പിണറായിയും ക്ഷേത്രത്തില്‍ : സിപിഎം നയം മാറ്റം ചര്‍ച്ചയാവുന്നു

Thursday 19 October 2017 10:35 pm IST

കണ്ണൂര്‍: കടകംപളളി സുരേന്ദ്രനു പിന്നാലെ പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ക്ഷേത്രത്തില്‍ എത്തിയത് പാര്‍ട്ടിക്കകത്തും പുറത്തും പുതിയ വാദമുഖങ്ങള്‍ തുറന്നു. മതങ്ങളേയും ദൈവ വിശ്വാസത്തേയും പൂര്‍ണ്ണമായും തളളിയ പാര്‍ട്ടി യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് മതവിശ്വാസവും ആരാധനാ സ്വാതന്ത്ര്യവും സംബന്ധിച്ച് ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്നതിന്റെ സൂചനയാണിത്. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച കടകംപളളിയുടെ നടപടി ഏറെ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരുന്നു. വിശ്വാസം, ആരാധനാലയം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തേ പാര്‍ട്ടി ഘടകങ്ങളില്‍ കടുത്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മുത്തപ്പന്‍ വെളളാട്ടം കഴിപ്പിച്ചതിന്റെ പേരില്‍ പാര്‍ട്ടി അംഗത്തെ പുറത്താക്കിയ ചരിത്രം പോലും പാര്‍ട്ടിക്കുണ്ട്. ക്ഷേത്രങ്ങളുടേയും മറ്റും ഭാരവാഹിത്വം ഏറ്റെടുക്കുന്നതിന് സിപിഎം അംഗങ്ങള്‍ക്ക് കടുത്ത വിലക്കുണ്ടായിരുന്നു. എന്നാല്‍ പല ക്ഷേത്രങ്ങളും കയ്യേറി പാര്‍ട്ടി സഖാക്കള്‍ ഭരണം നടത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി. ഇതിന്റെ തുടര്‍ച്ചയാണ് മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ക്ഷേത്ര സന്ദര്‍ശനവും പ്രസാദം സ്വീകരിക്കലും. പാര്‍ട്ടി അംഗങ്ങള്‍ ആരാധനാലയ ഭാരവാഹികളാകുന്നത് നിരുത്സാഹപ്പെടുത്താന്‍ പാലക്കാട് പ്ലീനത്തില്‍ തീരുമാനിച്ചിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, മദ്രസ കമ്മിറ്റിയംഗത്വം എന്നിവയെല്ലാം രാജിവച്ച് ഒഴിയണമെന്നായിരുന്നു പാലക്കാട് പ്‌ളീനത്തെ തുടര്‍ന്ന് പാര്‍ട്ടി നിര്‍ദ്ദേശം. എന്നാല്‍ വിശ്വാസങ്ങള്‍ക്കെതിരായ പാര്‍ട്ടി നിലപാട് വിശ്വാസികള്‍ പാര്‍ട്ടിയെ കൈവിടുന്ന നിലയിലേക്ക് നയിക്കുന്നുവെന്ന തിരിച്ചറിവാണ് നേതാക്കളുടേയും പാര്‍ട്ടിയുടേയും ചുവടുമാറ്റത്തിന് പിന്നില്‍. രണ്ട് വര്‍ഷങ്ങളായി ശബരിമല തീര്‍ഥാടകര്‍ക്കു പാര്‍ട്ടി വിശ്രമസൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്.