കോര്‍പ്പറേഷന്‍: മാസ്റ്റര്‍പ്ലാന്‍ അട്ടിമറിച്ചു; പുതുക്കിയ പ്ലാന്‍ വിവാദത്തില്‍

Thursday 19 October 2017 10:26 pm IST

തൃശൂര്‍: നഗരവികസനത്തിനുള്ള മുന്‍ മാസ്റ്റര്‍പ്ലാന്‍ അട്ടിമറിച്ചു. റോഡ് വികസന പദ്ധതികള്‍ ഉള്‍പ്പടെ അട്ടിമറിച്ച് തയ്യാറാക്കിയ പുതിയ പ്ലാന്‍ ഇന്ന് കൗണ്‍സില്‍യോഗത്തില്‍ അവതരിപ്പിക്കും. മാസ്റ്റര്‍പ്ലാനില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള 116 റോഡ് വികസന നിര്‍ദ്ദേശങ്ങളില്‍ നൂറിലധികം റോഡുകളും വീതികുറച്ചുള്ളതാണ് പരിഷ്‌കരിച്ച മാസ്റ്റര്‍പ്ലാന്‍. നഗരാസൂത്രണസമിതിയെ നോക്കുകുത്തിയാക്കി മേയര്‍, ഡെപ്യൂട്ടി മേയര്‍, സി.പി.എം കൗണ്‍സിലര്‍മാര്‍, പ്രതിപക്ഷ നേതാവ് എം.കെ.മുകുന്ദന്‍, എന്നിവര്‍ മാത്രം ചേര്‍ന്ന് തയ്യാറാക്കിയതാണ് പരിഷ്‌കരിച്ച നിര്‍ദ്ദേശങ്ങള്‍. സര്‍ക്കാര്‍ ടൗണ്‍പ്ലാനിങ്ങ് വിഭാഗത്തിലെ വിദഗ്ദര്‍ നാല് വര്‍ഷം കൊണ്ട് വിശദപഠനം നടത്തി. തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനാണ് നടപടിക്രമങ്ങള്‍ പാലിക്കാതേയും ഒരുവിധ വിദഗ്ദജനകീയ ചര്‍ച്ചകളുമില്ലാതെ അട്ടിമറിക്കുന്നത് വന്‍തോതില്‍ നെല്‍പാടങ്ങള്‍ നികത്തുന്നതിന് സഹായകമായ നിര്‍ദ്ദേശങ്ങളും പരിഷ്‌കരിച്ച പദ്ധതിയിലുണ്ടെങ്കിലും 116 റോഡ് വികസന നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് അജണ്ടയില്‍ ചേര്‍ത്തിട്ടുള്ളത്. റിയല്‍ എസ്റ്റേറ്റ്-ഭൂ മാഫിയ ലോബിയുടെ സമ്മര്‍ദ്ദത്തിലാണ് പുതിയ മാസ്റ്റര്‍പ്ലാന്‍ പരിഷ്‌കാര നിര്‍ദ്ദേശങ്ങളെന്ന ആരോപണവും ശക്തമാണ്. ചീഫ് ടൗണ്‍പ്ലാനര്‍ 2012ല്‍ സമര്‍പ്പിച്ച മാസ്റ്റര്‍പ്ലാന്‍ ജനങ്ങളുടെ പാതികളും നിര്‍ദ്ദേശങ്ങളും കേള്‍ക്കാതെയും ചര്‍ച്ചയില്ലാതെയും ഐ.പി.പോള്‍ അധ്യക്ഷനായ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു നല്‍കിയതനുസരിച്ച് സര്‍ക്കാര്‍ അംഗീകരിച്ച് ഗസറ്റ് വിജ്ഞാപനം നടത്തിയതാണ്. അതിനെതിരായ ജനവികാരത്തെ തുടര്‍ന്ന് മാസ്റ്റര്‍പ്ലാന്‍ പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ കോര്‍പ്പറേഷനു അനുമതി നല്‍കിയതാണ്. അതനുസരിച്ച് 502 പരാതികള്‍ ലഭിച്ചെങ്കിലും നിയമപരമായി സാങ്കേതിക കമ്മിറ്റി രൂപീകരിച്ച് പരാതി കേള്‍ക്കലുണ്ടായില്ല. മുഴുവന്‍ റോഡുകളുടേയും വീതി വെട്ടികുറച്ചും പാടങ്ങളെല്ലാം നികത്താന്‍ സോണുകളില്‍ മാറ്റങ്ങള്‍ വരുത്തിയും മാസ്റ്റര്‍പ്ലാന്‍ തന്നെ അട്ടിമറിച്ചുള്ള തീരുമാനം അംഗീകരിക്കാന്‍ ചീഫ് ടൗണ്‍പ്ലാനര്‍ തയ്യാറാകാതെ ഫയല്‍ തിരിച്ചയച്ചു. തുടര്‍ന്ന് രാജന്‍ പല്ലന്‍ മേയറായിരിക്കേ സര്‍ക്കാരില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി മന്ത്രിതലയോഗം 2015ല്‍ കിലയില്‍ ചേര്‍ന്ന് എടുത്ത നിര്‍ദ്ദേശങ്ങളനുസരിച്ച് ടൗണ്‍പ്ലാനിങ്ങ് വിഭാഗം പരിഷ്‌കരിച്ച് കൗണ്‍സിലിന്റെ അംഗീകാരത്തിന് അയച്ച പദ്ധതിയാണ് കൗണ്‍സിലെത്തിയത്. എല്‍.ഡി.എഫ് കൗണ്‍സില്‍ വന്ന ഉടനെ ലഭിച്ച പദ്ധതി നിര്‍ദ്ദേശം 2016 ജൂണില്‍ ജോയ്‌സ് പാലസില്‍ പൊതുജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിച്ചതാണ്. വിദഗ്ദ സാങ്കേതിക സമിതിയുണ്ടാക്കി ജനകീയമായി പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനവുമുണ്ടായി. നഗരാസൂത്രണ കമ്മിറ്റിയെ ഒഴിവാക്കി മേയര്‍ രൂപീകരിച്ച കമ്മിറ്റിതന്നെ മാസ്റ്റര്‍പ്ലാന്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ കൗണ്‍സിലിന് മാത്രമേ നിയമപരമായി അധികാരമുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.