പോരാട്ടം കടുക്കും

Thursday 19 October 2017 10:27 pm IST

സ്‌പെയിന്‍ ടീം പനമ്പിള്ളി നഗര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പരീശിലനം നടത്തുന്നു

ന്യൂദല്‍ഹി: അണ്ടര്‍ -17 ലോകകപ്പില്‍ ഇനി കടുത്ത പോരാട്ടത്തിന്റെ ദിനങ്ങള്‍. കിരീടം എത്തിപ്പിടിക്കുന്നതിനായി എട്ടു രാജ്യങ്ങള്‍ കൊമ്പുകോര്‍ക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നാളെ തുടങ്ങും.

പ്രീക്വാര്‍ട്ടറിലെ ശക്തമായ വെല്ലുവിളികള്‍ അതീജിവിച്ച് ബ്രസീല്‍, ജര്‍മനി, ഘാന, മാലി, അമേരിക്ക, ഇംഗ്ലണ്ട്, സ്‌പെയിന്‍, ഇറാന്‍ ടീമുകളാണ് അവസാനവട്ടപോരട്ടങ്ങള്‍ക്ക് അര്‍ഹത നേടിയത്.

നാളത്തെ ആദ്യ ക്വാര്‍ട്ടര്‍ഫൈനലില്‍ ആഫ്രിക്കന്‍ ശക്തികളായ ഘാനയും മാലിയും മാറ്റുരയ്ക്കും.ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചിനാണ് മത്സരം.

ഇറാഖിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് മാലി ക്വാര്‍ട്ടറിലെത്തിയത്. ആഫ്രിക്കന്‍ ടീമുകള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ നൈജറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക്് കീഴടക്കിയാണ് ഘാന അവസാന എട്ടില്‍ ഒന്നായത്.

നാളെ നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഗോവയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം.

ഏഷ്യന്‍ ശക്തികളായ ജപ്പാനെ ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ അമേരിക്കയെ നേരിടാന്‍ യോഗ്യത നേടിയത്. അമേരിക്ക പ്രീ ക്വാര്‍ട്ടറില്‍ പരാഗ്വയെ മടക്കമില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

ഇറാന്‍ ടീം എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ പരിശീലനത്തില്‍

ഞായറാഴ്ച കൊച്ചിയില്‍ അരങ്ങേറുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിന്‍ ഇറാനെ നേരിടും.വൈകിട്ട് അഞ്ചിനാണ് ഈ മത്സരം. കൊല്‍ക്കത്തയില്‍ രാത്രി എട്ടിന് നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ ജര്‍മനിയെ എതിരിടും.

ഫ്രാന്‍സിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്‌പെയിന്‍ ക്വാര്‍ട്ടര്‍ ബര്‍ത്ത് സ്വന്തമാക്കിയത്. ഏഷ്യന്‍ ശക്തികളായ ഇറാന്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മെക്‌സികോയെ തോല്‍പ്പിച്ചു.

ഹോണ്ടുറാസിനെ മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയത്. ജര്‍മനി പ്രീ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് കൊളംബിയയെ പരാജയപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.