വന്യജീവി ആക്രമണം നഷ്ടപരിഹാരം പുതുക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Thursday 19 October 2017 9:48 pm IST

കൊച്ചി: വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാര തുക വാര്‍ഷാവര്‍ഷം പുതുക്കി നിശ്ചയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തുക കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. സംസ്ഥാനത്തെ വനാതിര്‍ത്തികളില്‍ റെയില്‍ഫെന്‍സിംഗ് നിര്‍മ്മിക്കണമെന്നും ഇതിനായി ബജറ്റില്‍ പ്രതേ്യകം തുക വകയിരുത്ത ണമെന്നും കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു. ബജറ്റ് വിഹിതം അനുവദിക്കുന്നത് വരെ കിഫ്ബി, നബാര്‍ഡ് വായ്പ തുടങ്ങിയവ പ്രയോജനപ്പെടുത്തി വനാതിര്‍ത്തി മുഴുവന്‍ റെയില്‍ ഫെന്‍സിംഗ് നിര്‍മ്മിക്കണം. റെയില്‍ഫെന്‍സിംഗ് പൂര്‍ത്തിയാകുന്നതുവരെ താത്കാലികമായി ആനപ്രതിരോധ കിടങ്ങുകളും മതിലുകളും സൗരോര്‍ജ കമ്പിവേലികളും നിര്‍മ്മിച്ച് വന്യജീവി ആക്രമണം തടയണം. വന്യജീവി ആക്രമണം മൂലം മരിക്കുന്നവരുടെ അനന്തരാവകാശികള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരതുക കാലതാമസം കൂടാതെ വിതരണം ചെയ്യണം. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് തുക രണ്ട് ലക്ഷമായി ഉയര്‍ത്തണം. എറണാകുളം ജനസംരക്ഷണ സമിതിക്കുവേണ്ടി പൗലോസും ഭാരതീയ ആദിവാസി സേവാകാര്യാലയത്തിനു വേണ്ടി ചെമ്പന്‍കോട് വി. മണികണ്ഠനും സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇടുക്കിയില്‍ ആനയുടെ ശല്യം കാരണം മരണം സംഭവിച്ചതില്‍ കമ്മീഷന്‍ ഉത്കണ്ഠ രേഖപ്പെടുത്തി. വന്യമൃഗങ്ങളുടെ ആക്രമണം തടയാനായി സ്വീകരിച്ച നടപടികള്‍ മൂന്ന് മാസത്തിനകം അറിയിക്കണമെന്ന് കമ്മീഷന്‍ വനം വകുപ്പ് സെക്രട്ടറിക്കും മുഖ്യവനപാലകനും നിര്‍ദ്ദേശം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.