സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് തുടക്കം

Thursday 19 October 2017 10:19 pm IST

 

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ ദീപശിഖ പാലാ കൊട്ടാരമറ്റത്ത് വച്ച് കെ.എം. മാണി എംഎല്‍എ, ഒളിമ്പ്യന്‍ ഷൈനി വില്‍സണ് കൈമാറുന്നു

പാലാ: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് പാലയിലെ പുതിയ സിന്തറ്റിക് ട്രാക്കില്‍ തുടക്കം. ദേശീയ നിലവാരത്തില്‍ നിര്‍മ്മിച്ച ഗീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലാണ് കായിക കൗമാരത്തിന്റെ പുത്തന്‍ താരങ്ങള്‍ വിജയക്കൊടി പാറിക്കാനിറങ്ങുന്നത്. കാല്‍ നൂറ്റാണ്ടിന്റെ ദീര്‍ഘമായ ഇടവേളയ്ക്കുശേഷമാണ് പാലാ സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്.

23ന് അവസാനിക്കുന്ന മേളയില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അണ്ടര്‍ 19, 17, 14 എന്നീവിഭാഗങ്ങളിലായി 95 ഇനങ്ങളില്‍ വിജയികളെ നിര്‍ണയിക്കും. ആദ്യ ദിനം 18 ഫൈനലുകള്‍ നടക്കും. രാവിലെ ഏഴിന് സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ മത്സരത്തോടെ ട്രാക്കുണരും. തൊട്ടുപിന്നാലെ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററും നടക്കും.
മുന്‍ വര്‍ഷങ്ങളിലെല്ലാം സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗങ്ങളിലായിട്ടായിരുന്നു അത്‌ലറ്റിക്മീറ്റ് നടന്നിരുന്നത്. എന്നാല്‍ ഇത്തവണ ഈ രീതിയിലല്ല. പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. 14 വയസിന് താഴെയുള്ള കുട്ടികള്‍ സബ്ജൂനിയറിലും 17 വയസില്‍ താഴയുള്ളവര്‍ ജുനിയറിലും 19 വയസിന് താഴെയുള്ളവര്‍ സീനിയര്‍ വിഭാഗത്തിലും മത്സരിക്കും. 2859 താരങ്ങള്‍ പങ്കെടുക്കുന്ന കായികോത്സവത്തില്‍ 350 ഒഫീഷ്യലുകളും 230 എസ്‌കോര്‍ട്ടിങ് ഒഫീഷ്യലുകകളും എത്തിയിട്ടുണ്ട്.

ഇന്നലെ രാവിലെ ഒമ്പതിന് ജി.വി രാജയുടെ പൂഞ്ഞാറിലെ പനച്ചിക്കപ്പാറയിലെ സ്മൃതി മണ്ഡപത്തില്‍ നിന്നാരംഭിച്ച ദീപശിഖ പ്രയാണം ഇന്ന് സ്‌റ്റേഡിയത്തില്‍ അവസാനിക്കും. കായികതാരങ്ങളുടെ രജിസ്‌ട്രേഷന്‍ പാല സെന്റ് തോമസ് സ്‌കൂളില്‍ പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഹരിത പെരുമാറ്റചട്ടവ്യവസ്ഥകള്‍ കായികാത്സവത്തിന് ബാധകമാണെന്ന് സംഘാടകര്‍ അറിയിച്ചു.

രാവിലെ 9 ന് പൊതുവിദ്യാഭ്യാസ ഡറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. 9.20 ന് വീണ്ടും മത്സരങ്ങള്‍ പുനരാരംഭിക്കും. വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കായികമേളയും പുത്തന്‍ സിന്തറ്റിക് ട്രാക്കും ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, കെ. രാജു, എംഎല്‍എമാരായ ഉമ്മന്‍ ചാണ്ടി, കെ.എം. മാണി, എംപിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.