ഡെങ്കി മരണം: നഗരസഭാ ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് സ്ത്രീ കൂട്ടായ്മ

Thursday 19 October 2017 10:25 pm IST

ചാവക്കാട്: പുന്നയില്‍ വീട്ടമ്മ മരിച്ചത് ഡെങ്കിപ്പനി മൂലമല്ലെന്ന് വാസ്തവ വിരുദ്ധമായ വാര്‍ത്ത നല്‍കി കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ച നഗരസഭാ ചെയര്‍മാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ വീട്ടമ്മമാര്‍ മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. കഴിഞ്ഞ മാസം19ന് ചാവക്കാട് പുന്ന കാര്യാട്ട് അബൂബക്കറിന്റെ ഭാര്യ ഷാജിത(40) ഡെങ്കിപനി മൂലം മരിച്ചിരുന്നു.ഇതിന് രണ്ട് ദിവസം മുന്‍പ് പനി ബാധിച്ച് ഇവര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയിരുന്നു. രക്ത പരിശോധനയ്ക്കു ശേഷം ഇവരോട് മെഡിക്കല്‍ കോളേജില്‍ വിദഗ്ദ ചികിത്സയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നു.തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രണ്ടു ദിവസത്തിനുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു. വീട്ടമ്മയുടെ മരണകാരണം ഡെങ്കിപ്പനിയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.ഇതേ ചൊല്ലി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ വാക്കേറ്റം നടന്നിരുന്നു. നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ അനാസ്ഥയാണ് പനിമരണത്തിന് കാരണമെന്ന് പ്രതിപക്ഷത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഷാഹിത മുഹമ്മദ് ആരോപിച്ചതോടെ ഏതു തരത്തിലുള്ള പനിയാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നായിരുന്നു അന്ന് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ മറുപടി പറഞ്ഞത്. ഇതിനു പിന്നാലെ ഷാജിത മരിച്ചത് ഡെങ്കിപ്പനി മൂലമല്ലെന്ന് നഗരസഭ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്ന് ലഭിച്ച ഡിസ്ചാര്‍ജ്ജ് സമ്മറിയില്‍ മരണകാരണം ഡെങ്കിയാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ഈ സത്യാവസ്ഥ മറച്ചുവെച്ചു കൊണ്ട് ഇത്തരത്തില്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുകയും നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ വീഴ്ചയെ ന്യായീകരിക്കുകയും ചെയ്ത ചെയര്‍മാന്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ജോസ് വളളൂര്‍ പറഞ്ഞു. പി.കെ.അബൂബക്കര്‍ ഹാജി, കെ.കെ.കാര്‍ത്ത്യായനി, ബേബി ഫ്രാന്‍സീസ്, ഷാഹിദ മുഹമ്മദ്, പ്രിയ, ശാന്താ സുബ്രഹ്മണ്യന്‍, എം.എസ്.ശിവദാസ് എന്നിവര്‍ സംസാരിച്ചു.