അന്ന് തൊഴിലാളികളെ ചതിച്ചു; ഇന്ന് തമ്മിലടിക്കുന്നു

Thursday 19 October 2017 10:45 pm IST

ആലപ്പുഴ: നിസ്സഹായരായ കര്‍ഷക, കയര്‍ തൊഴിലാളികളെ നിറതോക്കുകള്‍ക്ക് മുന്നിലേക്കയച്ച് രക്തസാക്ഷികളെ സൃഷ്ടിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സമരത്തിന്റെ എഴുപത്തിയൊന്നും വാര്‍ഷികം ആചരിക്കുന്നത് തമ്മിലടിച്ച്. പുന്നപ്ര-വയലാര്‍ സമരവാരാചരണം ഇന്നു മുതല്‍ 27 വരെയാണ് സിപിഎമ്മും, സിപിഐയും വിവിധ പരിപാടികളോടെ ആചരിക്കുന്നത്. സിപിഎം അക്രമത്തില്‍ ഗതികെട്ടാണ് സിപിഐ തനിച്ച് പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണം നടത്തുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം സ്ഥിതിചെയ്യുന്ന കഞ്ഞിക്കുഴിയിലാണ് ചേരിതിരിഞ്ഞ് സിപിഎമ്മും സിപിഐയും പരിപാടികള്‍ നടത്തുന്നതെന്നതാണ് ശ്രദ്ധേയം. നുണകള്‍ കൊണ്ടു പടത്തുയര്‍ത്തിയ ചരിത്രമാണ് പുന്നപ്ര-വയലാര്‍ സമരത്തിന്റേത്. സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരായ സമരമാണ് ഇവിടങ്ങളില്‍ നടന്നതെന്നതാണ് പ്രചാരണം. എന്നാല്‍ 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തതിന്റെ നാണക്കേട് മറയ്ക്കാന്‍ പുന്നപ്ര-വയലാര്‍ സമരത്തെ സ്വാതന്ത്യസമരമായി ചിത്രീകരിക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം. പുന്നപ്ര-വയലാര്‍ സംഭവങ്ങള്‍ 1946 ഒക്ടോബറിലാണ്. സ്വതന്ത്ര തിരുവിതാംകൂര്‍ വാദം ഉണ്ടായത് 1947 ലാണ്. ചിത്തിര തിരുനാള്‍ മഹാരാജാവ് തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു വിളംബരം പുറപ്പെടുവിച്ചത് 1947 ജൂണ്‍ 11 നായിരുന്നു. ഇതിനെതിരായി സമരം നടത്തിയതും ഈ വിളംബരം പിന്‍വലിപ്പിച്ചതും സ്റ്റേറ്റ് കോണ്‍ഗ്രസ്സ് ആയിരുന്നു. പുന്നപ്ര-വയലാര്‍ സംഭവകാലത്ത് സ്വതന്ത്ര തിരുവിതാംകൂര്‍ വാദം ഉണ്ടായിരുന്നില്ല. 1946 ഒക്ടോബര്‍ 24ന് പുന്നപ്രയിലും 27ന് വയലാറിലും ഉണ്ടായസംഭവങ്ങള്‍ അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ മാത്രം ഒതുങ്ങിനിന്ന പരാജയപ്പെട്ട ഒരു പണിമുടക്ക് മാത്രമായിരുന്നു. സമര കാലത്ത് തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നേതൃത്വവും എവിടെയായിരുന്നുവെന്ന് ടി.വി. കൃഷ്ണന്‍ എഴുതിയ 'സഖാവ്' എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. പുന്നപ്ര-വയലാര്‍ സമരത്തിന്റെ മുന്നോടിയായ പൊതുപണിമുടക്കിന് രണ്ട് തട്ടുകളായാണ് സമരനേതൃത്വം പ്രവര്‍ത്തിച്ചത്. പത്രോസ്, പി.ജി. പത്മനാഭന്‍, സി.ജി. സദാശിവന്‍, കെ.കെ. കുഞ്ഞന്‍, കെ.സി. ജോര്‍ജ്ജ് ഇവരുള്‍പ്പെട്ട പാര്‍ട്ടി നേതൃത്വം ഒളിവിലും ടി.വി. തോമസ്, സി.കെ. കുമാരപണിക്കര്‍ തുടങ്ങിയവര്‍ വെളിയിലും പ്രവര്‍ത്തിച്ചു. ഒളിവില്‍ പോയ നേതാക്കളെല്ലാം ഈ സമയത്ത് തിരുകൊച്ചി സംസ്ഥാനത്തിന് വെളിയില്‍ കോഴിക്കോട്ടാണ് താമസിച്ചിരുന്നത്. 1946 ഒക്ടോബര്‍ 24ന് പകല്‍ മൂന്നിന് പുന്നപ്ര റിസര്‍വ്വ് പോലീസ് ക്യാമ്പിലേക്ക് ഒരു വിഭാഗം തൊഴിലാളികള്‍ ഇരച്ചു കയറുകയും തുടര്‍ന്ന് കൂട്ടമരണത്തിന് ഇടയാക്കിയ അക്രമവും വെടിവെയ്പ്പും നടക്കുമ്പോള്‍ ടി.വി. തോമസ് ആലപ്പുഴ കടപ്പുറത്തുള്ള റസ്റ്റ് ഹൗസില്‍ കൊല്ലം ഡിഎസ്പി വൈദ്യനാഥ അയ്യരുമായി രഹസ്യ ചര്‍ച്ചയിലായിരുന്നു. ഒക്ടോബര്‍ 27ന് രാവിലെ 11ന് തിരുവിതാംകൂര്‍ പട്ടാളം നാല് ബോട്ടുകളിലായി കായല്‍ വഴി വയലാറില്‍ വന്നിറങ്ങിയ ഉടനെ സി.കെ. കുമാരപണിക്കര്‍ (വയലാര്‍ സ്റ്റാലിനെന്ന് പിന്നീട് പ്രസിദ്ധനായി) സ്ഥലം വിട്ടു. നിസ്സഹായരും, നിരായുധരുമായ പാവം തൊഴിലാളികള്‍ വയലാര്‍ കോയിക്കല്‍ മൈതാനത്തെ ക്യാമ്പില്‍ വെടിയേറ്റ് മരിച്ചു. ചുരുക്കത്തില്‍ നേതാക്കളുടെ ചതിയില്‍പ്പെട്ട് പുന്നപ്രയിലും വയലാറിലും കുറെ നിസ്സഹായരായ പാവങ്ങള്‍ മരിക്കാനിടയായ ദുരന്തമാണ് 1946 ഒക്ടോബര്‍ 24 നും 27 നും സംഭവിച്ചത്.