവിടണമെന്നായിരുന്നു ആവശ്യം. ആ രേഖകളെല്ലാം വ്യാജമാണെന്നായിരുന്നു എനിക്ക് തോന്നിയത്. ഞാന്‍ ആവശ്യം നിരസിച്ചു. അന്നത് ചെയ്തിരുന്നെങ്കില്‍ സിങ്ങിന്റെ പ്രതിഛായ തകരുമായിരുന്നു. ആയുധ വ്യാപാരിയായ ഖഷോഗിക്ക് വലിയ ഒരു പ്രതിരോധ കരാറും ലഭിക്കുമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.