ദീപാവലിക്ക് യോഗി അയോധ്യയില്‍

Thursday 19 October 2017 9:43 pm IST

ലകനൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെ രാമജന്മഭൂമി സന്ദര്‍ശിച്ചു. ദീപാവലി ദിനമായ ഇന്നലെ രാവിലെ അയോധ്യയില്‍ എത്തിയ അദ്ദേഹം അവിടുത്തെ രാം ലാലാ ക്ഷേത്രമടക്കം എല്ലാ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. യുപിയിലെ ഓരോ സ്ഥലത്തിന്റെയും വികസനത്തിന് തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് യോഗി പറഞ്ഞു. താന്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനെ വിമര്‍ശിച്ച പ്രതിപക്ഷത്തെ യോഗി കടന്നാക്രമിച്ചു. അതെന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. ഞാന്‍ ക്ഷേത്രങ്ങളില്‍ പോകുതെന്ന് പറയാന്‍ ആര്‍ക്കുമാവില്ല. അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വൈകിട്ട് അയോധ്യയില്‍ സരയൂ തീരത്ത് വര്‍ണ്ണപ്പകിട്ടേറിയ ദീപാവലി ആഘോഷങ്ങളാണ് യോഗി സംഘടിപ്പിച്ചിരുന്നത്. ശ്രീരാമന്റെയും സീതയുടേയും മറ്റും വേഷം ധരിച്ചെത്തിയവര്‍ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി. അയോധ്യയെ വന്‍ തീര്‍ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള നടപടികളുടെ ഭാഗമായിരുന്നു ആഘോഷങ്ങള്‍. നാനൂറോളം കലാകാരന്മാര്‍ പങ്കെടുത്തു. ഒരു വിവേചനവും ഇല്ലാത്ത, എല്ലാവര്‍ക്കും വീടും വെള്ളവും വൈദ്യുതിയും ഉള്ള രാമരാജ്യം കെട്ടിപ്പടുക്കാനാണ് തന്റെ സര്‍ക്കാരിന്റെയും നരേന്ദ്ര മോദി സര്‍ക്കാരിന്റെയും ശ്രമം. അദ്ദേഹം പറഞ്ഞു.