കിരീടം നിലനിര്‍ത്താന്‍ പാലക്കാട്; തിരിച്ചുപിടിക്കാന്‍ എറണാകുളം

Thursday 19 October 2017 10:16 pm IST

  പാലാ: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ കഴിഞ്ഞ വര്‍ഷം കോഴിക്കോട് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ വച്ച് നേടിയ കിരീടം നിലനിര്‍ത്താന്‍ പാലക്കാട് അരയും തലയും മുറുക്കി പാലായിലെത്തി. അതേസമയം കഴിഞ്ഞ വര്‍ഷം കൈവിട്ട കിരീടം തിരിച്ചുപിടിക്കാനായി എറണാകുളം ജില്ലയും സജ്ജരായിക്കഴിഞ്ഞു. കിരീടം നിലനിര്‍ത്താന്‍ പാലക്കാട് ജില്ലയും തിരിച്ചുപിടിക്കാന്‍ എറണാകുളവും കച്ചകെട്ടിയിറങ്ങുന്നതോടെ പാലായിലെ പുത്തന്‍ ട്രാക്കില്‍ പോരാട്ടം കനക്കും. കഴിഞ്ഞ വര്‍ഷം ഫോട്ടോഫിനിഷിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു പാലക്കാടിന്റെ കിരീടനേട്ടം. മുണ്ടൂര്‍, പറളി, കല്ലടി സ്‌കൂളുകളുടെ കരുത്തിലായിരുന്നു പാലക്കാടിന്റെ കിരീട നേട്ടം. 28 സ്വര്‍ണ്ണവും 25 സ്വര്‍ണ്ണവും 21 വെള്ളിയുമടക്കം 255 പോയിന്റായിരുന്നു കഴിഞ്ഞ വര്‍ഷം പാലക്കാടിന്റെ സമ്പാദ്യം.24 സ്വര്‍ണ്ണവും 31 വെള്ളിയും 20 വെങ്കലവുമടക്കം 247 പോയിന്റുകളാണ് എറണാകുളം നേടിയത്. കോഴിക്കോടിനായിരുന്നു മൂന്നാം സ്ഥാനം. 12 സ്വര്‍ണ്ണവും 8 വെള്ളിയും 7 വെങ്കലവുമടക്കം 101 പോയിന്റാണ് കോഴിക്കോട് കഴിഞ്ഞ വര്‍ഷം നേടിയത്. കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ്, സെന്റ് ജോര്‍ജ് എച്ച്എസ്എസ്, മാതിരപ്പിള്ളി ജിവിഎച്ച്എസ്എസ്, പിറവം മണീട് ജിവിഎച്ച്എസ്എസ് തുടങ്ങിയ സ്‌കൂളുകളിലാണ് എറണാകുളത്തിന്റെ പ്രതീക്ഷ. കോഴിക്കോട് പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത് ഉഷ സ്‌കൂള്‍, പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസ് തുടങ്ങിയ സ്‌കൂളുകളുടെ പ്രകടനത്തിലാണ്. സ്‌കൂളുകളില്‍ തുടര്‍ച്ചയായ നാലാം കിരീടമാണ് മാര്‍ബേസില്‍ ലക്ഷ്യമിടുന്നത്. 14 സ്വര്‍ണ്ണവും 13 വെള്ളിയും എട്ട് വെങ്കലവുമടക്കം 117 പോയിന്റുമായാണ് മാര്‍ബേസില്‍ ഒന്നാമതെത്തിയത്. 15 സ്വര്‍ണ്ണവും 7 വെള്ളിയും 6 വെങ്കലവുടമക്കം 102 പോയിന്റ് നേടിയ പാലക്കാട് കല്ലടി സ്‌കൂള്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഒരു ദശാബ്ദത്തോളം ചാമ്പ്യന്‍ സ്‌കൂള്‍ പട്ടം നേടിയ കോതമംഗലം സെന്റ് ജോര്‍ജ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇത്തവണ പഴയ പ്രതാപം വീണ്ടെടുക്കാനൊരുങ്ങിയാണ് രാജുപോളിന്റെ ശിക്ഷണത്തില്‍ സെന്റ് ജോര്‍ജ് പാലായിലെത്തിയിട്ടുള്ളത്. ആദ്യ ദിനം 18 ഫൈനല്‍ പാലാ: 61-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ ആദ്യ ദിനം 18 ഫൈനലുകള്‍. രാവിലെ 7ന് സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഫൈനലോടെ ആരംഭിക്കുന്ന മീറ്റില്‍ തുടര്‍ന്ന് സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററും നടക്കും. തുടര്‍ന്ന് സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌ക്ക്‌സ്‌ത്രോ, ജൂനിയര്‍ ആണ്‍ ഷോട്ട്പുട്ട്, ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍. ജൂനിയര്‍ പെണ്‍ 3000 മീറ്റര്‍, ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജമ്പ്, സബ്ജൂനിയര്‍ ആണ്‍ ഹൈജമ്പ് എന്നീ മത്സരങ്ങളും ഉച്ചയ്ക്ക് മുന്‍പ് നടക്കും. രാവിലെ 9ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പ്, ജൂനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോ, സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോ എന്നിവയും നടക്കും. ഉച്ചയ്ക്കുശേഷം സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജമ്പ്. തുടര്‍ന്ന് മീറ്റിലെ ഗ്ലാമര്‍ ഇനങ്ങളില്‍ ഒന്നായ 400 മീറ്റര്‍ ഫൈനല്‍ മത്സരങ്ങള്‍. ആദ്യ ദിവസം ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്നതാണ് ആറ് വിഭാഗങ്ങളിലായി നടക്കുന്ന 400 മീറ്റര്‍ ഫൈനലുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.